ഒമ്പത് മാസം രാജ്യം കടന്നുപോയത് കാലാവസ്ഥാ പ്രതിസന്ധിയിലൂടെ; പൊലിഞ്ഞത് 2923 ജീവന്‍

ഒമ്പത് മാസം രാജ്യം കടന്നുപോയത് കാലാവസ്ഥാ പ്രതിസന്ധിയിലൂടെ; പൊലിഞ്ഞത് 2923 ജീവന്‍

ഉത്തരേന്ത്യയില്‍ മധ്യപ്രദേശും ദക്ഷിണേന്ത്യയില്‍ കേരളവുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാലാവസ്ഥാ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയത്.

ഈ വര്‍ഷം ആദ്യ ഒമ്പത് മാസം രാജ്യം കടന്നുപോയത് സമാനതകളില്ലാത്ത കാലാവസ്ഥ ദുരിതങ്ങളിലൂടെ എന്ന് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള ഒമ്പത് മാസങ്ങളില്‍ 86 ശതമാനം ദിവസങ്ങളിലും രാജ്യത്തെ വിവിധ ഇടങ്ങള്‍ കലുഷിതമായ കാലാവസ്ഥാ സാഹചര്യത്തെയാണ് നേരിട്ടതെന്ന് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരായ സെൻ്റർ ഫോര്‍ സയന്‍സ് ആൻ്റ് എന്‍വിയോണ്‍മെന്റ് കഴിഞ്ഞ ദിവസം പങ്കുവച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ രാജ്യത്ത് കാലാവസ്ഥാ ദുരന്തങ്ങളില്‍ 2923 പേര്‍ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷം ഹെക്ടര്‍ കൃഷി നശിക്കുകയും ചെയ്തു. 80000 വീടുകള്‍ ഇക്കാലയളവില്‍ തകര്‍ന്നപ്പോള്‍ 92000 മൃഗങ്ങള്‍ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 80 ശതമാനം ഇന്ത്യക്കാരും കാലാവസ്ഥാ ദുരിത ഭീഷണി നേരിടുന്ന ജില്ലകളിലാണ് ജീവിക്കുന്നത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഉത്തരേന്ത്യയില്‍ മധ്യപ്രദേശും ദക്ഷിണേന്ത്യയില്‍ കേരളവുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാലാവസ്ഥാ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയത്. മധ്യപ്രദേശില്‍ ഇത്തരത്തില്‍ 138 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 67 ദിവസങ്ങള്‍ കാലാവസ്ഥാ ദുരിതങ്ങളുടേതായിരുന്നു. 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ കാലാവസ്ഥാ ദുരിതവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൂടുതലെങ്കിലും മരണങ്ങള്‍ കൂടുതലും സംഭവിച്ചത് ബിഹാറിലാണ് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 682 മരണങ്ങളാണ് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബിഹാറിലുണ്ടായത്. ഹിമാചല്‍ പ്രദേശില്‍ 365 പേരും ഉത്തര്‍പ്രദേശില്‍ 341 പേരും ഇക്കാലയളവില്‍ മരിച്ചു. പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ മൃഗങ്ങള്‍ കൊല്ലപ്പെട്ടത്. ഹിമാചല്‍ പ്രദേശിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്.

ഒമ്പത് മാസം രാജ്യം കടന്നുപോയത് കാലാവസ്ഥാ പ്രതിസന്ധിയിലൂടെ; പൊലിഞ്ഞത് 2923 ജീവന്‍
'എബിവിപി സ്ഥാപക നേതാവിൻ്റെ ജന്മശതാബ്ദി ആഘോഷിക്കണം'; മഹാരാഷ്ട്രയിലെ സർവകലാശാലകൾക്ക് യുജിസി നിർദേശം

ദക്ഷിണേന്ത്യയില്‍ തെലങ്കാനയിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം (62,000 ഹെക്ടര്‍) ഉണ്ടായത്. ഏറ്റവും കൂടുതല്‍ മൃഗങ്ങള്‍ കൊല്ലപ്പെട്ടതും (645) തെലങ്കാനയില്‍ തന്നെയാണ്. കാലാവസ്ഥാ ദുരിതത്തില്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. 11,000ത്തിലധികം വീടുകള്‍ തകര്‍ന്ന കര്‍ണാടക കനത്ത നാശം നേരിട്ടു.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും തീവ്രമായ കാലാവസ്ഥാ ദിവസങ്ങളിലൂടെ (113) കടന്നുപോയത്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും കാലാവസ്ഥാ ദുരിതങ്ങള്‍ നേരിട്ടു.

കിഴക്ക്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസമിലാണ് കാലാവസ്ഥ കൂടുതല്‍ ദുരിതം വിതച്ചത്. 102 ദിവസങ്ങളില്‍ കാലാവസ്ഥ രൂക്ഷമായപ്പോള്‍ 159 കന്നുകാലികള്‍ കൊല്ലപ്പെടുകയും 48000 ഹെക്ടര്‍ കൃഷി നശിക്കുയും ചെയ്തു. നാഗാലാൻ്റില്‍ 1900 വീടുകളാണ് ഇക്കാലയളവില്‍ നശിച്ചത്.

ഒമ്പത് മാസം രാജ്യം കടന്നുപോയത് കാലാവസ്ഥാ പ്രതിസന്ധിയിലൂടെ; പൊലിഞ്ഞത് 2923 ജീവന്‍
'രണ്ട് വർഷം എന്ത് ചെയ്യുകയായിരുന്നു'; ബില്ലുകള്‍ വൈകിപ്പിച്ചതിൽ ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശം

കാലാവസ്ഥാ വ്യതിയാനവും രാജ്യം ഇക്കാലയളവില്‍ നേരിട്ടു. ജനുവരിയില്‍ പതിവിലും കൂടുതല്‍ ചൂടായിരുന്നു ഈ വര്‍ഷം ഉണ്ടായത്. ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത് റെക്കോര്‍ഡ് താപനിലയായിരുന്നു. 122 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ മാസമായിരുന്നു ഫെബ്രുവരി. ഇടിമിന്നലും ശക്തമായ കാറ്റും രൂക്ഷമായി ബാധിച്ച വര്‍ഷം കൂടിയായിരുന്നു 2023. ഒന്‍പത് മാസങ്ങളിലെ 273 ദിവസങ്ങളില്‍ 176 ദിനങ്ങളും രാജ്യത്ത് ഇടിമിന്നല്‍ അഥവാ ശക്തമായ കാറ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 711 ജീവനുകളാണ് ഇതുമൂലം പൊലിഞ്ഞത്.

ഒന്‍പത് മാസം വലിയ ദുരിതങ്ങളുടെ നേര്‍ക്കാഴ്ച റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

logo
The Fourth
www.thefourthnews.in