ജമ്മു കശ്മീര്‍ ലെഫ്റ്റന്റ് 
 ഗവര്‍ണര്‍ മനോജ് സിന്‍ഹ
ജമ്മു കശ്മീര്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ജമ്മു കശ്മീരില്‍ 15 വിഭാഗങ്ങള്‍ക്ക് കൂടി സംവരണ ആനുകൂല്യം; പഹാരി സംസാരിക്കുന്ന വിഭാഗങ്ങളും പട്ടികയില്‍

പുതുതായി പട്ടികയില്‍ ഇടം പിടിച്ച വിഭാഗങ്ങള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണ ആനുകൂല്യമുണ്ടാകും

സംവരണ വിഭാഗങ്ങളുടെ പട്ടിക വിപുലീകരിച്ച് ഉത്തരവിറക്കി ജമ്മുകശ്മീര്‍ സര്‍ക്കാര്‍. 2004ലെ ജമ്മു കശ്മീര്‍ സംവരണ നിയമപ്രകാരം, 15 പുതിയ ജാതി വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് വിപുലീകരിച്ച പട്ടിക പുറത്തിറക്കിയത്. ജമ്മൂ കശ്മീര്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ 2004ലെ സാമൂഹിക സംവരണ വിഭാഗങ്ങളുടെ പട്ടിക പുനഃ പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു.

വാഗേ, ഗിരാത്, ജാട്ട്, സൈനി, പോണി വാലസ്, സോചി, ക്രിസ്ത്യന്‍ ബിരാദാരി, സുനാര്‍, തീലി, പെര്‍ന, ബ്രോജു, ഗൂര്‍ഖകള്‍, പശ്ചിമ പാകിസ്താന്‍ അഭയാര്‍ത്ഥികള്‍, ആചാര്യ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ വിഭാഗങ്ങള്‍. ഇതോടെ ഈ വിഭാഗക്കാര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.

ജമ്മു കശ്മീരിലെ 2005 ലെ സംവരണ നിയമ പ്രകാരം നിലവിലുള്ള സാമൂഹിക ജാതി വിഭാഗങ്ങളുടെ പേരുകളും പരിഷ്‌കരിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലെ പഹാരി സംസാരിക്കുന്ന ജനങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുമെന്ന് കശ്മീര്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജമ്മു കശ്മീരില്‍ സ്ഥിര താമസമാക്കിയ പശ്ചിമ പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ത്ഥികളും ഗൂര്‍ഖകളും ജാട്ട് സമുദായത്തില്‍ നിന്നുള്ളവരും പട്ടികയില്‍ ഉള്‍പ്പെട്ടത്. പഹാരി സംസാരിക്കുന്ന ആളുകള്‍ എന്ന പദത്തിന് പകരം പഹാരി വംശജര്‍ എന്ന് അവരെ അഭിസംബോധന ചെയ്യണമെന്നും പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭാഷാ അടിസ്ഥാനത്തില്‍ മാത്രം സംവരണം അനുവദിക്കാന്‍ പാര്‍ലമെ്നറില്‍ നിയമഭേദഗതി വേണമെന്നതിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു കശ്മീരിലെ 2005ലെ സംവരണ നിയമ പ്രകാരം നിലവിലെ സാമൂഹിക വിഭാഗങ്ങളുടെ പേരുകളും പരിഷ്‌കരിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് പട്ടിക പുനക്രമീകരിച്ചത്.

logo
The Fourth
www.thefourthnews.in