'നിറം മാറുന്നതിൽ ഓന്തിന് വെല്ലുവിളി'; നിതീഷ് കുമാറിന്റെ ചുവടുമാറ്റത്തിൽ  നേതാക്കൾ

'നിറം മാറുന്നതിൽ ഓന്തിന് വെല്ലുവിളി'; നിതീഷ് കുമാറിന്റെ ചുവടുമാറ്റത്തിൽ നേതാക്കൾ

നിതീഷന്റെ പതിവ് ശൈലിയിലുള്ള അഞ്ചാം കൂറുമാറ്റത്തെ പരിഹസിച്ചും അവസരവാദ രാഷ്ട്രീയത്തെ വിമർശിച്ചും നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്

ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ആർജെഡി-കോൺഗ്രസ് മഹാസഖ്യം വിട്ട് എൻഡിഎയിലേക്ക് കൂറുമാറിയിരിക്കുകയാണ്. കുറച്ചുദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കാണ് ഞായറാഴ്ച രാജി സമർപ്പിച്ചതോടെ അന്ത്യമായത്. നിതീഷന്റെ പതിവ് ശൈലിയിലുള്ള അഞ്ചാം കൂറുമാറ്റത്തെ പരിഹസിച്ചും അവസരവാദ രാഷ്ട്രീയത്തെ വിമർശിച്ചും നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്.

നിതീഷിന്റെ ചുവടുമാറ്റം സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. 'റാം വന്നു റാം പോയി' ഇത്തരത്തിലുള്ള നിരവധി ആളുകൾ നമ്മുടെ രാജ്യത്തുണ്ടെന്നും ഖാർഗെ പറഞ്ഞു. "നേരത്തെ ഞങ്ങൾ ഒരുമിച്ചായിരുന്നു പോരാടിയത്. ലാലുവുമായും തേജസ്വിയുമായും സംസാരിച്ചപ്പോൾ നിതീഷ് പോകുന്നുവെന്ന് അവരും പറഞ്ഞു. അദ്ദേഹത്തിന് ഇവിടെ തുടരാൻ താത്പര്യമുണ്ടായിരുന്നെങ്കിൽ ആകാമായിരുന്നു. പക്ഷേ പോകാനാണ് ആഗ്രഹിക്കുന്നത്," ഖാർഗെ പറഞ്ഞു.

രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുന്ന നിതീഷ് കുമാർ നിറം മാറുന്നതിൽ ഓന്തുകൾക്ക് കടുത്ത വെല്ലുവിളിയാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പരിഹാസം. ഈ വഞ്ചന ബിഹാറിലെ ജനങ്ങൾ പൊറുക്കില്ല. പ്രധാനമന്ത്രിയും ബിജെപിയും ഭാരത് ജോഡോ ന്യായ് യാത്രയെ ഭയക്കുന്നുണ്ടെന്നും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ രാഷ്ട്രീയ നാടകമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

അതേസമയം, ജാതി സെൻസസ് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ എക്‌സിലെ പോസ്റ്റ്. ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യ ചുവടാണെന്നും അദ്ദേഹം പറഞ്ഞു. നിതീഷിന്റെ രാജി തങ്ങളുടെ ലക്ഷ്യത്തെ തകർക്കുന്നതല്ലെന്ന സന്ദേശമാണ് ഈ പോസ്റ്റിലൂടെ രാഹുൽ പങ്കുവയ്ക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

243 പേരുള്ള ബിഹാർ നിയമസഭയിൽ ആർജെഡിക്ക് 79 എംഎൽഎമാരാണുള്ളത്. തൊട്ടുപിന്നാലെയുള്ള ബി.ജെ.പി 78, ജെഡിയു 45, കോൺഗ്രസ് 19, സിപിഐ (എം-എൽ) 12, സിപിഎം-സിപിഐ എന്നിവർക്ക് രണ്ടുവീതം, ഹിന്ദുസ്ത്വാം മോർച്ച (സെക്കുലർ) 4 എന്നിങ്ങനെയാണ് സീറ്റ് നില.

logo
The Fourth
www.thefourthnews.in