ലാപ്ടോപ്പ്, കംപ്യൂട്ടർ ഇറക്കുമതി വിലക്കി കേന്ദ്രം; ഉത്തരവിന് അടിയന്തരപ്രാബല്യം

ലാപ്ടോപ്പ്, കംപ്യൂട്ടർ ഇറക്കുമതി വിലക്കി കേന്ദ്രം; ഉത്തരവിന് അടിയന്തരപ്രാബല്യം

വ്യാഴാഴ്ചയാണ് ഇറക്കുമതി വിലക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഉത്തരവിറക്കിയത്

പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി വിലക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്. ഇതുസംബന്ധിച്ച് ഇന്നാണ് അടിയന്തരപ്രാബല്യത്തോടെ ഉത്തരവിറക്കിയത്.

ഇറക്കുമതി വിലക്കിയ സാധനങ്ങൾ കൊണ്ടുവരാനുള്ള പ്രത്യേക ലൈസൻസ് ഉള്ളവർക്ക് മാത്രമേ ഇനി എച്ച്എസ്എൻ 8741 ന്റെ കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ പോലെയുള്ള ഓട്ടോമാറ്റിക് ഡാറ്റ പ്രോസസ്സിങ് മെഷീനുകൾ പുറംരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിക്കാൻ സാധിക്കൂ.

ഏപ്രിൽ- ജൂൺ മാസങ്ങളിൽ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവ ഉൾപ്പെടുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ഇറക്കുമതി മൂല്യം 1900 കോടി ഡോളറായിരുന്നു. രാജ്യത്തെ മൊത്തം ചരക്ക് ഇറക്കുമതിയുടെ ഏഴ് മുതൽ 10 ശതമാനമാണിത്. ഇന്ത്യയിലെ ഉത്പാദനം ഊർജിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇൻസെന്റീവുകൾ നൽകി ഇലക്‌ട്രോണിക്‌സ് ഉൾപ്പെടെ രണ്ട് ഡസനിലധികം മേഖലകളിലെ പ്രദേശിക ഉത്പാദനം വർധിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം.

സർക്കാർ രേഖകളനുസരിച്ച് ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റുകൾ, പേഴ്സണൽ കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി രാജ്യത്തിന്റെ വാർഷിക ഇറക്കുമതിയുടെ 1.5 ശതമാനമാണ്

ഐ ടി ഹാർഡ്‌വെയർ ഉത്പാദനമേഖലയിൽ വിദേശനിക്ഷേപം കൊണ്ടുവരാൻ 200 കോടി ഡോളറിന്റെ ഇൻസെന്റീവ് സ്‌കീം സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ കാലാവധിയും നീട്ടിനൽകിയിരുന്നു. അത്തരത്തിൽ നിക്ഷേപമെത്തിച്ച് ഇലക്ട്രോണിക്സ് രംഗത്ത് ആഗോള വിതരണ ശൃംഖലയുടെ കേന്ദ്രമായി മാറുകയെന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2026-ഓടെ രാജ്യത്തെ ഉത്പാദനം 300 ബില്യൺ ഡോളറാക്കി ഉയർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ ഇലക്ട്രോണിക്സ് വിപണിയിലെ പ്രമുഖ സ്ഥാപനങ്ങളായ ഡെൽ, ഏസർ, സാംസങ്, എൽ ജി, ആപ്പിൾ, ലെനോവോ, എച്ച്പി എന്നിവരിൽ ഗണ്യമായ ഒരു വിഭാഗം ഇപ്പോഴും ചൈന പോലുള്ള രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് പൂട്ടിടുകയെന്നതാണ് പുതിയ ഉത്തരവ് കൊണ്ട് ലക്ഷ്യമാക്കുന്നത്. പുതിയ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ ഇലട്രോണിക്‌സ് നിർമാതാക്കളായ ഡിക്സൺ ടെക്‌നോളജീസിന്റെ വിപണിമൂല്യം അഞ്ച് ശതമാനം ഉയർന്നു.

സർക്കാർ രേഖകളനുസരിച്ച് ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റുകൾ, പേഴ്സണൽ കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി രാജ്യത്തിന്റെ വാർഷിക ഇറക്കുമതിയുടെ 1.5 ശതമാനമാണ്. അവയിൽ പകുതിയും ചൈനയിൽ നിന്നാണ്. മൊബൈൽ ഫോൺ പോലെയുള്ള ഉപകരണങ്ങൾക്ക് ഇന്ത്യ വലിയ നികുതിയാണ് കഴിഞ്ഞ കാലങ്ങളിൽ വർധിപ്പിച്ചിരുന്നത്.

കഴിഞ്ഞ വർഷം 3800 കോടി ഡോളറിന്റെ മൊബൈൽ ഉത്പാദനമാണ് രാജ്യത്ത് നടന്നത്. അതേസമയം ലാപ്ടോപ്പുകളുടെയും ടാബ്ലെറ്റുകളയുടെയും ഉത്‌പാദനം 400 ബില്യൺ ഡോളർ മാത്രമായിരുന്നു.

logo
The Fourth
www.thefourthnews.in