പിന്തുണയിൽ ആര് മുന്നിൽ?
അജിത് പവാറോ ശരദ് പവാറോ?
കൂറുമാറ്റ ആശങ്കയിൽ ഇരുപക്ഷവും

പിന്തുണയിൽ ആര് മുന്നിൽ? അജിത് പവാറോ ശരദ് പവാറോ? കൂറുമാറ്റ ആശങ്കയിൽ ഇരുപക്ഷവും

സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷവും എത്ര പേരുടെ പിന്തുണയാണ് തനിക്കുള്ളതെന്ന് ഉറപ്പാക്കാന്‍ അജിത് പവാറിന് ഇതുവരെ സാധിച്ചിട്ടില്ല

നാടകീയ നീക്കങ്ങള്‍ മഹാരാഷ്ട്രയില്‍ ഇപ്പോഴും തുടരുമ്പോഴും ആരൊക്കെയാണ് ഇരുഭാഗത്തുള്ളതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 53 എംഎല്‍മാരില്‍ 40പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷവും എത്ര പേരുടെ പിന്തുണയാണ് തനിക്കുള്ളതെന്ന് ഉറപ്പാക്കാന്‍ അജിത് പവാറിന് ഇതുവരെ സാധിച്ചിട്ടില്ല.

അജിത് പവാര്‍ ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ 40 ലധികം എംഎല്‍മാരുടെ പിന്തുണയുണ്ടെന്നും അവരുടെ ഒപ്പുകളുണ്ടെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഉദ്ദേശലക്ഷ്യം എന്തെന്ന് അറിയാതെ അബദ്ധത്തില്‍ ഒപ്പുവച്ചതാണെന്ന് പറഞ്ഞ് രണ്ട് എംഎല്‍എമാർ തിരിച്ച് ശരദ് പവാർ ക്യാംപിൽ തിരിച്ചെത്തി. അജിത് പവാറിനോ ശരത് പവാറിനോ ഇത് വരെ എത്ര എംഎല്‍മാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. കുറച്ച് എന്‍സിപി നേതാക്കള്‍ ശരത് പവാറിനോടൊപ്പമാണെന്ന് ട്വീറ്റ് ചെയ്തതല്ലാതെ മറ്റ് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തെങ്കിലും എംഎല്‍മാരായ മക്രന്ദ് പാട്ടീലും ബാലാസാഹേബ് പാട്ടിലൂം പിന്നീട് ശരദ് പവാര്‍ പക്ഷത്തേയ്ക്ക് മടങ്ങിയെത്തിയിരുന്നു. അമോല്‍ കോല്‍ഹെ എന്ന എംപിയും ശരദ് പവാറിന്റെ പക്ഷത്തേയ്ക്ക് മടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. അനില്‍ ദേശ്മുഖ്, ജിതേന്ദ്ര അവധ്, ജയന്ത് പാട്ടീല്‍, രോഹിത് പവാര്‍, സന്ദീപ് ക്ഷീര്‍സാഗര്‍, പ്രജക്ത് പ്രസാദ്‌റാവു തന്‍പുരെ എന്നിവരാണ് ശരദ് പവാറിന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റുകള്‍ ഇട്ടത്.

ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, ദിലീപ് വാല്‍സെ പാട്ടീല്‍, അനില്‍ പാട്ടീല്‍, ഹസന്‍ മുഷ്രിഫ്, അദിതി തത്കരെ, ധര്‍മ്മറാവുബാബ അത്രം, സഞ്ജയ് ബന്‍സോഡെ എന്നീ എംഎല്‍മാരാണ് അജിത് പവാറിന്റെ കൂടെ സത്യപ്രതിജ്ഞ ചെയ്തത്. ശരദ് പവാര്‍ നേരിട്ട് എംഎല്‍മാരെ വിളിച്ച് അന്വേഷിക്കുമ്പോള്‍ മാത്രമേ എത്ര പേര്‍ കൂടെയുണ്ടാകൂ എന്ന് മനസിലാകൂ എന്ന് ജിതേന്ദ്ര അവാദ് വ്യക്തമാക്കി. പാര്‍ട്ടിയുടെ പിന്തുണ തനിക്കുണ്ടെന്നും ശരദ് പവാര്‍ നേതാവായി തുടരുമെന്നും അജിത് പവാർ പറഞ്ഞു.എന്നാൽ ഇത് വരെ ഒന്‍പത് എംഎല്‍മാരെ മാത്രമാണ് അജിത് പവാറിനൊപ്പം കാണാനായത്.

പിന്തുണയിൽ ആര് മുന്നിൽ?
അജിത് പവാറോ ശരദ് പവാറോ?
കൂറുമാറ്റ ആശങ്കയിൽ ഇരുപക്ഷവും
മഹാരാഷ്ട്രയിൽ നാടകീയ നീക്കം: അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അതായത് പാര്‍ട്ടിയെ പിളര്‍ത്താനും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി ഒഴിവാക്കാനും ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അജിത് പവാറിന് ഇപ്പോള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഭൂരിഭാഗം അജിത് പവാറിനൊപ്പമാണെങ്കില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെടാന്‍ സാധിക്കും. കൂറുമാറിയവരെ അയോഗ്യരാക്കുന്നതിനെക്കുറിച്ചുള്ള നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിക്കുകയാണെന്നും ശരദ് പവാര്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അജിത് പവാറിനെയും കൂട്ടരെയും അയോഗ്യരാക്കണമോ എന്ന കാര്യത്തില്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് തീരുമാനമെടുക്കുക.

ഷിന്‍ഡെ പക്ഷത്തിനൊപ്പം പോയപ്പോള്‍ പാര്‍ട്ടി വിട്ട എംഎല്‍മാരെ ദ്രോഹികള്‍ എന്ന് മുദ്രകുത്തി പാര്‍ട്ടിയിലേക്ക് തിരിച്ച് വരാനുള്ള സാധ്യത തള്ളിക്കളഞ്ഞ ഉദ്ധവ് താക്കറെയുടെ നിലപാട് ആയിരിക്കില്ല ശരദ് പവാറിനെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര മന്ത്രിസഭയില്‍ ചേര്‍ന്ന ഒമ്പത് എംഎല്‍മാര്‍ മടങ്ങി വരില്ലെന്ന് ശരദ് പവാറിന് അറിയാമെങ്കിലും മറ്റുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയിലേക്ക് തിരിച്ചെത്താമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അജിത് പവാറിനൊപ്പം പോയ എല്ലാവര്‍ക്കും തിരിച്ച് പാര്‍ട്ടിയിലേക്ക് മടങ്ങിവരാമെന്ന് സുപ്രിയ സുലെയും വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in