ശെഖാവത്തിനെ മാതൃകയാക്കുമോ? ആരാണ് പുതിയ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ?

ശെഖാവത്തിനെ മാതൃകയാക്കുമോ? ആരാണ് പുതിയ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ?

ഷെഖാവത്തിനും വെങ്കയ്യ നായിഡുവിനും ശേഷം ഉപരാഷ്ട്രപതിയാകുന്ന മൂന്നാമത്തെ ബി.ജെ.പി സ്ഥാനാർഥിയാണ് ധൻഖർ

ഇന്ത്യയുടെ പുതിയ ഉപരാഷ്‌ട്രപതിയായി ജഗദീപ് ധൻഖർ തിരഞ്ഞെടുക്കപെടുമെന്ന് ഉറപ്പായിരിക്കുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥി മാര്‍ഗരറ്റ് ആല്‍വയെ പരാജയപ്പെടുത്തിയാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലേക്ക് എത്തുന്നത്. പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ധൻഖർ. പാർലമെന്റ് നടപടികൾ കലുഷിതമാകുന്ന സാഹചര്യത്തിൽ പുതിയ ഉപരാഷ്ട്രപതിയുടെ നിലപാടുകൾ എപ്രകാരമാകുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

ഭരണഘടന പ്രകാരം രാജ്യസഭാ ചെയർപേഴ്‌സണാണ് ഉപരാഷ്ട്രപതി. സഭയുടെ നടപടിക്രമങ്ങളും ചട്ടങ്ങളും നടപ്പിലാക്കേണ്ട ചുമതല ചെയർപേഴ്സനാണ് . നിലവിലെ സാഹചര്യത്തിൽ, രാജ്യസഭയിലെ നിർണായകമായ നിയമനിർമ്മാണ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ചെയർപേഴ്സന്റെ പങ്ക് പരമപ്രധാനമായിരിക്കും.

രാജ്യസഭയുടെ അധ്യക്ഷനെന്ന നിലയിൽ, ഭരണഘടനയും ബിസിനസ്സ് പെരുമാറ്റച്ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ധൻഖർ തന്റെ പങ്ക് നിർവഹിക്കേണ്ടതുണ്ട്. അതിനുള്ള ഏറ്റവും നല്ല മാർഗം തന്റെ വിശിഷ്ട മുൻഗാമികളുടെ പൈതൃകത്തിൽ ഉറച്ചുനിൽക്കുക എന്നതാണ്. ഇതിലെടുത്ത് പറയേണ്ട പേരാണ് ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച ഭൈരോൺ സിംഗ് ഷെഖാവത്തിന്റേത്. ഷെഖാവത്തിനും വെങ്കയ്യ നായിഡുവിനും ശേഷം ഉപരാഷ്ട്രപതിയാകുന്ന മൂന്നാമത്തെ ബി.ജെ.പി സ്ഥാനാർഥിയാണ് ധൻഖർ.

ഭൈരോൺ സിംഗ് ഷെഖാവത്ത്
ഭൈരോൺ സിംഗ് ഷെഖാവത്ത്

രാജ്യസഭാ ചെയർപേഴ്സൺ എന്ന നിലയിൽ മാതൃകാപരമായ നിലപാടുകൾ സ്വീകരിച്ച വ്യക്‌തിയായിട്ടാണ് ശെഖാവത്ത് അറിയപ്പെടുന്നത്. ഭരണപക്ഷത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങുകയോ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിക്കൊടുക്കുകയോ അല്ല ഒരു രാജ്യസഭാ അധ്യക്ഷന്റെ കർത്തവ്യമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ധൻഖറിന് മാതൃകയാണ്. സഭയിലെ മാന്യമായ പെരുമാറ്റവും നിഷ്പക്ഷതയും കൊണ്ട് ഇരു പക്ഷവും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.

ബിജെപിയുടെ സ്ഥാനാർത്ഥിയായി ഉപരാഷ്ട്രപതി പദവിയിലെത്തിയെങ്കിൽ തന്നെയും മതേതരത്വത്തെ മുറുകെ പിടിക്കുന്നതിൽ ശെഖാവത്ത് വിട്ടുവീഴ്ച ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ കാലത്താണ് രാജ്യസഭാ പെറ്റീഷൻ കമ്മിറ്റിക്ക് നിവേദനം നല്കാൻ ജനങ്ങൾക്ക് അവസരം നൽകിയത്. ജനങ്ങളെ പാർലമെന്റ് സംവിധാനവുമായി കൂടുതൽ അടുപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജ്യസഭയിലെ പല ചരിത്ര തീരുമാനങ്ങൾക്കും നേതൃത്വം വഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

ധൻഖറിന്റെ രാഷ്ട്രീയ ജീവിതം

'കിസാൻ പുത്ര' (കർഷകന്റെ മകൻ) എന്നാണ് ബിജെപി അധ്യക്ഷൻ ജെപി നദ്ദ ജഗ്ദീപ് ധൻഖറിനെ വിശേഷിപ്പിച്ചത്. ജാട്ട് സമുദായത്തിൽ പെട്ടയാളാണ് ധൻഖർ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ 'ജാട്ട്' കർഷകർ ബിജെപിയിൽ നിന്ന് അകന്നിരുന്നു. ഈ സാഹചര്യത്തിലാണ് ധൻഖർ ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായത് എന്നതും ശ്രദ്ധേയമാണ്.

രാജസ്ഥാനിലെ ജാട്ട് സമുദായം ഉൾപ്പെടെയുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് ഒ.ബി.സി. പദവി നേടി കൊടുത്തതിൽ ധൻഖറും പങ്കാളിയായിരുന്നു.

മിക്ക ജാട്ട് രാഷ്ട്രീയക്കാരെയും പോലെ ധൻഖറും ദേവി ലാലിൻറെ അനുയായി ആയിരുന്നു. പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോൾ ധൻഖർ കോൺഗ്രസിൽ ചേർന്നു. എന്നാൽ രാജസ്ഥാൻ രാഷ്ട്രീയത്തിൽ അശോക് ഗെഹ്‌ലോട്ട് വളർന്നതോടെ അദ്ദേഹം ബിജെപിയിലേക്ക് മാറി.

മമത ബാനർജിയും ജഗദീപ് ധൻഖറും
മമത ബാനർജിയും ജഗദീപ് ധൻഖറും

ജഗദീപ് ധൻഖറും മമത ബാനർജിയും

പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത് മുതൽ ജഗദീപ് ധൻഖറും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ പോര് ആരംഭിച്ചു. ബിജെപിയുടെ വക്താവാണ് ധൻഖറെന്ന് തൃണമൂൽ ആരോപിക്കുമ്പോൾ ഭരണഘടനാ മൂല്യങ്ങളുടെ വക്താവായാണ് ബിജെപി ബംഗാൾ ഘടകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഇരുവരും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഗവർണറുടെ ട്വീറ്റുകൾ ബ്ലോക്ക് ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്മേൽ അദ്ദേഹം ഒരു "സൂപ്പർ ഗാർഡ്" പോലെ പ്രവർത്തിക്കുകയാണെന്നായിരുന്നു വിമർശനം അടുത്തിടെ ധൻഖർ പശ്ചിമ ബംഗാളിനെ ജനാധിപത്യത്തിന്റെ ഗ്യാസ് ചേംബർ എന്ന് വിശേഷിപ്പിച്ചത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.

ഗവർണർക്ക് ഭരണഘടനാപരമായ ദൗത്യം നിർവഹിക്കാനുണ്ട്. എന്നാൽ തന്റെ അധികാര വിപുലീകരണത്തിന് ശ്രമിക്കരുത്. പ്രതിപക്ഷ രാഷ്ട്രീയക്കാരനല്ലെന്ന് അദ്ദേഹം ഓർക്കണമെന്നും നേരത്തെ എഴുതിയ പത്രാധിപക്കുറിപ്പിൽ 'ദ ഹിന്ദു' വ്യക്തമാക്കിയത് ഈ സാഹചര്യത്തിലായിരുന്നു. പ്രതിപക്ഷ രാഷ്ട്രീയക്കാരനല്ലെന്ന് അദ്ദേഹം ഓർക്കണമെന്നും 'ദി ഹിന്ദു' നിരീക്ഷിക്കുന്നു.

'ജനങ്ങളുടെ ഗവർണർ' എന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ വിശേഷിപ്പിച്ച ജഗദീപ് ധൻഖർ ആരാണ് ?

1951 മെയ് 18ന് രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ കിത്താന ഗ്രാമത്തിൽ ജനനം. കിത്താനയിൽ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് സ്കോളർഷിപ്പോടെ ചിറ്റോദ്ഗഡിലെ സൈനിക് സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം ജയ്പൂരിലെ മഹാരാജാസ് കോളേജിൽ നിന്ന് ബി.എസ്.സി (ഓണേഴ്സ്) ഫിസിക്സ് കോഴ്സിന് ചേർന്നു.

തുടർന്ന് രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽ.എൽ.ബി. ബിരുദം പൂർത്തിയാക്കി. 1979-ൽ എൻറോൾ ചെയ്ത ധൻഖർ, 1990 മാർച്ച് 27-ന് സീനിയർ അഭിഭാഷകനായി നിയമിതാനായി. 36-ാം വയസ്സിൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായും ധൻഖർ തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ പശ്ചിമ ബംഗാൾ ഗവർണറാകും വരെ ഇതെ പദവിയിൽ തുടർന്നു.

1989-ലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. രാജസ്ഥാനിലെ ജുൻജുനൂവിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1990-ൽ കേന്ദ്രമന്ത്രിയാവുകയും ചെയ്തു. 1993-98 കാലത്ത് കിഷൻഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് രാജസ്ഥാൻ വിധാൻ സഭാംഗം കൂടിയായിരുന്നു ധൻഖർ.

അഭിഭാഷകൻ എന്ന നിലയിൽ, ധൻഖർ സുപ്രീം കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തത്. സ്റ്റീൽ, കൽക്കരി, ഖനികൾ, അന്താരാഷ്ട്ര വാണിജ്യ മദ്ധ്യസ്ഥത എന്നിവായിലായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in