'ഇന്ത്യ' മാറി ഭാരതമാകുമോ? പേരുമാറ്റിയ രാജ്യങ്ങൾക്ക് പിന്നിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ?

'ഇന്ത്യ' മാറി ഭാരതമാകുമോ? പേരുമാറ്റിയ രാജ്യങ്ങൾക്ക് പിന്നിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ?

ചില രാജ്യങ്ങൾ അന്താരാഷ്ട്ര തലത്തിലെ മുഖം മിനുക്കലിന്റെ ഭാഗമായാണ് പേരുമാറ്റിയതെങ്കിൽ മറ്റുചിലർ കൊളോണിയൽ ഓർമകളെ തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യമിട്ടത്

ജി 20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. പേരുമാറ്റം സ്വീകരിക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ, എന്നാല്‍ ഇപ്പോഴത്തെ നീക്കം ബിജെപി സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണെന്നാണ് പൊതുവില്‍ ഉയരുന്ന ആക്ഷേപം. ആർ എസ് എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ അജണ്ടയുടെ ഭാഗമായുള്ള നീക്കമായിട്ടാണ് പെരുമാറ്റൽ ചടങ്ങിനെ രാഷ്ട്രീയ സാമൂഹിക നിരീക്ഷകർ ഉൾപ്പെടെയുള്ളവർ വിലയിരുത്തുന്നത്.

അതിന് തക്കതായ കാരണമുണ്ട്, ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആർ എസ് എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസംഗത്തിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതുകൊണ്ടുതന്നെ ഭാരതം എന്നുവിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിറകെ ഇത്തരം ഒരു നീക്കം ഔദ്യോഗികമായി തന്നെ പുറത്തുവന്നു എന്ന് മാത്രം. സെപ്റ്റംബർ 18ന് ചേരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേരുമാറ്റാനുള്ള ബിൽ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

മോഹന്‍ ഭഗവത്
മോഹന്‍ ഭഗവത്

ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക ഉൾപ്പെടെ നേരത്തെ രാജ്യത്തിന്റെ പേരുമാറ്റം നടത്തിയിട്ടുണ്ട്. അതിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ തികച്ചും വേറിട്ടതായിരുന്നു. ചിലർ അന്താരാഷ്ട്ര തലത്തിലെ മുഖം മിനുക്കലിന്റെ ഭാഗമായാണ് പേരുമാറ്റിയതെങ്കിൽ മറ്റുചിലർ കൊളോണിയൽ ഓർമകളെ തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യമിട്ടത്. അതിനിടയിൽ ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമായി പേരുമാറ്റിയവരുമുണ്ട്.

ശ്രീലങ്ക
ശ്രീലങ്ക

ശ്രീലങ്ക

ശ്രീലങ്കയുടെ പഴയ പേരായ 'സിലോൺ' പുതിയ പേര് സ്വീകരിച്ചത് നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ഭരണത്തിന് ശേഷം രാജ്യത്തിന്റെ സ്വത്വവും പരമാധികാരവും ഊട്ടിയുറപ്പിക്കുന്ന ഒരു മാർഗമെന്ന നിലയിലായിരുന്നു. 1972 ലായിരുന്നു ഈ മാറ്റം നടന്നത്.

മ്യാന്മർ

ആഗോളതലത്തിലെ മുഖം മിനുക്കലായിരുന്നു മ്യാന്മാറിന്റെ പേരുമാറ്റത്തിന് പിന്നിലുണ്ടായിരുന്നത്. ജനാധിപത്യ മുന്നേറ്റത്തെ ക്രൂരമായി അടിച്ചമർത്തിയ ഭരണകൂടം പുരഗോമന ചിന്താഗതിക്കാരാണ് തങ്ങളെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. 1989ലാണ് തലമുറകളായി പ്രബല വംശമായ ബർമൻ വിഭാഗത്തിന്റെ പേരിലറിയപ്പെട്ടിരുന്ന രാജ്യം മ്യാന്മാർ എന്ന പുതിയ നാമധേയം സ്വീകരിച്ചത്.

മ്യാന്മർ
മ്യാന്മർ

ആഗോളസമൂഹത്തിന്റെ അംഗീകാരം പ്രതീക്ഷിച്ച് നടത്തിയ നീക്കത്തിന് പിന്നിൽ കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട പേര് ഉപേക്ഷിക്കുക, വംശീയ ഐക്യം വളർത്തിയെടുക്കുക എന്നിവയാണ് ലക്ഷ്യമെന്ന് അധികാരികൾ വാദിച്ചു. പഴയ പേര് രാജ്യത്തെ നിരവധി വംശീയ ന്യൂനപക്ഷങ്ങളെ പുറംതള്ളുന്നതാണെന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ രാജ്യത്തിനകത്ത് അതുവലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ല എന്നുമാത്രമല്ല, ബർമീസ് ഭാഷയിൽ ബർമയുടെ ഒരു ഔദ്യോഗിക പതിപ്പ് മാത്രമായിരുന്നു മ്യാന്മർ. എന്നാൽ രാജ്യം ഒരു അർദ്ധ ജനാധിപത്യ സംവിധാനത്തിലേക്ക് എങ്കിലും മാറിയതിന് ശേഷമാണ് മറ്റുരാജ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും മ്യാന്മർ എന്ന പേരുപയോഗിച്ച് തുടങ്ങിയത്. അമേരിക്ക നയം മൃദുവാക്കിയിട്ടുണ്ടെങ്കിലും ബർമ എന്ന പേരുതന്നെയാണ് ഇപ്പോഴും അവർ ഉപയോഗിക്കുന്നത്.

ഇറാൻ
ഇറാൻ

ഇറാൻ

1935 മാർച്ചിന് മുൻപ് വരെ പാശ്ചാത്യ ലോകത്ത് ഇറാന്റെ ഔദ്യോഗിക നാമം പേർഷ്യ എന്നായിരുന്നു. 1935-ലാണ് ഇറാനിയൻ സർക്കാർ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളോട് പേർഷ്യയെ "ഇറാൻ" എന്ന് വിളിക്കാൻ അഭ്യർത്ഥിച്ചത്. പേർഷ്യൻ ഭാഷയിലെ രാജ്യത്തിന്റെ പേരായിരുന്നു ഇറാൻ.

തായ്‌ലൻഡ്

കോളനിവത്കരിക്കപ്പെടാതിരുന്ന ചുരുക്കം ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നായിരുന്നു തായ്‌ലൻഡ്. നൂറ്റാണ്ടുകളായി, രാജഭരണത്തിലിരുന്ന രാജ്യം സയാം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1939-ൽ രാജ്യം ഭരണഘടനാപരമായ രാജവാഴ്ച (കോൺസ്റ്റിട്യൂഷണൽ മൊണാർക്കി) സ്വീകരിച്ച ശേഷമാണ് പേരുമാറ്റിയത്. രാജാവ് തന്നെയായിരുന്നു പേരുമാറ്റലിന് പിന്നിൽ. "സ്വതന്ത്രരായ ആളുകളുടെ രാജ്യം" എന്നാണ് തായ്‌ലൻഡ് എന്ന വാക്കിനർത്ഥം.

നെതർലൻഡ്‌സ്‌

ഹോളണ്ട് എന്ന പേരുമാറ്റി നെതർലൻഡ്‌സ്‌ എന്ന് രാജ്യം പുനർനാമകരണം ചെയ്തിട്ട് മൂന്നുവർഷം മാത്രമേ ആകുന്നുള്ളു.

12 പ്രവിശ്യകൾ ഉൾക്കൊള്ളുന്ന രാജ്യമാണ് നെതർലൻഡ്‌സ് എങ്കിലും നോർത്ത്-ഹോളണ്ട്, സൗത്ത്-ഹോളണ്ട് എന്നീ രണ്ട് പ്രവിശ്യകളെ ആയിരുന്നു പ്രധാനമായും ഹോളണ്ട് എന്നറിയപ്പെട്ടിരുന്നത്. ഇതിൽനിന്ന് മാറി രാജ്യത്തിൻറെ ഔദ്യോഗിക നാമമായ നെതർലൻഡ്‌സ്‌ ഉപയോഗിക്കാമെന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു. ടൂറിസം വലിയ വരുമാന മാർഗമായ രാജ്യത്തെ ആഗോള തലത്തിൽ റീബ്രാൻഡ് ചെയ്യുക എന്ന ഉദ്ദേശ്യം കൂടി പെരുമാറ്റലിന് പിന്നിലുണ്ടായിരുന്നു.

എർദോഗൻ
എർദോഗൻ

തുർക്കിയെ

തുർക്കിയുടെ പഴയ ഓട്ടോമൻ പാരമ്പര്യത്തോട് അടുത്തുനിൽക്കുന്ന പേരെന്ന നിലയിലാണ് തുർക്കിയെ എന്ന പേരുസ്വീകരിച്ചത്. വർഷങ്ങളായി രാജ്യത്തിന്റെ അധികാരം കയ്യാളുന്ന റജബ് ത്വയ്യിബ് എർദോഗൻ തന്നെയായിരുന്നു നീക്കത്തിന് പിന്നിൽ. തുർക്കിയെ എന്ന വാക്ക് രാജ്യത്തിന്റെ സംസ്കാരം, നാഗരികത, മൂല്യങ്ങൾ എന്നിവയെ മികച്ച രീതിയിൽ പ്രതിനിധീകരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു പേരുമാറ്റത്തിന് പിന്നിലെ എർദോഗന്റെ വിശദീകരണം. 2022 ജൂണിലാണ് പേരുമാറ്റം ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്.

ഇതുപോലെ നിരവധി രാജ്യങ്ങളാണ് പലവിധ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് പേരുകൾ മാറ്റിയത്. ഇനി കാത്തിരുന്ന് കാണേണ്ടത് ഇന്ത്യയെന്ന പേരിന്റെ ഭാവിയാണ്.

logo
The Fourth
www.thefourthnews.in