ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കടുത്ത നിയന്ത്രണം വരും; ലക്ഷ്യം ഉപയോക്തൃ സുരക്ഷയെന്ന് ഐടി മന്ത്രി

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കടുത്ത നിയന്ത്രണം വരും; ലക്ഷ്യം ഉപയോക്തൃ സുരക്ഷയെന്ന് ഐടി മന്ത്രി

ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾ ടെലികോം ബില്ലിന്റെ പരിധിയിൽ വരും

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. പുതിയ ടെലികോം ബിൽ അവതരിപ്പിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങൾ വന്നു കഴിയുമ്പോൾ സ്‌പാം കോളുകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നും ഉപയോക്താക്കൾക്ക് വലിയ ആശ്വാസമായിരിക്കും ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഉപയോക്തൃ സംരക്ഷണത്തിനും സൈബർ തട്ടിപ്പ് തടയുന്നതിനുമായുളള ബിൽ പാസാകുന്നതോടെ സൈബർ തട്ടിപ്പുകൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വാട്സ്ആപ്പ്, സൂം പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും കോളുകൾ വരുമ്പോൾ ആരാണ് വിളിക്കുന്നതെന്ന് അറിയാൻ ഓരോ ഉപയോക്താവിനും അവകാശമുണ്ട്.

വാട്സ്ആപ്പ്,, സൂം പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും കോളുകൾ വരുമ്പോൾ ആരാണ് വിളിക്കുന്നതെന്ന് അറിയാൻ ഓരോ ഉപയോക്താവിനും അവകാശമുണ്ട്. പുതിയ ബില്ലിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾ ടെലികോം ബില്ലിന്റെ പരിധിയിൽ വരും. കരട് ബില്ലിൽ ഒടിടി, കമ്മ്യൂണിക്കേഷൻ സേവനങ്ങളും ടെലികോം പരിധിയിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കരട് ബിൽ പ്രകാരം വാട്സ്ആപ്പ്, സൂം, സ്കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, ടെലിഗ്രാം, മൈക്രോസോഫ്റ്റ് ടീമുകൾ, ഗൂഗിൾ ഡ്യുവോ എന്നിവ പോലുള്ള കോളിംഗ്, മെസേജിംഗ് സേവനങ്ങൾ എന്നിവയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ഇന്ത്യയുടെ ആദ്യ കടമ്പയാണ് ടെലികോം മേഖല. പുതിയ ബിൽ വന്നു കഴിഞ്ഞാൽ ഉപയോക്താക്കളുടെ ഡാറ്റകൾക്ക് സംരക്ഷണം ലഭിക്കും. ടെലികോം ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉപഭോക്തൃ സംരക്ഷണമാണ്.
അശ്വിനി വൈഷ്ണവ്

നിയന്ത്രണങ്ങൾ വന്നുകഴിയുമ്പോൾ ആർക്കും ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ലെന്ന് മന്ത്രി പറഞ്ഞു. കരട് ടെലികോം ബില്ലിനെക്കുറിച്ച് കൂടിയാലോചനയിലാണ്. അതിന്റെ അടിസ്ഥാനത്തിൽ അന്തിമ കരട് തയ്യാറാക്കും. എന്നാൽ പുതിയ ബിൽ നിയമമാകുന്നതിന് കുറഞ്ഞത് 6 മുതൽ10 മാസം വരെ സമയമെടുക്കും. അന്തിമ കരട് തയ്യാറാക്കിയ ശേഷം അത് പാർലമെന്റിന്റെ പരിഗണനയ്‌ക്ക് പോകും. ബിൽ നിയമമായി കഴിഞ്ഞാൽ സൈബർ തട്ടിപ്പുകൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വന്നുകഴിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു.

കരട് ബിൽ അനുസരിച്ച്, നിലവിലുള്ള എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും ഇളവുകളും തുടരും. എന്നാൽ മുൻകാല ഭേദഗതികൾ ഉണ്ടാകില്ല. നിലവിലുള്ള എല്ലാ ലൈസൻസുകളും രജിസ്ട്രേഷനുകളും തുടരുമെന്നും മന്ത്രി പറഞ്ഞു. ടെലികോമുമായി ബന്ധപ്പെട്ട് നിലവിൽ ഇന്ത്യയിൽ മൂന്ന് നിയമങ്ങളുണ്ട്. ഈ നിയമങ്ങളിൽ ഇപ്പോൾ മാറ്റം വരേണ്ടതുണ്ട്. കരട് ബില്ലിൽ കെവൈസി, ഡിഎൻഡി വ്യവസ്ഥകളുണ്ടെന്നും ലൈസൻസ് ആവശ്യമില്ലാത്ത വയർലെസ് ഉപകരണങ്ങൾക്ക് ഇത് സൗകര്യമൊരുക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in