പൂഞ്ച് ഭീകരാക്രമണം; കൂടുതല്‍ സൈന്യത്തെ വിന്യസിക്കും, തിരച്ചിൽ ഊർജിതമാക്കി

പൂഞ്ച് ഭീകരാക്രമണം; കൂടുതല്‍ സൈന്യത്തെ വിന്യസിക്കും, തിരച്ചിൽ ഊർജിതമാക്കി

പൂഞ്ച്- രജൗരി മേഖലയിൽ ഭീകരാക്രമണം തടയുന്നതിന്റെ ഭാഗമായി സൈനികരുടെ എണ്ണം വർധിപ്പിക്കുവാനും കരസേന തീരുമാനിച്ചിട്ടുണ്ട്

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൂഞ്ചില്‍ സൈന്യം നടത്തുന്ന തിരച്ചിൽ ഊർജിതമായി തുടരുന്നു. താഴ്‌വരയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കെതിരെ ആക്രമണം നടത്താനും അവരുടെ ഗുഹാ സങ്കേതങ്ങൾ തകർക്കാനും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പ്രാദേശിക കമാൻഡർമാർക്ക് നിർദ്ദേശം നൽകിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദേരാ കി ഗലി, ബഫ്‌ലിയാസ് വനമേഖലയില്‍ വ്യോമ നിരീക്ഷണം ഏഴാം ദിവസവും തുടരുകയാണ്. പൂഞ്ച്- രജൗരി മേഖലയിൽ ഭീകരാക്രമണം തടയുന്നതിന്റെ ഭാഗമായി സൈനികരുടെ എണ്ണം വർധിപ്പിക്കുവാനും കരസേന തീരുമാനിച്ചിട്ടുണ്ട്.

പ്രദേശത്തെ ഇന്റർനെറ്റ്‌ സൗകര്യം പുനസ്ഥാപിച്ചിട്ടില്ല. അതേസമയം മൂന്ന് യുവാക്കൾ മരിച്ചത് സൈനികരുടെ മർദ്ദനത്തെ തുടർന്നെന്ന ആരോപണത്തിൽ കരസേന ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയില്‍ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാര്‍ ആരോപിച്ചിരുന്നത്.

അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ബ്രിഗേഡിയർ റാങ്കിലെ ഉദ്യോഗസ്ഥനെയടക്കം മൂന്നുപേരെ ചുമതലയിൽനിന്ന് മാറ്റിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. എന്നാല്‍ സൈന്യം ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അവരുടെ കുടുംബം പ്രതിഷേധം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പൂഞ്ചിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചത്.

പൂഞ്ച് ഭീകരാക്രമണം; കൂടുതല്‍ സൈന്യത്തെ വിന്യസിക്കും, തിരച്ചിൽ ഊർജിതമാക്കി
മനുഷ്യക്കടത്ത് സംശയം: ഫ്രാന്‍സ് പിടിച്ചെടുത്ത വിമാനം മുംബൈയിലെത്തി

ഡിസംബർ 21നായിരുന്നു ബുഫ്‌ലിയാസിനും ഇടയിലുള്ള നിബിഡ വനമേഖലയിലെ ദനാര്‍ സവാനിയ വളവില്‍ രണ്ട് സൈനിക വാഹനങ്ങളെ ഭീകരര്‍ പതിയിരുന്ന് ആക്രമിച്ചത്. ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ വർഷം 83 തീവ്രവാദികൾ ഉൾപ്പെടെ 124 പേരാണ് ജമ്മു കാശ്മീരിൽ കൊല്ലപ്പെട്ടത്.

ആക്രമണം നടന്ന പ്രദേശത്ത് സംശയാസ്പദമായ പ്രവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ രജൗരിയിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

രജൗരി-പൂഞ്ച് സെക്ടറില്‍ ആവര്‍ത്തിച്ചുള്ള ഭീകരാക്രമണങ്ങള്‍ക്ക് കാരണം ഇന്റലിജന്‍സിന്റെ പരാജയമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ ഡിജിപി എസ്പി വൈദ് കുറ്റപ്പെടുത്തിയിരുന്നു. 'രഹസ്യാന്വേഷണ ശൃംഖല ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇന്റലിജന്‍സിന് ബുദ്ധിശക്തി കുറവായതിനാല്‍ ഞങ്ങളാണ് പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in