പ്രവേശന രേഖകൾ വ്യാജം, 700 ഇന്ത്യൻ വിദ്യാർഥികളെ കാനഡ നാടുകടത്തും; പ്രതിഷേധം

പ്രവേശന രേഖകൾ വ്യാജം, 700 ഇന്ത്യൻ വിദ്യാർഥികളെ കാനഡ നാടുകടത്തും; പ്രതിഷേധം

പഞ്ചാബ് സ്വദേശികളാണ് നാടുകടത്തൽ ഭീഷണി നേരിടുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും

അഡ്മിഷൻ രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് 700 ഇന്ത്യൻ വിദ്യാർഥികളെ കാനഡ നാടുകടത്തുന്നു. വിവിധ സർവകലാശാലകളിലും കോളേജുകളിലും അഡ്മിഷൻ നേടിയവരാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇവരിൽ ഭൂരിഭാഗവും പേരും പഞ്ചാബിൽനിന്നുള്ളവരാണ്.

വിദ്യാർഥികളെ ജൂൺ 13ന് ഇന്ത്യയിലേക്ക് മടക്കി അയ്ക്കാനാണ് കാനഡയുടെ തീരുമാനം. നാടുകടത്തുന്നത് സംബന്ധിച്ച് വിദ്യാർഥികൾക്ക് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജൻസി കത്ത് നൽകിയിരുന്നു. തുടർന്ന് പ്രതിഷേധവുമായി വിദ്യാർഥികൾ തെരുവിലിറങ്ങി.

വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച അഡിമിറ്റ് കാര്‍ഡ് വ്യാജമാണെന്നു തിരിച്ചറിഞ്ഞതോടെയാണ് സി ബി എസ് എയുടെ നീക്കം. പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗം പേരും 2018 മുതല്‍ കാനഡയിലെത്തിയവരാണ്. വ്യാജരേഖകൾ സമര്‍പ്പിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ക്കിപ്പോള്‍ സ്ഥിര താമസത്തിനുള്ള അവസരവും നിഷേധിച്ചു.

അഡ്മിഷന്‍ ലെറ്റര്‍ ലഭിച്ചതുപ്രകാരം കാനഡയിലെത്തിയ വിദ്യാർഥികളോട്, വാഗ്ദാനം ചെയ്ത കോളേജില്‍ പ്രവേശനം പൂര്‍ത്തിയായെന്നും ഉടനെ മറ്റൊരു കോളേജിലേക്ക് മാറ്റി തരാമെന്നുമായിരുന്നു ഏജന്റ് അറിയിച്ചത്. ''ഒരു വര്‍ഷം നഷ്ടപ്പെടാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഏജന്റ് പറഞ്ഞതിന് സമ്മതിച്ചത്. ഞങ്ങള്‍ കോളേജ് മാറി പഠനം പൂര്‍ത്തിയാക്കി. എന്നാല്‍ മൂന്നു നാലു വര്‍ഷത്തിനു ശേഷം വിസ ലഭിക്കാനിടയായ കത്ത് വ്യാജമാണെന്ന് സിബിഎസ് ആ ഞങ്ങളോട് പറയുന്നു,'' വിദ്യാര്‍ഥികളിലൊരാള്‍ പറയുന്നു.

നാടുകടത്തപ്പെടുമോയെന്ന ഭയത്തിലാണ് വിദ്യാര്‍ഥികള്‍ കഴിയുന്നതെന്നും ഇത് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നുമായിരുന്നു മറ്റൊരു വിദ്യാര്‍ഥിയുടെ പ്രതികരണം. കാനഡയിലെ പഠനത്തിനായി വലിയ തുക ചെലവഴിച്ചിട്ടുണ്ടെന്നും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചുവരാന്‍ എങ്ങനെ സാധിക്കുമെന്നുമാണ് വിദ്യാർഥികൾ ചോദിക്കുന്നത്.

''ഈ വിഷയത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ നിരപരാധികളാണ് ഞങ്ങള്‍ വഞ്ചിക്കപ്പെട്ടു. ഞങ്ങള്‍ പ്രതിസന്ധിയിലാണ്,'' വിദ്യാര്‍ഥികളിലൊരാള്‍ പറയുന്നു.

പഞ്ചാബില്‍നിന്നുള്ള ലവ്പ്രീത് സിങ്ങാണ് സമാന സംഭവത്തിൽ ആദ്യമായി നാടുകടത്തപ്പെട്ടത്. ലാംടണ്‍ കോളജില്‍നിന്ന് മാനേജ്മെന്റ് വിഷയത്തില്‍ ബിരുദം നേടാനായി 2017 സെപ്തംബറിലാണ് ലവ്പ്രീത് മിസ്സിസാഗയിലെത്തിയത്. ലവ്പ്രീതിനു തൊട്ടുപിന്നാലെ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെയും നാടുകടത്തിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കനേഡിയന്‍ പാര്‍ലമെന്റിലും പ്രതിഫലിച്ചു. വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നത് സ്റ്റേ ചെയ്യുമോയെന്ന് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) നേതാവ് ജഗ്മീത് സിങ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ചോദിച്ചു. കുറ്റവാളികളെ കണ്ടെത്താനാണ് രാജ്യം ശ്രമിക്കുന്നതെന്നും ഇരകളെ ശിക്ഷിക്കുകയില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

വിഷയത്തില്‍ ഇടപെടൽ തേടി വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കറിനെ പഞ്ചാബ് പ്രവാസികാര്യ മന്ത്രി കുല്‍ദീപ് സിങ് ദലിവാള്‍ ബന്ധപ്പെട്ടിട്ടുണ്ട്. വിദ്യാർദികളുടെ ജീവിതത്തെയും കരിയറിനെയും ബാധിക്കുന്ന വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് ദലിവാള്‍ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in