കശ്മീർ ജി20: തർക്കപ്രദേശത്തേയ്ക്കില്ലെന്ന് ചൈന, സ്വന്തം പ്രദേശത്ത്  നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യ

കശ്മീർ ജി20: തർക്കപ്രദേശത്തേയ്ക്കില്ലെന്ന് ചൈന, സ്വന്തം പ്രദേശത്ത് നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യ

യോഗത്തിൽ രജിസ്റ്റര്‍ ചെയ്യാതെ തുര്‍ക്കിയും സൗദി അറേബ്യയും

കശ്മീർ തർക്കപ്രദേശമാണെന്നും അവിടെ നടക്കുന്ന ജി20 യോഗത്തില്‍ പങ്കെടുക്കില്ലെന്നുമുള്ള ചൈനയുടെ നിലപാടിന് മറുപടിയുമായി ഇന്ത്യ. തർക്കപ്രദേശമല്ല, സ്വന്തം പ്രദേശത്ത് യോഗം നടത്താൻ സ്വാതന്ത്ര്യമുണ്ട്. ചൈനയുമായുള്ള സാധാരണ ബന്ധത്തിന് അതിർത്തിയില്‍ സമാധാനം അനിവാര്യമാണെന്നും ഇന്ത്യ മറുപടി നല്‍കി.

കശ്മീരിലെ ശ്രീനഗറില്‍ നടക്കുന്ന ജി 20 യോഗത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ അംഗരാജ്യങ്ങള്‍ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടില്ല. കശ്മീരില്‍ നടക്കുന്ന യോഗത്തെ എതിര്‍ത്ത് ചൈന രംഗത്ത് എത്തിയപ്പോള്‍ തുര്‍ക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇതുവരെ പരിപാടിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ല. മേഖലയിലെ കനത്ത സുരക്ഷയ്‌ക്കിടയിൽ 3-ാമത് ജി 20 ടൂറിസം വർക്കിങ് ഗ്രൂപ്പ് യോഗം മെയ് 22-24 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

സ്വന്തം പ്രദേശത്ത് യോഗങ്ങള്‍ നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യ

'തര്‍ക്ക പ്രദേശങ്ങളില്‍ ജി 20 യോഗം നടത്തുന്നതിനെ ചൈന ശക്തമായി എതിര്‍ക്കുന്നു. അത്തരം യോഗങ്ങളില്‍ ചൈന പങ്കെടുക്കില്ല' എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കിയത്.

യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുര്‍ക്കി തീരുമാനിച്ചുവെന്നും സൗദി അറേബ്യ ഇതുവരെ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്താന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ജി 20 അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇരുപതോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കാനാണ് സാധ്യത. നേരത്തെ നൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കേന്ദ്ര ഭരണപ്രദേശമായതിന് ശേഷം ജമ്മു കശ്മീര്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യാന്തര പരിപാടിയാണിത്

2019 ല്‍ കേന്ദ്ര ഭരണ പ്രദേശമായതിന് ശേഷം ജമ്മു കശ്മീര്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യാന്തര പരിപാടിയാണിത്. അതേസമയം യോഗം തടസ്സപ്പെടുത്താന്‍ തീവ്രവാദ ശ്രമം ഉണ്ടായേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in