ചൈനീസ് ആപ്പുകൾക്ക് വീണ്ടും വിലക്ക്; 138 വാതുവയ്പ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ച് ഇന്ത്യ

ചൈനീസ് ആപ്പുകൾക്ക് വീണ്ടും വിലക്ക്; 138 വാതുവയ്പ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ച് ഇന്ത്യ

നിരോധിച്ച ആപ്പുകളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല

അനധികൃത ചൈനീസ് ആപ്പുകൾക്ക് വീണ്ടും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 230 ഓളം ചൈനീസ് ആപ്പുകൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റേതാണ് നടപടി. 138 വാതുവയ്പ്പ് ആപ്പുകൾക്കും 94 ലോൺ ആപ്പുകൾക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്.

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്നതിന് പുറമെ രാജ്യത്തിന്റെ പ്രതിരോധത്തിനും സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്പുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് നൽകിയത്. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി. നിരോധിച്ച ആപ്പുകളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

നേരത്തെ അതിർത്തിയിലെ സംഘർഷങ്ങൾക്ക് പിന്നാലെ, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. 2020 ജൂൺ മുതൽ ടിക് ടോക്, ഷെയർ ഇറ്റ്, വീചാറ്റ്, ഹെലോ, യുസി ന്യൂസ്, ബിഗോ ലൈവ്, യു സി ബ്രൌസർ, എംഐ കമ്മ്യൂണിറ്റി തുടങ്ങിയ ജനപ്രിയ ആപ്പുകൾ ഉൾപ്പെടെ 200-ലധികം ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു.

ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇത്തരം ആപ്പുകൾ വഴി ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ ഇത്തരം ആപ്പുകൾ വഴി ചെറിയ തുക വായ്പയെടുത്ത വ്യക്തികളെ കൊള്ളയടിക്കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മുഴുവൻ വായ്പയും തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ, ഈ ആപ്പുകളെ പ്രതിനിധീകരിക്കുന്ന വ്യക്തികൾ വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതിന് പിന്നാലെ പരാതിയും വ്യാപകമായിരുന്നു. മോർഫ് ചെയ്‌ത ഫോട്ടോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങൾ അയച്ച് അപമാനിക്കുകയും ചെയ്തു. ഇത്തരത്തിൽ നിരവധി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നിർണായക നീക്കം.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമടക്കം ഇത്തരത്തിൽ ലോണുകൾ എടുക്കുകയോ വാതുവയ്പ്പ് ആപ്പുകളിൽ പണം നഷ്‌ടപ്പെടുകയോ ചെയ്‌ത നിരവധി പേർ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് നിരവധി സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആറ് മാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 28 ചൈനീസ് കേന്ദ്രീകൃതമായ ലോണ്‍ ആപ്പുകളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇത്തരത്തില്‍ പ്രവർത്തിക്കുന്ന 94 ആപ്പുകള്‍ ഇ സ്റ്റോറിലും മറ്റുള്ളവ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായാണ് പ്രവർത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in