സ്വവര്‍ഗ വിവാഹം: രണ്ട് ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാവുന്ന വിഷയമല്ലെന്ന് ബിജെപി എംപി

സ്വവര്‍ഗ വിവാഹം: രണ്ട് ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാവുന്ന വിഷയമല്ലെന്ന് ബിജെപി എംപി

പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് പാസാക്കേണ്ട വിഷയമാണിതെന്ന് സുശീല്‍ കുമാര്‍ മോദി

കൊളീജിയം വിഷയത്തിലും കേസുകള്‍ പരിഗണിക്കുന്നതിനെ ചൊല്ലിയും സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ പാര്‍ലമെന്റില്‍ ജുഡീഷ്യറിക്കെതിരെ ബിജെപി എംപി . സ്വവര്‍ഗ വിവാഹ വിഷയത്തിലാണ് രാജ്യസഭയില്‍ ജുഡീഷ്യറിയെ തള്ളി ബിജെപി എംപി സുശീല്‍ കുമാര്‍ മോദി രംഗത്തെത്തിയത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച തീരുമാനം രണ്ട് ജഡ്ജിമാര്‍ ചേര്‍ന്ന് എടുക്കേണ്ടതല്ലെന്നും പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് പാസാക്കേണ്ടതാണെന്നുമായിരുന്നു ബിജെപി എംപിയുടെ പരാമര്‍ശം.

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം തേടി വിവിധ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിന്, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് തീരുമാനമെടുത്തിരുന്നു. ഡിസംബര്‍ 14ന് ഹര്‍ജികള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതില്‍ സുപ്രീംകോടതി ഇടപെടല്‍ വന്നതിന് പിന്നാലെയാണ് ബിജെപി എംപി വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്.

'' രാജ്യത്തിന്റെ സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും എതിരായ സ്വവർഗ വിവാഹം പ്രോത്സാഹിപ്പിക്കരുത്. വിവാഹം സ്ത്രീയും പുരുഷനും തമ്മില്‍ നടക്കേണ്ടതാണ്. ജുഡീഷ്യറി സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായ തീരുമാനം എടുക്കരുത്. പാര്‍ലമെന്റും പൊതുസമൂഹവും ചേര്‍ന്നെടുക്കേണ്ട തീരുമാനം രണ്ട് ജഡ്ജിമാര്‍ നിശ്ചയിക്കുന്നത് ശരിയല്ല. കേന്ദ്ര സര്‍ക്കാര്‍ സ്വവര്‍ഗ വിവാഹത്തെ കോടതിയില്‍ ശക്തമായി എതിര്‍ക്കണം'' - സുശീല്‍ കുമാര്‍ മോദി രാജ്യസഭയില്‍ പറഞ്ഞു.

1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്‌ലിയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി കേന്ദ്രസർക്കാരിനും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്കും നവംബർ 25 ന് കോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ത്യയിലെ സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകണമെന്ന രണ്ട് ഹർജികളിൽ മറുപടി നൽകാൻ 2023 ജനുവരി ആറുവരെ സുപ്രീംകോടതി സർക്കാരിന് സമയം അനുവദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in