മാധ്യമനിയന്ത്രണത്തിന് കേന്ദ്രത്തിന്റെ 
പുതുവഴികൾ; 'വ്യാജവാർത്തകൾ' തിരിച്ചറിയാൻ ഫാക്ട് ചെക്കിങ് ബോഡി

മാധ്യമനിയന്ത്രണത്തിന് കേന്ദ്രത്തിന്റെ പുതുവഴികൾ; 'വ്യാജവാർത്തകൾ' തിരിച്ചറിയാൻ ഫാക്ട് ചെക്കിങ് ബോഡി

ഫാക്ട് ചെക്കിങ് ബോഡി 'തെറ്റാണെന്ന്'കണ്ടെത്തുന്ന എല്ലാ ഉള്ളടക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റിടങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്ന് കഴിഞ്ഞ ജനുവരിയിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു

സർക്കാരുമായി ബന്ധപ്പെട്ട 'തെറ്റാ'യാതോ 'തെറ്റിദ്ധരിപ്പിക്കുന്നതോ' ആയ ഉള്ളടക്കങ്ങളെ തിരിച്ചറിയാൻ വസ്തുത പരിശോധന ബോഡിയെ നിയോഗിക്കുമെന്ന് കേന്ദ്രം. ഇതുപ്രകാരം കണ്ടെത്തുന്ന വാർത്തകളോ ലേഖനങ്ങളോ മറ്റ് ഉള്ളടക്കങ്ങളോ, അത് പങ്കുവെക്കുന്ന മൂന്നാം കക്ഷി നീക്കം ചെയ്യേണ്ടി വരും. വസ്തുതാ പരിശോധനാ ബോഡിയെ നിയമിക്കാൻ 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രസ് ഇൻഫർമേഷൻ ബ്യുറോ (പിഐബി) യുടെ കീഴിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന ഫാക്ട് ചെക്കിങ് ബോഡി 'തെറ്റാണെന്ന്'കണ്ടെത്തുന്ന എല്ലാ ഉള്ളടക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റിടങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്ന് കഴിഞ്ഞ ജനുവരിയിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമ രേഖകളിൽ നിന്ന് പിഐബിയെ സംബന്ധിച്ചുള്ള പരാമർശങ്ങൾ കേന്ദ്രം നീക്കം ചെയ്തിട്ടുണ്ട്.

യൂട്യൂബ്, ഫേസ്ബുക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും എയർടെൽ, ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയ ഇന്റർനെറ്റ് സേവന ദാതാക്കളും ഉൾപ്പടെയുള്ളവർ ഐടി മന്ത്രാലയത്തിന് കീഴിൽ വരുന്ന വസ്തുത പരിശോധന ബോഡി വ്യാജമെന്നോ തെറ്റിദ്ധരിപ്പിക്കുന്നതെന്നോ തിരിച്ചറിഞ്ഞ ഉള്ളടക്കങ്ങൾ പങ്കുവെക്കാതിരിക്കാൻ ന്യായമായ ശ്രമങ്ങൾ നടത്തണമെന്ന് നിർദേശത്തെ സംബന്ധിച്ച കേന്ദ്ര മന്ത്രാലയം പുറത്തുവിട്ട അന്തിമ രേഖയിൽ പറയുന്നു. അത്തരം പോസ്റ്റുകൾ ഇടനിലക്കാർ നീക്കം ചെയ്യണം. അല്ലെങ്കിൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കും. സോഷ്യൽ മീഡിയ സൈറ്റുകൾ അത്തരം പോസ്റ്റുകൾ നീക്കം ചെയ്യുകയും ഇന്റർനെറ്റ് സേവന ദാതാക്കൾ ഇത്തരം ഉള്ളടക്കത്തിന്റെ URL-കൾ ബ്ലോക്ക് ചെയ്യുകയും വേണം.

ഈ നിർദേശത്തിനതിരെ നേരത്തെ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. വ്യാജവാർത്തകളുടെ നിർണയം സർക്കാരിന്റെ മാത്രം കൈകളിൽ ഒതുക്കാൻ സാധിക്കില്ല. ഇത് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ ഈ രീതി പ്രതികൂലമായി ബാധിക്കുമെന്നും നിർദേശം ഉടൻ പിൻവലിക്കണമെന്നും ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ പിന്തുണയുള്ള ഫാക്ട് ചെക്ക് ബോഡി വിശ്വസനീയമായ രീതിയിൽ പ്രവർത്തിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സർക്കാരിനും മറ്റു ഓൺലൈൻ പാർട്ടികൾക്കും ഒരുപോലെ ആവശ്യമായതാണ് ഈ സംവിധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in