അഭയാര്‍ഥികള്‍ പ്രതീകാത്മക ചിത്രം
അഭയാര്‍ഥികള്‍ പ്രതീകാത്മക ചിത്രം

ഇന്ത്യയുടെ അഭയാർത്ഥി നയവും റോഹിങ്ക്യൻ പ്രതിസന്ധിയും

മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ് വാച്ചിന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 40,000 റോഹിങ്ക്യകളാണ് ഇന്ത്യയില്‍ താമസിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയവും, പൗരത്വ ഭേദഗതി നിയമവും (സിഎഎ)യും ചര്‍ച്ചയാവുകയാണ്. നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ബുധനാഴ്ച്ച റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പാര്‍പ്പിടവും സുരക്ഷയും ഒരുക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തതും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഉയര്‍ന്ന സിഎഎ വിരുദ്ധ പ്രക്ഷോഭവുമാണ് വിഷയം വീണ്ടും ഉയര്‍ത്തിയത്. റോഹിങ്ക്യന്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ പുരിയുടെ ട്വീറ്റിന് പിന്നാലെ മന്ത്രിയുടെ തീരുമാനത്തിനു വിരുദ്ധമായ നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ അഭയാര്‍ത്ഥി നയവും വീണ്ടും ചര്‍ച്ചയാവുകയാണ്.

ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും വംശീയ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ 1970 കളിലാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തുതുടങ്ങുന്നത്. മ്യാന്‍മറിലെ റാഖൈന്‍ മേഖലയില്‍ 2015 മുതല്‍ നടന്ന വംശീയ അക്രമങ്ങള്‍ രൂക്ഷമായതിന് പിന്നാലെ പതിനായിരക്കണക്കിന് റോഹിങ്ക്യന്‍ വംശജര്‍ വന്‍ തോതില്‍ ഇന്ത്യയിലേക്ക് എത്താന്‍ കാരണമായി. 2017 ല്‍ മ്യാന്‍മാര്‍ സൈനികരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് നിരവധി അഭയാര്‍ത്ഥികളാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്നത്.

മനുഷ്യാവകാശ സംഘടനയായ ഹ്യൂമെൺ റൈറ്റ് വാച്ചിന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 40,000 ത്തോളം റോഹിങ്ക്യകളാണ് ഇന്ത്യയില്‍ താമസിക്കുന്നത്. അതില്‍ 20000ത്തോളം പേര്‍ യുഎന്‍ മനുഷ്യവകാശ കമ്മീഷനില്‍ അഭയാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥി കമ്മീഷന്റെ കണക്കു പ്രകാരം ഇന്ത്യന്‍ നഗരങ്ങളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളില്‍ 46 ശതമാനം സ്ത്രീകളും 36 ശതമാനം പെണ്‍കുട്ടികളുമാണ്.

റോഹിങ്ക്യകള്‍
റോഹിങ്ക്യകള്‍

റോഹിങ്ക്യന്‍ വിഷയത്തില്‍ ഇന്ത്യയിലെ സര്‍ക്കാരുകള്‍ കഴിഞ്ഞ കാലങ്ങളില്‍ ‍ സ്വീകരിച്ച നിലപാടുകള്‍ പലപ്പോഴും വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിന് പകരം നാടുകടത്താനാണ് ഇന്ത്യയുടെ ശ്രമങ്ങള്‍ എന്നുള്‍പ്പെടെ ചില നിയമ നിര്‍മാണങ്ങളുടെ പശ്ചാത്തലത്തില്‍ അഭിപ്രായം ഉയര്‍ന്നു.

പൗരത്വ നിയമവും, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കാനുമുള്ള കേന്ദ്ര സര്‍ക്കാർ നീക്കവും പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്കം കൂട്ടി. ഇതിനിടെയാണ് ഒരു കുറ്റവും ചെയ്യാതെ റോഹിങ്ക്യകളെ ജയിലില്‍ അടക്കാനാകില്ലെന്നും ഇവരെ പുനരധിവസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ നിലപാട് ചര്‍ച്ചയായത്.

അഭയാര്‍ത്ഥി പ്രശ്‌നവും ഇന്ത്യയും

അഭയാര്‍ത്ഥി പ്രശ്നങ്ങളില്‍ വ്യക്തമായ നിയമങ്ങളൊന്നും ഇന്ത്യയില്‍ നിലവിലില്ല. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമം അനുസരിച്ച് ശിക്ഷ ലഭിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണ ഘടന അനുച്ഛേദം 14, 21 പ്രകാരം ഏതൊരാള്‍ക്കും ഇന്ത്യ നല്‍കുന്ന നിയമ പരിരക്ഷ മാത്രമാണ് അഭയാര്‍ത്ഥികള്‍ക്കും ലഭിക്കുക.

മതിയായ രേഖകളുടെ അഭാവത്തില്‍ ഇന്ത്യയിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ യുഎന്‍എച്ച്ആറില്‍ രജിസ്റര്‍ ചെയ്തവരുടെ അവസ്ഥ ഇവരില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ്. നിയമ പരിരക്ഷയ്ക്കുള്ള അവസരം ഇവര്‍ക്ക് മുന്നിലുണ്ട്.

"1951 ലെ യുഎൻ അഭയാർത്ഥി കൺവെൻഷനെ ഇന്ത്യ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു, എല്ലാവർക്കും അവരുടെ വംശമോ മതമോ പരിഗണിക്കാതെ രാജ്യം അഭയം നൽകുന്നു." എന്നാണ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. എന്നാല്‍ 1952 ലെ യു എന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലും 1967 ലെ പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പ് വെച്ചിട്ടില്ല.

അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഇന്ത്യ ഇതുവരെ വ്യക്തമായ നയമോ നിയമമോ നടപ്പാക്കിയിട്ടില്ല. ഇതു കൊണ്ട് തന്നെ അഭയാര്‍ത്ഥി പ്രശ്‌നങ്ങളിലെ നിലപാടുകളില്‍ എപ്പോഴും ഭരണകക്ഷിയുടെ രാഷ്ട്രീയത്തിന് വലിയ സ്വാധീനം പ്രതിഫലിക്കും.

മോദി സര്‍ക്കാര്‍ 2019 ല്‍ ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം (സിഐഎ) പാസാക്കി. ഇതു വഴി പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റകാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിലേക്കുള്ള പാത തുറന്നു കൊടുക്കുകയും ചെയ്തു. എന്നാല്‍ ഈ നിയമത്തിനെതിരെ പരക്കെ പ്രതിഷേധമുയര്‍ന്നു. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍ക്കുന്ന മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നിയമം എന്നായിരുന്നു പ്രധാന ആരോപണം.

സിഎഎ പ്രതിഷേധത്തില്‍ നിന്ന്
സിഎഎ പ്രതിഷേധത്തില്‍ നിന്ന്

അഭയാര്‍ത്ഥികളോടുള്ള ഇന്ത്യന്‍ സമീപനം

രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികളോട് വ്യത്യസ്ത സമീപനമാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്. 1971 ലെ ബംഗ്ലാദേശ് - പാകിസ്താന്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ട ഇന്ത്യ ബംഗ്ലാദേശില്‍ നിന്നും പതിനായിരകണക്കിന് അഭയാര്‍ത്ഥികളെ സ്വീകരിച്ചിരുന്നു.

1959 ല്‍ ചൈന വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ടിബറ്റില്‍ നിന്നും ഇന്ത്യയിലെത്തിയ ദലൈലാമയേയും സംഘത്തേയും ഇരും കൈയും നീട്ടിയാണ് ഇന്ത്യ സ്വീകരിച്ചത്.

1983 മുതല്‍ 2009 വരെ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹമുണ്ടായി. നിരവധി പേരാണ് ഇക്കാലയളവില്‍ തമിഴ്‌നാട്ടില്‍ അഭയം പ്രാപിച്ചത്. ഇവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായി.

നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാറിന്‍റെ കാലത്താണ് രാജ്യം റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിച്ചത്. ഇവർ അനധികൃത കുടിയേറ്റക്കാരാണെന്നാണ് മുൻ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞത്. പലപ്പോഴും സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളും ഇവര്‍ക്ക് എതിരായിരുന്നു.

ബിജെപി സര്‍ക്കാരും റോഹിങ്ക്യകളും

കഴിഞ്ഞ അഞ്ച് വർഷക്കാലമായി കേന്ദ്ര സർക്കാരിന്റെയും ഇവരോട് ചേര്‍ന്ന് നില്‍ക്കുന്ന സംഘപരിവാര്‍ സംഘടനകളുടെയും നിലപാടുകൾ റോഹിങ്ക്യകൾക്ക് എതിരായിരുന്നു. 2017 മുതൽ റോഹിങ്ക്യകളെ അഭയാർഥികളായി അംഗീകരിക്കാനോ പുനരധിവസിപ്പിക്കാനോ ഇരുകൂട്ടർക്കും താല്പര്യമുണ്ടായിരുന്നില്ല. റോഹിങ്ക്യൻ പ്രശ്‌നത്തിൽ പലതവണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എഐഎംഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ വാഗ്വാദം പോലും ഉണ്ടായിട്ടുണ്ട്.

2019ലെ പൗരത്വഭേദഗതി നിയമത്തിന്റെ ചർച്ച വേളയിൽ റോഹിങ്ക്യകൾ പീഡിപ്പിക്കപ്പെട്ട സമൂഹം ആയിരുന്നിട്ട് കൂടി എന്തുകൊണ്ട് പൗരത്വം കൊടുക്കുന്നില്ല എന്ന ചോദ്യത്തിന് "റോഹിങ്ക്യകൾ ബംഗ്ലാദേശ് വഴി വന്നവരാണ്. മ്യാന്മാർ മതേതര രാജ്യമാണ്. റോഹിങ്ക്യകളെ അംഗീകരിക്കാൻ ആവില്ല" എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സ്വീകരിച്ച നിലപാട്.

അഭയാർത്ഥി പദവി നൽകാൻ നിയമപരമായി ചില വ്യവസ്ഥകള്‍ ഉണ്ട്, അതൊന്നും റോഹിങ്ക്യകൾക്ക് ഇല്ലാത്തതിനാൽ അവരെ അനധികൃത കുടിയേറ്റക്കാരായാണ് അംഗീകരിക്കാൻ പറ്റു എന്നായിരുന്നു 2017ൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്.

അതെവർഷം ഒക്ടോബർ ഒന്നിന് 23ാമത്‌ ഈസ്റ്റേൺ സോണൽ കൗൺസിൽ മീറ്റിങ്ങിൽ സംസ്ഥാനങ്ങളോട്‌ റോഹിങ്ക്യകളെ കണ്ടെത്തി ബയോമെട്രിക്സ് ശേഖരിച്ച്‌ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കാൻ രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. എന്നാൽ ഒക്ടോബർ 13ന് രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ ഇനിയും അംഗീകരിക്കാൻ ആവില്ല. റോഹിങ്ക്യകൾക്ക് ഭക്ഷണം വെള്ളം വസ്ത്രം തുടങ്ങിയവ എത്തിക്കാനും അവരെ സാമ്പത്തികമായി സഹായിക്കാനും തയ്യാറാണ് അതിൽ കൂടുതലായി ഒന്നും സാധിക്കില്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. പിന്നീട് 2020 ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ എല്ലാ റോഹിങ്ക്യകളെയും ഇന്ത്യയിൽ നിന്ന് തുടച്ച്‌ നീക്കുമെന്ന് ഷാ ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു.

2017ൽ ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ കൊടുത്ത മറുപടിയിൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പാകിസ്താൻ തീവ്രവാദ സംഘടനകൾ ആയി ബന്ധമുണ്ടെന്നും, കള്ളപ്പണ ഇടപാടുകളിലും, വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി മനുഷ്യക്കടത്തു അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. റോഹിങ്ക്യകൾ രാജ്യത്തെ ബുദ്ധ സമൂഹത്തിനും ഭീഷണിയാണെന്നും ജമ്മു, ഡൽഹി, ഹൈദരാബാദ്, മേവാത് എന്നിവിടങ്ങളിൽ തീവ്രവാദ പശ്ചാത്തലമുള്ള റോഹിങ്ക്യകളുടെ പ്രവർത്തനം സജീവമാണെന്നും റിപ്പോർട്ടിലുണ്ട്.

അഭയാര്‍ത്ഥികളോടുള്ള നിലപാടും, ഭരണഘടനയും

ദേശീയ സുരക്ഷയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അഭയാര്‍ത്ഥികളോട് കണ്ണടച്ചത്. എന്നാല്‍ സുപ്രീം കോടതി ചില കേസുകളില്‍ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അഭയാര്‍ത്ഥികള്‍ ഭീഷണി ഉയര്‍ത്തുന്നില്ലെന്നും ഇത്തരക്കാരെ തിരിച്ചയക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും നിരീക്ഷിച്ച സുപ്രീം കോടതി നാടുകടത്തല്‍ നിര്‍ത്താനും നിര്‍ദേശിക്കുന്ന നിലയുണ്ടായി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് അഭയാര്‍ത്ഥിയെ തിരിച്ചയക്കരുത് എന്ന തത്വം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് 1996-ല്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഇന്ത്യന്‍ ഭരണഘടന അഭയാര്‍ത്ഥികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്നാണ് ഈ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ചുള്ള ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം എന്നത് ഇന്ത്യയുടെ പ്രദേശത്തുള്ള എല്ലാവരെയും 'പൗരന്മാരും പൗരന്മാരല്ലാത്തവരും ഒരുപോലെ' സ്വീകരിക്കുന്നതാണ് എന്നും നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in