ഹേമന്ത് സോറന്‍ അറസ്റ്റില്‍; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ചംപയ് സോറന്‍ പിന്‍ഗാമിയാകും

ഹേമന്ത് സോറന്‍ അറസ്റ്റില്‍; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ചംപയ് സോറന്‍ പിന്‍ഗാമിയാകും

ഇഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തിയ ഹേമന്ത് സോറന്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നേരിട്ട് കൈമാറി

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാത്രിയോടെ ഔദ്യോഗിക വസതിയിലെത്തിയാണ് സോറനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തിയ ഹേമന്ത് സോറന്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നേരിട്ട് കൈമാറി.

ഹേമന്ത് രാജിവച്ചതോടെ ജെഎംഎം എംഎല്‍എമാര്‍ അടിയന്തര യോഗം ചേര്‍ന്ന് ഗതാഗത മന്ത്രിയായിരുന്ന ചംപയ് സോറനെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തിയ ചംപയ് സോറന്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഔദ്യോഗികമായി ഉന്നയിച്ചു.

ഇന്നു വൈകിട്ടോടെയാണ് മുഖ്യമന്ത്രിയുടെ വീട്ടിലും രാജ്ഭവനിലുമായി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഹേമന്തിനെ ഇന്ന് ഇഡി കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെത്തുടര്‍ന്ന് കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വസതിക്കു പുറത്തും ഇഡി ഓഫീസിനു പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിനെ നേരിടാന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ ജാര്‍ഖണ്ഡ് പോലീസ് എസ്‌സി എസ്ടി നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രി ഏഴരയോടെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ഉദ്യോഗസ്ഥ സംഘം ഹേമന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹേമന്തിന്റെ അറസ്റ്റ് സംഭവിച്ചാല്‍ പകരം ഭാര്യ കല്‍പന സോറന്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ഭാര്യയെ അധികാരമേല്‍പ്പിക്കാനുള്ള ഹേമന്തിന്റെ നീക്കത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നു എതിര്‍പ്പുയര്‍ന്നതോടെയാണ് ചംപയ് സോറന് നറുക്ക് വീണത്.

2021 ജൂലൈയില്‍ റാഞ്ചിയിലെ അംഗാരയില്‍ 88 സെന്റ് ഭൂമിയില്‍ കല്ല് ഖനനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ അഴിമതിയുണ്ടെന്നാണ് സോറന് എതിരായ ആരോപണം. അന്ന് ഖനന വകുപ്പിന്റെ ചുമതല ഹേമന്ത് സോറന് ആയിരുന്നു. ഖനനാനുമതി നല്‍കിയതില്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ച് ബിജെപിയും രംഗത്ത് എത്തിയിരുന്നു.

logo
The Fourth
www.thefourthnews.in