ട്രെയിൻ മുന്നോട്ടെടുത്തത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി; 
സിഗ്നൽ സംവിധാനത്തിൽ പിഴവ് കണ്ടെത്തി

ട്രെയിൻ മുന്നോട്ടെടുത്തത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി; സിഗ്നൽ സംവിധാനത്തിൽ പിഴവ് കണ്ടെത്തി

ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചത് 275 പേരെന്ന് ഒഡിഷ സര്‍ക്കാര്‍

ഒഡിഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി കോറമണ്ഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ്. ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷമാണ് ട്രെയിൻ മുന്നോട്ടെടുത്തതെന്ന് ലോക്കോ പൈലറ്റ് മൊഴി നൽകി. പരുക്കേറ്റ് ചികിത്സയിലിരിക്കുന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ വിശദാംശങ്ങൾ റെയിൽവെ ബോര്‍ഡ് ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് അം​ഗം ജയ വര്‍മ സിൻഹയാണ് പങ്കുവച്ചത്.

ട്രെയിൻ മുന്നോട്ടെടുത്തത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി; 
സിഗ്നൽ സംവിധാനത്തിൽ പിഴവ് കണ്ടെത്തി
'ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ മാറ്റം', ബാലസോർ അപകട കാരണം തിരിച്ചറിഞ്ഞെന്ന് റെയില്‍വേ മന്ത്രി

പാതയിലൂടെ അനുവദനീയമായ വേഗത മണിക്കൂറിൽ 130 കി.മിയാണ്. കോറമണ്ഡൽ എക്സ്പ്രസ് 128 കി.മി വേഗതയിലും യശ്വന്ത്പൂർ-ഹൗറ സൂപ്പര്‍ഫാസ്റ്റ് മണിക്കൂറിൽ 126 കിലോമീറ്റര്‍ വേഗതയിലുമാണ് സഞ്ചരിച്ചിരുന്നതെന്ന് റെയിൽവെ ബോര്‍ഡ് അംഗം വിശദീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ സിഗ്നല്‍ സംവിധാനത്തിൽ ചില പ്രശ്നങ്ങൾ റെയിൽവെ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കമ്മീഷണറുടെ വിശദമായ റിപ്പോര്‍ട്ടിനായി റെയിൽവെ കാത്തിരിക്കുകയാണെന്നും ജയ വര്‍മ സിൻഹ അറിയിച്ചു.

ട്രെയിൻ മുന്നോട്ടെടുത്തത് ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി; 
സിഗ്നൽ സംവിധാനത്തിൽ പിഴവ് കണ്ടെത്തി
ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങള്‍ ഭൂരിഭാഗവും പാളം തെറ്റിയുള്ളത്; അറ്റകുറ്റപ്പണിയില്ല, ഫണ്ട് അനുവദിക്കുന്നതിലും പിഴവ്

കോറമണ്ഡൽ എക്സ്പ്രസ് മാത്രമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റെയിൽവെ ബോര്‍ഡ് അംഗം വിശദീകരിക്കുന്നത്. ചരക്കുതീവണ്ടി പാളം തെറ്റിയിട്ടില്ല. കോറമണ്ഡൽ എക്സ്പ്രസ് ചരക്കുതീവണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചരക്കുതീവണ്ടിയിൽ ഇരുമ്പ് അടക്കമുള്ള വസ്തുക്കളായതിനാൽ അപകടത്തിന്റെ ആഴം കൂട്ടി. കോറമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികൾ സമീപത്തെ ട്രാക്കിലൂടെ പോയ യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റിന്റെ അവസാന രണ്ട് ബോഗികളിൽ ഇടിച്ചു. ഇതാണ് അപകടത്തിന്റെ യഥാര്‍ഥ ചിത്രമെന്നാണ് റെയിൽവെ വിശദീകരണം.

തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ സുരക്ഷാ സംവിധാനമായ 'കവചി'ന്റെ പ്രവര്‍ത്തനത്തിലെ പിഴവാണ് ദുരന്തത്തിന് കാരണമെന്ന ആരോപണം ജയ വര്‍മ സിൻഹ തള്ളി. കവച് ഉണ്ടായിരുന്നെങ്കിലും പാളം തെറ്റിയുള്ള അപകടം തടയാനാകില്ലായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. കവചിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം അപകടത്തില്‍ മരിച്ചത് 275 പേരാണെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അറിയിച്ചു. 288 പേര്‍ മരിച്ചുവെന്ന കണക്ക് തെറ്റാണെന്ന് ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി. മൃതദേഹങ്ങളെണ്ണുന്നതിൽ പിഴവുണ്ടായതാണ് അവ്യക്തതയ്ക്കിടയാക്കിയതെന്നാണ് വിശദീകരണം. മരിച്ച 78 പേരെ ഇതുവരെ തിരിച്ചറിഞ്ഞ് മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി. 170 മൃതദേഹം ബാലസോറിൽ ഭുവനേശ്വറിലേക്ക് മാറ്റിയതായും ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. www.srcodisha.nic.in, www.bmc.gov.in എന്നീ വെബ് സൈറ്റുകളില്‍ മരിച്ചവരുടെ ചിത്രങ്ങൾ ലഭ്യമാക്കും. ഇതുവഴി കൂടുതൽപേരെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in