ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള സിമുലേറ്റഡ് ക്രൂ മൊഡ്യൂള്‍ ഏറ്റെടുത്ത് ഐഎസ്ആര്‍ഒ

ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള സിമുലേറ്റഡ് ക്രൂ മൊഡ്യൂള്‍ ഏറ്റെടുത്ത് ഐഎസ്ആര്‍ഒ

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ വഹിക്കേണ്ട ഘടനയുടെ തനി പകര്‍പ്പാണ് ഈ എസ്‌സിഎം

ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ഭാഗമായുള്ള പരീക്ഷണ പറക്കലിനായി തദ്ദേശീയമായി നിര്‍മിച്ച ആദ്യ സിമുലേറ്റഡ് ക്രൂ മൊഡ്യൂള്‍ ഐഎസ്ആര്‍ഒ ഏറ്റെടുത്തു. വിക്രം സാരാഭായ് സ്‌പേസ് സെൻ്റർ വികസിപ്പിച്ചെടുത്ത ക്രൂ മൊഡ്യൂള്‍ ഹൈദരബാദ് ആസ്ഥാനമാക്കിയുള്ള മഞ്ജീര മെഷീന്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് യാഥാര്‍ത്ഥ്യമാക്കിയത്. ഗഗന്‍യാന്‍ ദൗത്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ വഹിക്കേണ്ട ഘടനയുടെ തനി പകര്‍പ്പാണ് ഈ എസ്‌സിഎം. വരും മാസങ്ങളില്‍ പരീക്ഷണ വാഹനമായ മിനി റോക്കറ്റില്‍ പുതിയ എസ്‌സിഎം പരീക്ഷണം നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുപോകുന്ന ദൗത്യത്തില്‍ ആളുകളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. അതിനായി പറക്കലിൻ്റെ വിവിധഘട്ടങ്ങളിലും സാഹചര്യങ്ങളിലും ക്രൂ മൊഡ്യൂളിന് സ്വയം പുറന്തള്ളാനും രക്ഷപെടാനുമുള്ള പ്രാപ്തിയുണ്ടാക്കുകയാണ് ഐഎസ്ആര്‍ഒ. ചെറുതും അതിവേഗം പുറത്തേക്ക് തെറിക്കുന്നതുമായ സോളിഡ്-പ്രൊപ്പല്‍സ് എസ്‌കേപ്പ് മോട്ടോറുകളുടെ സഹായത്താല്‍ മുഴുവന്‍ ക്രൂ മൊഡ്യൂളിനും റോക്കറ്റില്‍ നിന്ന് വളരെ വേഗത്തില്‍ പുറത്ത് കടക്കാന്‍ കഴിയും.

യഥാര്‍ത്ഥ ക്ര്യു മൊഡ്യൂളും ജിഎസ്എല്‍വി എംകെ3 റോക്കറ്റും വളരെ ചെലവേറിയതായതുകൊണ്ടാണ് പരീക്ഷണങ്ങള്‍ക്കായി സിമുലേറ്റഡ് ക്രൂ മൊഡ്യൂളും പരീക്ഷണ വാഹനം എന്നറിയപ്പെടുന്ന മിനി ലിക്വിഡ്-ഇന്ധന റോക്കറ്റും ഉപയോഗിക്കുന്നത്. VSSC ഡയറക്ടര്‍ എസ്.ഉണ്ണിക്കൃഷ്ണന്‍ നായരുടെ സാന്നിധ്യത്തില്‍ മാഞ്ചിറ ബില്‍ഡേഴ്സ് കാമ്പസില്‍ നടന്ന ചടങ്ങിലാണ് ഐഎസ്ആര്‍ഒ സിമുലേറ്റഡ് ക്രൂ മൊഡ്യൂള്‍ ഏറ്റെടുത്തത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്, മഞ്ചിറ ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടര്‍ വി എന്‍ സായി പ്രകാശ്, ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്റര്‍ (എച്ച്എസ്എഫ്‌സി) ഡയറക്ടര്‍ ആര്‍ ഉമാ മഹേശ്വരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in