'നിഷ്പക്ഷത പാലിക്കുക, വര്‍ഗീയ വിദ്വേഷത്തിന് സഹായിക്കാതിരിക്കുക'; മെറ്റയ്ക്കും ഗൂഗിളിനും കത്തയച്ച്‌ 'ഇന്ത്യ'

'നിഷ്പക്ഷത പാലിക്കുക, വര്‍ഗീയ വിദ്വേഷത്തിന് സഹായിക്കാതിരിക്കുക'; മെറ്റയ്ക്കും ഗൂഗിളിനും കത്തയച്ച്‌ 'ഇന്ത്യ'

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്‌ എന്നിവ ബി ജെ പിയോടും നരേന്ദ്ര മോദി സര്‍ക്കാരിനോടും പക്ഷപാതം കാണിക്കുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കത്തയച്ചത്

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും വര്‍ഗീയ വിദ്വേഷങ്ങള്‍ക്ക് വിത്തുപാകരുതെന്നും ആവശ്യപ്പെട്ട്‌ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്ക്കും മെറ്റ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനും കത്തയച്ച് പ്രതിപക്ഷകക്ഷികളുടെ സഖ്യമായ ഇന്ത്യ മുന്നണി. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്‌ എന്നിവ ബി ജെ പിയോടും നരേന്ദ്ര മോദി സര്‍ക്കാരിനോടും പക്ഷപാതം കാണിക്കുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കത്തയച്ചത്.

വാഷിങ്ടണ്‍ പോസ്റ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഗൗരവമായി പരിഗണിക്കണമെന്നും മെറ്റയുള്‍പ്പെടെയുള്ള കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തണമെന്നും കത്തില്‍ പറയുന്നുണ്ട്. 'ഇന്ത്യയിലെ സാമൂഹിക അസമത്വങ്ങളും വര്‍ഗീയ വിദ്വേഷവും വളര്‍ത്തുന്നതില്‍ മെറ്റ കുറ്റക്കാരാണെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ സമഗ്രമായ അന്വേഷണങ്ങളില്‍നിന്ന് വളരെ വ്യക്തമാണ്. കൂടാതെ, നിങ്ങളുടെ പ്ലാറ്റ്ഫോമില്‍ പ്രതിപക്ഷ നേതാക്കളുടെ ഉള്ളടക്കത്തെ അല്‍ഗരിതം ഉപയോഗിച്ച് നിയന്ത്രിക്കുന്നതിന്റെ ഡാറ്റയും ഞങ്ങളുടെ പക്കലുണ്ട്,'' എന്നും മെറ്റയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

'നിഷ്പക്ഷത പാലിക്കുക, വര്‍ഗീയ വിദ്വേഷത്തിന് സഹായിക്കാതിരിക്കുക'; മെറ്റയ്ക്കും ഗൂഗിളിനും കത്തയച്ച്‌ 'ഇന്ത്യ'
എല്ലാ പരസ്യങ്ങളും പിൻവലിക്കുമെന്ന് പ്രഖ്യാപനം; കാനഡയിൽ മെറ്റ-സർക്കാർ പോര്

''ഒരു സ്വകാര്യ വിദേശ കമ്പനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടുള്ള നഗ്‌നമായ പക്ഷപാതം ഇന്ത്യയുടെ ജനാധിപത്യത്തില്‍ ഇടപെടുന്നതിന് തുല്യമാണ്, ഇത് ഇന്ത്യന്‍ സഖ്യത്തിലുള്ള ഞങ്ങള്‍ നിസ്സാരമായി കാണുന്നില്ല,'' എന്നും കത്തില്‍ പറയുന്നുണ്ട്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്ക്ക് അയച്ച കത്തില്‍ ബജ്റംഗ്ദള്‍ അംഗവും ഇരട്ടക്കൊലക്കേസ് പ്രതിയുമായ മോനു മനേസറിന്റെ വീഡിയോകള്‍ യുട്യൂബില്‍ പ്രചരിപ്പിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെയിരേ നടത്തുന്ന ആക്രമണങ്ങള്‍ മനേസര്‍ തത്സമയം സംപ്രേഷണം ചെയ്തു. യൂട്യൂബ് അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കിയെന്നും വാഷിങ് ടണിന്റെ ലേഖനത്തില്‍ പറയുന്നതായി ഇന്ത്യ സഖ്യമയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ''കഴിഞ്ഞ ഒക്ടോബറില്‍, 100,00 വരിക്കാരില്‍ എത്തിയതിന് മനേസറിന് യൂട്യൂബില്‍ നിന്ന് 'സില്‍വര്‍ ബട്ടണ്‍' ലഭിച്ചു, ഒരു പശുവിന്റെ അരികില്‍ ഈ ഫലകവുമായി മോനു മനേസര്‍ പോസ് ചെയ്‌തെന്നും ബി ജെ പി അംഗങ്ങളും അനുഭാവികളും യൂട്യൂബ് ഉപയോഗിച്ച് എങ്ങനെയാണ് , വര്‍ഗീയ വിഭജന പ്രചരണം നടത്തുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ ലേഖനം നല്‍കുന്നുണ്ടെന്നും'' ഇന്ത്യന്‍ സഖ്യം കത്തില്‍ പറഞ്ഞു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഒത്തൊരുമയുള്ള ഒരു ഇന്ത്യയ്ക്കായി മെറ്റയും ആല്‍ഫബെറ്റും (ഗുഗിളിന്റെ മാതൃകമ്പനി) ആഗ്രഹിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ഇന്ത്യ സഖ്യമയച്ച കത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in