ആഭ്യന്തര വിതരണം കൂട്ടണം, പ്രാദേശിക വിലക്കയറ്റം നിയന്ത്രിക്കണം; ബസ്മതി ഇതര വെള്ള അരികളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം

ആഭ്യന്തര വിതരണം കൂട്ടണം, പ്രാദേശിക വിലക്കയറ്റം നിയന്ത്രിക്കണം; ബസ്മതി ഇതര വെള്ള അരികളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം

കാലവർഷം വൈകി ആരംഭിച്ചതിനാൽ ഉൽപാദനത്തിൽ കുറവുണ്ടാകുമെന്ന ഭയവും നിരോധനത്തിന് കാരണമായിട്ടുണ്ട്

ബസ്മതി ഇതര വെള്ള അരികളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. വരുന്ന ഉത്സവ സീസണുകളിൽ ആഭ്യന്തര വിതരണം വർധിപ്പിക്കാനും പ്രാദേശിക വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. കാലവർഷം വൈകി ആരംഭിച്ചതിനാൽ ഉൽപാദനത്തിൽ കുറവുണ്ടാകുമെന്ന ഭയവും നിരോധനത്തിന് കാരണമായിട്ടുണ്ട്.

പുഴുങ്ങലരിയുടെയും ബസ്മതി അരിയുടെയും കയറ്റുമതി നയത്തിൽ മാറ്റമില്ലെന്ന് ഭക്ഷ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ ഭൂരിഭാഗവും ഈ രണ്ട് അരികളാണ്. 25 ശതമാനം വരുന്ന മറ്റ് ബസുമതി ഇതര വെള്ള അരികളുടെ കയറ്റുമതിയാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്.

“ന്യായമായ വിലയിൽ മതിയായ ആഭ്യന്തര ലഭ്യത ഉറപ്പാക്കാൻ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നയം ഭേദഗതി ചെയ്‌തു,” ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. നിരോധനം ഉടനടി പ്രാബല്യത്തിൽ വരുത്തുകയും ചെയ്തിട്ടുണ്ട്.

വില കുറയ്ക്കുന്നതിനും ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിനുമായി 2022 സെപ്റ്റംബർ 8 നാണ് ബസുമതി ഇതര വെള്ള അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ സർക്കാർ ചുമത്തിയത്

വില കുറയ്ക്കുന്നതിനും ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിനുമായി 2022 സെപ്റ്റംബർ 8 നാണ് ബസുമതി ഇതര വെള്ള അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ സർക്കാർ ചുമത്തിയത്. എന്നാൽ, കയറ്റുമതി മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വർധിക്കുകയാണ് ചെയ്തത്.

"അരിയുടെ ആഭ്യന്തര വില വർധിച്ചുകൊണ്ടിരിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ചില്ലറവിൽപ്പന വില ഒരു വർഷത്തിനിടെ 11.5 ശതമാനവും കഴിഞ്ഞ മാസത്തിൽ 3 ശതമാനവും വർധിച്ചു," ഡിജിഎഫ്ടിയുടെ പ്രസ്താവനയിൽ പറയുന്നു.

തായ്‌ലൻഡ്, ഇറ്റലി, സ്പെയിൻ, ശ്രീലങ്ക, യുഎസ്എ എന്നീ രാജ്യങ്ങളിലേക്കാണ് ബസ്മതി ഇതര വെള്ള അരി പ്രധാനമായും കയറ്റി അയയ്ക്കുന്നത്

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ-മാർച്ച് കാലയളവിൽ 33.66 ലക്ഷം ടണ്ണായിരുന്ന കയറ്റുമതി 2022-23 സെപ്റ്റംബർ-മാർച്ച് കാലയളവിൽ 42.12 ലക്ഷം ടണ്ണായി വർധിച്ചിട്ടുണ്ട്. ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധനം മൂലം വില കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തായ്‌ലൻഡ്, ഇറ്റലി, സ്പെയിൻ, ശ്രീലങ്ക, യു.എസ്.എ എന്നീ രാജ്യങ്ങളിലേക്കാണ് ബസ്മതി ഇതര വെള്ള അരി പ്രധാനമായും കയറ്റി അയയ്ക്കുന്നത്. വിജ്ഞാപനം ഇറങ്ങുന്നതിന് മുൻപ് ലോഡിങ് ആരംഭിച്ചത് ഉൾപ്പെടെയുള്ളവ ചില വ്യവസ്ഥകൾക്ക് വിധേയമായി കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്നാണ് അറിയിപ്പ്.

logo
The Fourth
www.thefourthnews.in