2025 ൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ പ്രതിരോധ വ്യാപാരം ലക്ഷ്യമിട്ട് ഇന്ത്യ

2025 ൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ പ്രതിരോധ വ്യാപാരം ലക്ഷ്യമിട്ട് ഇന്ത്യ

ഇന്ത്യ ലോക രാജ്യങ്ങളുടെ വിശ്വസ്ത പ്രതിരോധ വ്യാപാര പങ്കാളിയെന്ന് നരേന്ദ്ര മോദി

വരുന്ന രണ്ടു വർഷം കൊണ്ട്  പ്രതിരോധ കയറ്റുമതിയിൽ നിന്ന് ഇന്ത്യ അഞ്ചു ലക്ഷം കോടി ഡോളർ വരുമാനം ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇനി മറ്റു രാജ്യങ്ങളുടെ പ്രതിരോധ ഉത്പന്ന വിപണി അല്ല, ലോകത്തിലെ സൈനിക ശക്തികളുടെ വ്യാപാര പങ്കാളിയും അവർക്കു വിശ്വസിക്കാവുന്ന വിപണിയുമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. എയ്റോ ഇന്ത്യ എയർ ഷോയുടെ പതിനാലാമത് എഡിഷൻ ബെംഗളൂരുവിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇന്ത്യ പ്രതിരോധ രംഗത്തു അതിവേഗം വളരുകയാണ്. എയ്റോ ഇന്ത്യ എയർ ഷോ വെറും വ്യോമാഭ്യാസ പ്രകടനം മാത്രമല്ല ,ഇന്ത്യയുടെ സൈനിക- പ്രതിരോധ ശക്തി വിളിച്ചോതുന്നതാണ് അത് . മറ്റു രാജ്യങ്ങൾക്കു ആയുധങ്ങൾ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രമാണ് ഇന്ത്യ എന്ന നില മാറുകയാണ്. പ്രതിരോധ ആവശ്യങ്ങൾക്ക് ലോകരാജ്യങ്ങൾക്ക് വിശ്വസിച്ചു സമീപിക്കാവുന്ന രാജ്യമായി മാറി. പ്രധാന സൈനിക ശക്തികളായ രാജ്യങ്ങളുടെ വ്യാപാര പങ്കാളിയായി മാറിയിരിക്കുകയാണ് ഇന്ത്യ . ലോകത്തെ 55 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു .


ഫെബ്രുവരി 13 -17 വരെയാണ് യെലഹങ്കയിലെ വ്യോമസേനാ ആസ്ഥാനത്തു എയ്റോ ഇന്ത്യ എയർ ഷോ നടക്കുന്നത്. 80 രാജ്യങ്ങൾ എയർ ഷോയുടെ ഭാഗമാകുന്നുണ്ട് . ഇന്ത്യ തദ്ദേശീയമായി നിർമിച്ച പ്രതിരോധ ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ട് . മേക്ക് ഇൻ ഇന്ത്യ ,മേക്ക് ഫോർ ദി വേൾഡ് എന്നീ ആശയങ്ങൾ തദ്ദേശീയമായി നിർമിച്ച ഉത്പന്നങ്ങൾക്ക് വിദേശ വിപണി നേടി തരുമെന്ന പ്രതീക്ഷയിലാണ് പ്രതിരോധ വകുപ്പ് . ഇന്ത്യൻ പവലിയനിൽ സജ്ജീകരിച്ചിരിക്കുന്ന ഉത്പന്നങ്ങൾ കാണാൻ വിദേശ പ്രതിനിധികളുടെ തിരക്കുണ്ട് . വിവിധ രാജ്യങ്ങൾ പ്രതിരോധ ഉത്പന്നങ്ങൾക്കായി കരാർ ഒപ്പിട്ടേക്കും .

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് , ബ്രഹ്മോസ് എയ്റോ സ്‌പേസ് ,എയർ ബേസ് , ഇസ്രായേൽ എയ്റോ സ്‌പേസ് ഇൻഡസ്ട്രി ,റോൾസ് റോയ്‌സ് ,ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് ,ഭാരത് ഡൈനാമിക് ലിമിറ്റഡ് ,ആർമി ഏവിയേഷൻ ,ബോയിങ് ,സാബ് സഫ്രാൻ തുടങ്ങിയവരുടെ ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ട്. എയ്റോ ഇന്ത്യയുടെ ഏറ്റവും ആകർഷകമായ വ്യോമാഭ്യാസ പ്രകടനത്തിൽ ഇന്ത്യയുടെ അഭിമാനമായ പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശ വിസ്മയമൊരുക്കി .

logo
The Fourth
www.thefourthnews.in