60 മണിക്കൂര്‍; ബിബിസി ഓഫീസുകളിലെ പരിശോധന അവസാനിച്ചു

60 മണിക്കൂര്‍; ബിബിസി ഓഫീസുകളിലെ പരിശോധന അവസാനിച്ചു

ബിബിസി ഇന്ത്യ ഓഫീസിലെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വേയാണ് നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്

ബിബിസിയുടെ ഡല്‍ഹി മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തികൊണ്ടിരിക്കുന്ന പരിശോധന അവസാനിപ്പിച്ചു. ചൊവ്വാഴ് ച രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന 60 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് വ്യാഴാഴ്ച രാത്രി പത്തരയോടെ അവസാനിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം രണ്ട് ഓഫീസിലും ഉണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥര്‍ മടങ്ങി. ബിബിസി ഇന്ത്യ ഓഫീസിലെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വ്വേയാണ് നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. പരിശോധനയ്ക്കിടെ ബിബിസിയിലെ ജീവനകാര്‍ക്ക് ഓഫീസ് വിടാന്‍ അനുമതി നില്‍കിയെങ്കിലും സ്ഥാപനത്തിലെ ധനകാര്യ വിഭാഗം ജീവനക്കാരോട് ഓഫീസില്‍ തുടരാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. കുറഞ്ഞത് 10 മുതിര്‍ന്ന ജീവനക്കാരെങ്കിലും ആദായനികുതി വകുപ്പിന്റെ സര്‍വേ ആരംഭിച്ചതിനുശേഷം ഓഫീസുകളില്‍ നിന്ന് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര നികുതി- കൈമാറ്റ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണത്തിലായിരുന്നു ആദായ നികുതി വകുപ്പിന്റെ അന്വേഷണം.

ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ നടത്തിയ പരിശോധനകളില്‍ രേഖകളും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തതായി സൂചന ലഭിച്ചിരുന്നു. അന്താരാഷ്ട്ര നികുതി- കൈമാറ്റ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണത്തിലായിരുന്നു ആദായ നികുതി വകുപ്പിന്റെ അന്വേഷണം. ബിബിസി ഓഫീസുകള്‍ സീല്‍ ചെയ്യുകയും ജീവനക്കാരോട് വിവരങ്ങള്‍ മറ്റാരുമായി പങ്കുവെക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നികുതി ഉദ്യോഗസ്ഥര്‍ പിന്നീട് ബിബിസി ഓഫീസുകളിലേത് റെയ്ഡല്ലെന്നും സര്‍വേയാണെന്നും പിടിച്ചെടുത്ത ഫോണുകള്‍ തിരിച്ചു നല്‍കുമെന്നും പിന്നീട് അറിയിക്കുകയും ചെയ്തിരുന്നു.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ''ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് പരിശോധന. ജനുവരി 18നാണ് ബിബിസി അന്വേഷണത്മക ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടന്‍ നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയായിരുന്നു ഡോക്യുമെന്ററി. തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.ജനുവരി 21ന്, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് വിവാദ ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്കുകളും ട്വിറ്റര്‍ പോസ്റ്റുകളും വീഡിയോകളും തടയാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ബിബിസിയെ പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.

logo
The Fourth
www.thefourthnews.in