കർണാടക നിയമസഭയിൽ ഭരണപക്ഷത്തിനെതിരെ സമരത്തിൽ ബിജെപി നേതാക്കൾക്കൊപ്പം കുമാരസ്വാമി
കർണാടക നിയമസഭയിൽ ഭരണപക്ഷത്തിനെതിരെ സമരത്തിൽ ബിജെപി നേതാക്കൾക്കൊപ്പം കുമാരസ്വാമി

കർണാടകയിൽ ബിജെപിയുമായി കൈകോർത്ത് ജെഡിഎസ്; തീരുമാനം പ്രഖ്യാപിച്ച് കുമാരസ്വാമി

നിയമസഭയിലും പുറത്തും സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരങ്ങളിൽ ബിജെപിയുമായി സഹകരിച്ചതിനു പിറകെയാണ് പ്രഖ്യാപനം

കർണാടകയിലെ പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ ജെഡിഎസ് തീരുമാനം. സംസ്ഥാന താല്പര്യം മുൻ നിർത്തിയാണ് തീരുമാനമെന്ന് ജെഡിഎസ് നിയമസഭാ കക്ഷി നേതാവ് എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം 31 ജില്ലകളിലെയും ജെഡിഎസ് നേതൃത്വവുമായി കൂടിയാലോചിച്ചിരുന്നു. അന്തിമ തീരുമാനം തനിക്കു വിടുകയാണ് മുതിർന്ന നേതാവ് എച്ച് ഡി ദേവെ ഗൗഡ ചെയ്തത്. ഇതനുസരിച്ചാണ് തീരുമാനം മാധ്യമങ്ങളെ അറിയിക്കുന്നതെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയത്തോടെ കർണാടകയിൽ മേൽവിലാസം നഷ്ടപ്പെട്ടനിലയിലാണ് പാർട്ടി. 224 ൽ വെറും 19 സീറ്റിലായിരുന്നു ജെഡിഎസ് വിജയം. എൻ ഡി എ സഖ്യത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ബിജെിപിയുമായുള്ള ചർച്ചകളിലാണ് ജെഡിഎസ് . ഇതിനിടയിലാണ് കർണാടക നിയമസഭാ സമ്മേളനത്തിൽ ഭരണപക്ഷമായ കോൺഗ്രസിനെതിരെ മിക്ക വിഷയങ്ങളിലും നിലപാട് കടുപ്പിച്ച് ബിജെപിക്കൊപ്പം നിലയുറപ്പിച്ചത്.

നിയമസഭയിൽനിന്ന് പുറത്താക്കപ്പെട്ട 10 ബിജെപി എം എൽ എമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ സമരങ്ങളിലെല്ലാം ജെഡിഎസ് കൈകോർത്തിരുന്നു. ഏറ്റവും ഒടുവിലായി വിഷയത്തിൽ ഗവർണർക്കു പരാതി നൽകാൻ പോയ പ്രതിപക്ഷ സംഘത്തിലും എച്ച് ഡി കുമാരസ്വാമിയുടെ സാന്നിധ്യമുണ്ടായിരുന്നു.

എൻ ഡി എ പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തില്ലെങ്കിലും കർണാടകയിൽ ബിജെപിയും ജെഡിഎസും കൈകോർക്കുമെന്ന് ഉറപ്പായി. കർണാടക നിയമസഭയിൽ സംയുക്ത പ്രതിപക്ഷ സ്ഥാനം വാഗ്ദാനം ചെയ്ത് കുമാരസ്വാമിയെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപി ദേശീയ നേതൃത്വം.

logo
The Fourth
www.thefourthnews.in