തകര്‍ന്ന മോര്‍ബി പാലം
തകര്‍ന്ന മോര്‍ബി പാലം

അനുവദിച്ചത് 2 കോടി ചെലവാക്കിയത് 12 ലക്ഷം; മോര്‍ബി പാലം അറ്റകുറ്റപണിയില്‍ വന്‍ ക്രമക്കേട്

നടന്നത് മോടിപ്പിടിപ്പിക്കല്‍ മാത്രം

ഗുജറാത്തില്‍ 135 പേരുടെ മരണത്തിന് കാരണമായ അപകടം നടന്ന മോർബിയിലെ നടപ്പാലത്തിന്റെ അറ്റകുറ്റപണികളില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം. പാലം അറ്റകുറ്റ പണിക്കായി അനുവദിച്ച തുകയുടെ ആറ് ശതമാനം മാത്രമാണ് വിനിയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കോടി രൂപ അറ്റകുറ്റ പണിക്കായി അനുവദിച്ചപ്പോള്‍ 12 ലക്ഷം രൂപമാത്രമാണ് കമ്പനി വിനിയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഒറെവ ഗ്രൂപ്പ് എന്ന കമ്പനിക്കാണ് മോര്‍ബി നഗര്‍ നടപ്പാലത്തിന്റെ അറ്റകുറ്റപണിയുടെ ചുമതല. 15 വര്‍ഷത്തേയ്ക്കാണ് കരാര്‍. ആറുമാസം നീണ്ടുനിന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമായിരുന്നു പാലം അടുത്തിടെ തുറന്നത്. ഗുജറാത്തി പുതുവര്‍ഷത്തില്‍ പാലം വീണ്ടും തുറക്കാന്‍ തയ്യാറാണെന്നും സുരക്ഷിതമാണെന്നും ഒക്ടോബര്‍ 24 നാണ് ഒറെവ ഗ്രൂപ്പ് ചെയര്‍മാന്‍ ജയ്‌സുഖ് പട്ടേല്‍ പ്രഖ്യാപിച്ചത്. പിന്നാലെ ആയിരുന്നു അപകടം.

പാലം അറ്റകുറ്റ പണിക്കായി അനുവദിച്ച തുകയുടെ ആറ് ശതമാനം മാത്രമാണ് വിനിയോഗിച്ചത്

അറ്റകുറ്റ പണികളുടെ പേരില്‍ നടന്നത് മോടി പിടിപ്പിക്കല്‍ മാത്രമാണ് എന്നാണ് ഫൊറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. ഇതിന് പുറമെ പാലം തുറക്കുന്നതിന് മുന്‍പ് മതിയായ ഫിറ്റ്‌നസ് പരിശോധന നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. ഉദ്ഘാടനത്തിന് മുന്‍പ് ഒക്ടോബര്‍ 24ന് കരാര്‍ കമ്പനി ഉടമ ജയ്‌സുഖ് പട്ടേലും ഉടമയും സ്ഥലം സന്ദര്‍ശിച്ചത് മാത്രമാണ് ഉണ്ടയത് എന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറുമാസത്തിലധികം നീണ്ടു നിന്ന പാലം പണിയില്‍ വന്‍ ക്രമക്കേടാണ് നടന്നിട്ടുളളത് .പഴയ കമ്പികള്‍ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. പ്ലാറ്റ് ഫോമുകളില്‍ മരപ്പാളികള്‍ക്ക് പകരം അലുമിനിയം ഉപയോഗിച്ചു. ഇത് പാലത്തിന്റെ ഭാരം കൂട്ടി. ഇത് വലിയ വീഴ്ചയാണ് എന്നാണ് വിലയിരുത്തല്‍. ഈ പണികളൊന്നും എഞ്ചിനീയറുടെ മേല്‍ നോട്ടത്തിലല്ല നടന്നത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ പാലം തുറന്ന് കൊടുക്കുകയും ചെയ്തു. വലിയ തോതിൽ ആളുകളെ ഒരേ സമയം പാലത്തില്‍ കയറ്റിയതും അപകടത്തിനാക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍.

പാലം തകർന്ന അപകടവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലത്തിന്റെ നവീകരണ പണികൾ ചെയ്ത കമ്പനിയായ ഒറേവയുടെ മാനേജർമാരും ടിക്കറ്റ് വിൽപനക്കാരും പാലം അറ്റകുറ്റപ്പണി ചെയ്യുന്ന കോൺട്രാക്ടർമാരും മൂന്ന് സെക്യൂരിറ്റി ഗാർഡുകളും ഉൾപ്പെടെയാണ് അറസ്റ്റിലായത്. 

logo
The Fourth
www.thefourthnews.in