ഗുര്‍പത്വന്ത് സിംഗ് പന്നൂൻ
ഗുര്‍പത്വന്ത് സിംഗ് പന്നൂൻ

മതിയായ കാരണമില്ല; ഗുര്‍പത്വന്ത് സിങ് പന്നുനിനെതിരായ ഇന്ത്യയുടെ റെഡ് കോര്‍ണര്‍ അഭ്യര്‍ത്ഥന തള്ളി ഇന്റര്‍പോള്‍

ന്യൂനപക്ഷ വിഭാഗങ്ങളെയും ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി പോരാടുന്നവരേയും വേട്ടയാടുന്നതിനായി റെഡ്‌കോര്‍ണര്‍ ദുരുപയോഗം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇന്റര്‍പോള്‍

ഖലിസ്ഥാന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നുനിനെതിരായ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. 'സിഖ്‌സ് ഫോര്‍ ജസ്റ്റിസി'ന്റെ സ്ഥാപകന്‍ ഗുര്‍പത്വന്ത് സിങ് പന്നുനിനെതിരായ തീവ്രവാദ ആരോപണങ്ങളില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന ഇന്റര്‍പോള്‍ തള്ളി. കേസുമായി ബന്ധപ്പെട്ട് നോട്ടീസ് പുറപ്പെടുവിക്കാനാവശ്യമായ മതിയായ വിവരങ്ങള്‍ നല്‍കിയില്ലെന്ന കാരണത്താലാണ് ഇന്റര്‍പോള്‍ അപേക്ഷ നിരസിച്ചത്. ഇത് രണ്ടാംതവണയാണ് ഇന്ത്യയുടെ ആവശ്യം ഇന്റര്‍പോള്‍ നിരസിക്കുന്നത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയാണ് 'സിഖ്‌സ് ഫോര്‍ ജസ്റ്റിസ് '.

ന്യൂനപക്ഷ വിഭാഗങ്ങളെയും ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി പോരാടുന്നവരേയും വേട്ടയാടുന്നതിനായി റെഡ്‌കോര്‍ണര്‍ ദുരുപയോഗം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഇന്റര്‍പോള്‍ സംശയിക്കുന്നത്. ഗുര്‍പത്വന്ത് സിങ് പന്നുന്‍ ഒരു സിഖ് വിഘടനവാദിയാണെന്നും 'സിഖ്‌സ് ഫോര്‍ ജസ്റ്റിസ്' ഒരു സ്വതന്ത്ര ഖലിസ്ഥാന്‍ സംഘടനയാണെന്നും ഇന്റര്‍പോളും സ്ഥിരീകരിക്കുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടായാണ് ഇന്റര്‍പോള്‍ ഗുര്‍പത്വന്ത് സിങിന്റെ നിലപാടിനെ കണക്കാക്കുന്നത് . ഇന്റര്‍പോള്‍ ഭരണഘടന പ്രകാരം റെഡ്‌കോര്‍ണര്‍ നോട്ടീസിന് വിധേയമാക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

എൻഐഎയ്ക്ക് വേണ്ടി 2021 മെയ് 21ന് ഗുര്‍പത്വന്ത് സിങ് പന്നുനിനെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് അഭ്യര്‍ത്ഥിച്ചിരുന്നു. മൊഹാലിയിലെ പ്രത്യേക എൻഐഎ കോടതി പന്നൂനിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ ആവശ്യമുന്നയിച്ചത്. കൃത്യമായ വിശദീകരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്നും ഇന്റര്‍പോള്‍ നോട്ടീസ് തള്ളിയത്.

2007 ല്‍ രൂപീകരിച്ച 'സിഖ്‌സ് ഫോര്‍ ജസ്റ്റിസ് 'എന്ന സംഘടനയെ 2019ലാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. പഞ്ചാബ് വിഭജനമെന്ന ലക്ഷ്യവുമായി രൂപം കൊണ്ട സംഘടനയാണിത്. പഞ്ചാബിനെ ഒരു സ്വതന്ത്ര രാജ്യമായി മാറ്റുന്നതിനായി സിഖ് ജനതയ്ക്കിടയില്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു സംഘടനയുടെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in