'ഹിന്ദുക്കളെ കാക്കാന്‍ മോദിക്കൊരു വോട്ട്'; ഇസ്രയേൽ- ഗാസ സംഘർഷം മറയാക്കി മുസ്ലിം വിരുദ്ധത പരത്തി ഹിന്ദുത്വ പ്രൊഫൈലുകള്‍

'ഹിന്ദുക്കളെ കാക്കാന്‍ മോദിക്കൊരു വോട്ട്'; ഇസ്രയേൽ- ഗാസ സംഘർഷം മറയാക്കി മുസ്ലിം വിരുദ്ധത പരത്തി ഹിന്ദുത്വ പ്രൊഫൈലുകള്‍

മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ പണിയെടുക്കുന്ന സംഘപരിവാർ പ്രൊഫൈലുകൾ ഇസ്രയേൽ- ഹമാസ് സംഘർഷത്തെ വീണുകിട്ടിയ വലിയൊരു അവസരമായാണ് കാണുന്നത്

ഇസ്രയേൽ- ഹമാസ് സംഘർഷങ്ങളുടെ മറവിൽ മുസ്‌ലിംകൾക്കെതിരെ വെറുപ്പ് പടർത്തി തീവ്രഹിന്ദുത്വ പ്രൊഫൈലുകൾ. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്ലാമോഫോബിയ പരത്തുന്ന സന്ദേശങ്ങളുമായി നൂറുകണക്കിന് സംഘപരിവാർ പ്രൊഫൈലുകളാണ് രംഗത്തെത്തിയത്. ഹമാസിനെ പോലെയുള്ള ഇസ്ലാമിസ്റ്റ് ഭീകരവാദ സംഘടനകളുടെ ഭീഷണിയിലാണ് ഇന്ത്യയിലെ ഹിന്ദുക്കളെന്നും നരേന്ദ്ര മോദിക്ക് മാത്രമേ അതിൽനിന്ന് രക്ഷിക്കാൻ കഴിയുവെന്ന തരത്തിലാണ് ഓൺലൈനിലെ വ്യാജപ്രചാരണങ്ങൾ. അവസരം കിട്ടുമ്പോഴെല്ലാം വ്യാജനിർമിതികളിലൂടെ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ പണിയെടുക്കുന്ന സംഘപരിവാർ പ്രൊഫൈലുകൾ ഇസ്രയേൽ- ഹമാസ് സംഘർഷത്തെ വീണുകിട്ടിയ വലിയൊരു അവസരമായാണ് കാണുന്നത്.

വാട്സാപ്പിലൂടെയാണ് പ്രധാനമായും ഹിന്ദുത്വ സംഘങ്ങൾ അവരുടെ മുസ്ലിം വിരുദ്ധ അജണ്ടകൾ പ്രചരിപ്പിക്കുന്നത്. ഇസ്രയേൽ- ഹമാസ് സംഘർഷം മുൻ നിർത്തി മോദിക്ക് വോട്ട് തേടുന്ന സന്ദേശങ്ങൾ പോലും ഈ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. "ഇസ്രയേലിൽ സംഭവിക്കുന്നത് ഭാരതത്തിലും സംഭവിക്കാം!!" എന്ന സന്ദേശമാണ് ഗ്രൂപ്പുകളിലുടനീളം പ്രചരിക്കുന്നത്. ഹിന്ദുക്കൾക്കുള്ള മുന്നറിയിപ്പാണ് ഇസ്രയേലെന്നും ആസന്നമായ ആക്രമണത്തിൽനിന്ന് ഹിന്ദുക്കളെ രക്ഷിക്കാൻ മോദിക്ക് മാത്രമേ ആകൂവെന്നുമാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ ഫോട്ടോകൾക്കൊപ്പം "ഇന്ത്യയെ സുരക്ഷിതമായി നിലനിർത്തിയതിന് “ഇന്ന് രാത്രി നിങ്ങൾ ഉറങ്ങുന്നതിനുമുമ്പ്” ഈ മൂവരോടും നന്ദി പറയു" എന്നാവശ്യപ്പെടുന്ന മറ്റൊരു സന്ദേശവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയ്‌ക്കെതിരെ വരാനിരിക്കുന്ന ഇസ്ലാമിസ്റ്റ് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഇതേ വ്യാജസന്ദേശങ്ങളിൽ രാജ്യത്തെ മറ്റുപ്രശ്നങ്ങളെല്ലാം മറന്ന് സുരക്ഷിതരായിരിക്കാൻ മോദിക്ക് വോട്ട് ചെയ്യാനും ആഹ്വാനം ചെയ്യുന്നുണ്ട്.

ഇതിനൊപ്പം പലസ്തീനിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരെ മുഴുവൻ മോശക്കാരായും തീവ്രവാദത്തെ അനുകൂലിക്കുന്നവരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കൂടാതെ ദുരിതമനുഭവിക്കുന്ന പലസ്തീനികളെ പരിഹസിക്കുന്ന പോസ്റ്റുകളും വ്യാപകമാണ്. തുടർന്ന്, അവർക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിലേക്കും വ്യാപിക്കുന്നു. പലസ്തീനികളെ പിന്തുണയ്ക്കുന്നവരെ "പാമ്പുകൾ" എന്ന് വിശേഷിപ്പിക്കുന്നതാണ് മിക്ക പോസ്റ്റുകളും.

ഇസ്രയേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന നായാട്ടിനെ ന്യായീകരിക്കാൻ നിരവധി വ്യാജവും തെറ്റായതുമായ വാർത്തകൾ ആഗോളതലത്തിൽ പ്രചരിക്കുന്നുണ്ട്. ഹമാസിനെയും ഗാസയിലെ ജനങ്ങളെയും ഭീകരരായും അപരിഷ്കൃതരായും മുദ്രകുത്താനാണ് നീക്കങ്ങളത്രയും. ടെക്ക് ഭീമന്മാരായ എക്സ്, മെറ്റ എന്നിവരുടെ പിന്തുണയും അവർക്ക് ലഭിക്കുന്നുണ്ട്. പലസ്തീൻ അനുകൂല പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുക, അവയിടുന്ന അക്കൗണ്ടുകൾ ബാൻ ചെയ്യുക എന്നിങ്ങനെയുള്ള നടപടികൾ ഇവർ സ്വീകരിക്കുന്നതായി പരാതികൾ വ്യാപകമായി ഉയർന്നിരുന്നു. ആറ് ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന 'ഐസ് ഓൺ പലസ്തീൻ' എന്ന ഇൻസ്റ്റഗ്രാം പേജ് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായത് ടെക് ഭീമന്മാരുടെ ഇസ്രയേൽ അനുകൂല നിലപാടിന്റെ പ്രതിഫലനമാണെന്നും വിമർശനങ്ങളുണ്ടായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in