ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത അറസ്റ്റില്‍; അറസ്റ്റ് യുഎപിഎ പ്രകാരം

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത അറസ്റ്റില്‍; അറസ്റ്റ് യുഎപിഎ പ്രകാരം

പ്രബീറിനെ കൂടാതെ എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്

ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ ഡല്‍ഹി പോലീസ് പ്രത്യേക സംഘം ഇന്ന് രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഇതിനു ശേഷം മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് യുഎപിഎ നിയമപ്രകാരം പ്രബീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രബീറിനെ കൂടാതെ എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത അറസ്റ്റില്‍; അറസ്റ്റ് യുഎപിഎ പ്രകാരം
ന്യൂസ് ക്ലിക്കിലെ റെയ്ഡിനു പിന്നാലെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്ത കസ്റ്റഡിയില്‍

ഇവരെ കൂടാതെ ഉര്‍മിലേഷ്, അഭിഷേക് ശര്‍മ എന്നീ മാധ്യമപ്രവര്‍ത്തകരെ ലോധി റോഡിലെ പ്രത്യേക സെല്ലിന്റെ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയിരുന്നെങ്കിലും ഇവരില്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ വിദേശ യാത്രകള്‍, ഷഹീന്‍ ബാഗ് പ്രതിഷേധം, കര്‍ഷക സമരങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു പോലീസ് ചോദിച്ചത്.

ന്യൂസ് ക്ലിക്ക് വെബ്സൈറ്റിനെതിരെ യുഎപിഎ പ്രകാരം കേസെടുത്തതിന് ശേഷമാണ് അതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനപരമായ നിലപാടുകള്‍ സ്വീകരിച്ചതിനു പിന്നാലെയൈണ് ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ കോമേഡിയന്‍ സഞ്ജയ് റജൗറ, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. പ്രബീര്‍ പുരകായസ്തയെ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്ജയ ഗുഹ തക്കുര്‍ത്ത, സഞ്ജയ് രാജൗറ, ഭാഷ സിങ്, ഉര്‍മിലേഷ്, അഭിസര്‍ ശര്‍മ്മ, ഔനിന്ദയോ ചക്രബര്‍ത്തി, എന്നിവരുടെ വീടുകളിലും പരിശോധന നടന്നിരുന്നു.

2023 ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യുഎസ് ശതകോടീശ്വരനായ നെവില്‍ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നല്‍കുന്നതായി ആരോപിച്ചിരുന്നു. ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വ്യവസായിയാണ് നെവില്‍ റോയ്. കേസില്‍ നേരത്തെ അന്വേഷണമാരംഭിച്ച ഇഡി, സ്ഥാപനത്തിന്റെ ചില ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in