സൈനികര്‍ക്കു പകരം സിവിലിയന്മാര്‍, ഹെലികോപ്റ്ററുകള്‍ തുടരും; മാലിദ്വീപില്‍ നിന്ന് സേനാ പിന്‍മാറ്റം മാര്‍ച്ചില്‍

സൈനികര്‍ക്കു പകരം സിവിലിയന്മാര്‍, ഹെലികോപ്റ്ററുകള്‍ തുടരും; മാലിദ്വീപില്‍ നിന്ന് സേനാ പിന്‍മാറ്റം മാര്‍ച്ചില്‍

സൈനികര്‍ക്ക് പകരം ഇന്ത്യന്‍ സിവിലിയന്‍ ഉദ്യോഗസ്ഥരെയോ മാലിദ്വീപ് ഉദ്യോഗസ്ഥരേയോ ഇതിന്റെ ചുമതല ഏല്‍പ്പിക്കും.

മാലിദ്വീപില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് മാസത്തോടെ പിന്‍വലിക്കാന്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-മാലിദ്വീപ് കോര്‍ഗ്രൂപ്പ് ചര്‍ച്ചയില്‍ ധാരണ. രണ്ട് ഹെലികോപ്റ്ററുകളും ഒരു എയര്‍ക്രാഫ്റ്റും മാലിദ്വീപില്‍ തുടരും. ഇന്ത്യന്‍ സൈനികര്‍ക്ക് പകരം ഇന്ത്യന്‍ സിവിലിയന്‍ ഉദ്യോഗസ്ഥരെയോ മാലിദ്വീപ് ഉദ്യോഗസ്ഥരേയോ ഇതിന്റെ ചുമതല ഏല്‍പ്പിക്കും.

''2024 മാര്‍ച്ച് പത്തിനകം മൂന്നു വ്യോമയാന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു. മറ്റ് രണ്ട് പ്ലാറ്റ്‌ഫോമുകളിലെ സൈനികരെ മാറ്റിസ്ഥാപിക്കുന്നത് 2024 മെയ് പത്തിനകം പൂര്‍ത്തിയാക്കും'', മാലിദ്വീപ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സേനയെ പിന്‍വലിക്കുന്ന തീയതി വ്യക്തമാക്കാതെയാണ് പ്രസ്താവനയിറക്കിയത്. ''മാലിദ്വീപിലെ ജനങ്ങള്‍ക്ക് മാനുഷികസഹായവും മെഡിക്കല്‍ സേവനങ്ങളും നല്‍കുന്ന 'ഇന്ത്യന്‍ വ്യോമയാന പ്ലാറ്റ്‌ഫോമുകളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം പ്രാപ്തമാക്കുന്നതിന് പരസ്പരം സഹകരിക്കാവുന്ന ഒരു കൂട്ടം പരിഹാര മാര്‍ഗങ്ങള്‍ അംഗീകരിച്ചു'' എന്നാണ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സൈനികര്‍ക്കു പകരം സിവിലിയന്മാര്‍, ഹെലികോപ്റ്ററുകള്‍ തുടരും; മാലിദ്വീപില്‍ നിന്ന് സേനാ പിന്‍മാറ്റം മാര്‍ച്ചില്‍
ഫ്രാൻസിലെ ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി യുപിഐ വഴിയും പണമിടപാട്; വിപ്ലവകരമായ നീക്കവുമായി ഇന്ത്യയും ഫ്രാൻസും

ഹെലികോപ്റ്ററുകളും വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കാനായി ഇന്ത്യന്‍ സിവിലിയന്‍ ഉദ്യോഗസ്ഥരേയോ പരിശീലനം ലഭിച്ച മാലിദ്വീപ് സൈനിക ഉദ്യോഗസ്ഥരേയോ നിയമിക്കാം എന്നതാണ് പ്രശ്‌നപരിഹാരമായി ഇരു രാജ്യങ്ങളും കാണുന്ന മാര്‍ഗം.

77 ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരാണ് മാലിദ്വീപിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൂയിസുവും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സൈന്യത്തെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇരു രാജ്യങ്ങളും കോര്‍ഗ്രൂപ്പുകളെ ചുമതലപ്പെടുത്തിയത്. ജനുവരി പതിനാലിനാണ് ആദ്യഘട്ട ചര്‍ച്ച നടത്തിയത്. മൂന്നാംഘട്ട ചര്‍ച്ച മാലിദ്വീപില്‍ വച്ചാകും നടക്കുക. മാര്‍ച്ച് 15-ന് മുന്‍പ് ഇന്ത്യന്‍ സൈന്യം ദ്വീപ് വിട്ടുപോകണം എന്നാണ് മാലിദ്വീപ് അറിയിച്ചിരിക്കുന്നത്.

മുഹമ്മദ് മൂയിസു പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ മൂയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ ഇന്ത്യന്‍ സൈന്യത്തെ പുറത്താക്കും എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ മാലദ്വീപ് മന്ത്രിമാര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതോടുകൂടി പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരുന്നു.

logo
The Fourth
www.thefourthnews.in