ഇലക്ടറൽ ബോണ്ടിൽ  തോറ്റതിന് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകളുടെ നെഞ്ചത്തോ? തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ത്?

ഇലക്ടറൽ ബോണ്ടിൽ തോറ്റതിന് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകളുടെ നെഞ്ചത്തോ? തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ത്?

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ വിധി കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും മുഖത്തേറ്റ അടിയായാണ് വ്യാഖ്യാനിക്കപ്പെട്ടത്

'തിരഞ്ഞെടുപ്പ് അടുക്കുന്നു, പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു'.

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെയും യുവജന സംഘടനയായ യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതി വകുപ്പ് നടപടിയ്‌ക്കെതിരെ ഉയരുന്ന മുദ്രാവാക്യമാണിത്. ലഭിച്ച ഫണ്ടുകള്‍ക്ക് അനുസരിച്ച ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന് ആരോപിച്ചാണ് ഇരു സംഘടനകളുടെയും നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. വിമർശനങ്ങൾക്കു പിന്നാലെ നടപടി ആദായനികുതി വകുപ്പ് റദ്ദാക്കിയിരിക്കുകയാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് സ്വീകരിക്കുന്നതിന് കൊണ്ടുവന്ന ഇക്ടറല്‍ ബോണ്ട് സംവിധാനം സുപ്രീം കോടതി റദ്ദാക്കിയതിന്റെ പിറ്റേദിവസമാണ് കോണ്‍ഗ്രസിനെതിരെ ആദായ നികുതി വകുപ്പിന്റെ നീക്കം. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ വിധി കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും മുഖത്തേറ്റ അടിയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഈ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസിനെതിരെ ആദായ നികുതി വകുപ്പ് നടത്തുന്ന നീക്കമെന്നാണ് ഉയരുന്ന വിമര്‍ശം.

ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്ന ഹാഷ് ടാഗോടെയാണ് കോണ്‍ഗ്രസ് പുതിയ സംഭവത്തെ വിമർശിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയ നടപടിയ്ക്ക് സര്‍ക്കാര്‍ തിരിച്ചടിച്ചിരിക്കുന്നുവെന്നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയോട് പ്രതികരിച്ചത്.

മോദിയുടെ ഭീഷണികളെ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്നാണ് രാഹുല്‍ ഗാന്ധി ആദായ നികുതി വകുപ്പ് നടപടിയോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് നിലകൊള്ളുന്നത് സമ്പത്തിന്റെ കരുത്തിലല്ല, ജനങ്ങളുടെ കരുത്തിലാണ്. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാന്‍ ഒരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നിലകൊള്ളും. സ്വേച്ഛാധിപത്യത്തിന് മുന്നില്‍ തങ്ങള്‍ ഒരിക്കലും തലകുനിച്ചിട്ടില്ല, ഇനിയും അതിന് തയാറല്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിപക്ഷ പാര്‍ട്ടികളെ ഞെരുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ആദായ നികുതി വകുപ്പിന്റെ നടപ്പടി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപത്തെ ശക്തമാക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ ഡി)നെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന ആക്ഷേപം നിലവിൽ ശക്തമാണ്.

ക്രൗഡ് ഫണ്ടിങ് വഴി കോണ്‍ഗ്രസ് സ്വീകരിച്ച ഫണ്ടുകളുള്ള നാല് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് മരവിച്ചത്. ആദായനികുതി അടയ്ക്കാന്‍ 45 ദിവസം വൈകിയതിനാലാണ് നടപടി. 210 കോടി രൂപ ഈടാക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് അജയ് മാക്കന്‍ ആരോപിച്ചു. 2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തത് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് നടപടി.

പാര്‍ട്ടിയുടെ ആവശ്യത്തിനായ നല്‍കിയ ചെക്കുകള്‍ ബാങ്ക് സ്വീകരിക്കാതെ വന്നപ്പോഴാണ് പാര്‍ട്ടിയുടേയും പാര്‍ട്ടിയുടെ യുവജന വിഭാഗമായ യൂത്ത് കോണ്‍ഗ്രസിന്റേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി കഴിഞ്ഞ ദിവസം കണ്ടെത്തിയതെന്നാണ് പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. ഈ നടപടി പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുമെന്നും അജയ് മാക്കന്‍ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ചെലവുകള്‍ക്കും കറന്റ് ബില്‍ അടയ്ക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ന്യായ് യാത്രയെ മാത്രമല്ല, പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുമെന്നും അജയ് മാക്കന്‍ ചൂണ്ടിക്കാട്ടുന്നു.

ഇതു കോണ്‍ഗ്രസിന് കോര്‍പ്പറേറ്റ് ബോണ്ട് വഴി ലഭിച്ച പണമല്ല, ജനങ്ങള്‍ നല്‍കിയ പണമാണെന്നാണ് അജയ് മാക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി സ്വന്തമാക്കിയ 5200 കോടി രൂപ എന്തിന് വിനിയോഗിച്ചെന്ന് വെളിപ്പെടുത്തണമെന്ന കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇലക്ടറല്‍ ബോണ്ട് വഴി കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ വിശദാംശങ്ങള്‍ എസ്ബിഐ പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഒന്നാം മോദി സര്‍ക്കാര്‍ അഭിമാന പദ്ധതിയായി അവതരിപ്പിച്ച സംവിധാനമായിരുന്നു ഇലക്ടറല്‍ ബോണ്ടുകള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കുന്നതില്‍ സുതാര്യത ഉറപ്പാക്കുക, കള്ളപ്പണം തടയുക എന്നീ വാദങ്ങള്‍ ഉയർത്തിയായിരുന്നു കേന്ദ്രം ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിച്ചത്. ഇതുമുഖേന ഏറ്റവും അധികം ഫണ്ട് സ്വീകരിച്ചതും ബിജെപി ആയിരുന്നു.

കോണ്‍ഗ്രസും ക്രൗഡ് ഫണ്ടിങ്ങും

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ് പ്രഖ്യാപിച്ചത്. ദേശത്തിനായി സംഭാവന ചെയ്യൂ (Donate for Desh) എന്ന ആഹ്വാനത്തോടെ ഡിസംബര്‍ 18നാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഏറ്റവും കുറഞ്ഞത് 138 രൂപയാണ് സംഭാവനയായി സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ 138 വര്‍ഷത്തെ ചരിത്രത്തോടുള്ള ആദരസൂചകമായാണ് ഈ തുക നിശ്ചയിച്ചത്.

logo
The Fourth
www.thefourthnews.in