ജ്യോതിരാദിത്യ സിന്ധ്യ 24 കാരറ്റ് രാജ്യദ്രോഹി, പാർട്ടിയിലേക്ക് ഇനി അടുപ്പിക്കില്ല; വിമര്‍ശനവുമായി ജയറാം രമേശ്

ജ്യോതിരാദിത്യ സിന്ധ്യ 24 കാരറ്റ് രാജ്യദ്രോഹി, പാർട്ടിയിലേക്ക് ഇനി അടുപ്പിക്കില്ല; വിമര്‍ശനവുമായി ജയറാം രമേശ്

കപില്‍ സിബലിനെ പോലെയുള്ള നേതാക്കള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവാരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യും

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ 24 കാരറ്റ് രാജ്യദ്രോഹിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ജ്യോതിരാദിത്യ സിന്ധ്യയെ പോലുള്ളവർക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാൻ അവസരമില്ലെന്നും പാർട്ടി മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ ജയറാം രമേശ് പറഞ്ഞു.

കോൺഗ്രസ് വിട്ടതിന് ശേഷം കൃത്യമായി മൗനം പാലിച്ച കപില്‍ സിബലിനെ പോലെയുള്ള നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ചുവരാൻ അനുവദിക്കാം. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയെയോ ഹിമന്ത ബിശ്വ ശർമ്മയെയോ പോലുള്ള, പാർട്ടി വിട്ടതിന് ശേഷം പാർട്ടിയെ ദുരുപയോഗം ചെയ്തവർക്ക് തിരിച്ചുവരാൻ കഴിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. പാർട്ടി വിട്ട നേതാക്കളെ ‘വിശ്വസിക്കേണ്ടതില്ല’ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ജയറാം രമേശിന്റെ പരാമർശം.

''പാർട്ടി വിടുകയും പിന്നീട് പാർട്ടിക്കും നേതാക്കൾക്കുമെതിരെ അധിക്ഷേപം പറഞ്ഞവരുമുണ്ട്. അവരെ തിരികെ എടുക്കേണ്ടതില്ല. എന്നാൽ അന്തസ്സോടെ പാർട്ടി വിട്ടവരും കോൺഗ്രസ് പാർട്ടിയോടും നേതൃത്വത്തോടും മാന്യമായ മൗനം പാലിക്കുന്നവരുമുണ്ട്''

മധ്യപ്രദേശ് അഗർ മാൾവയിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെയായിരുന്നു ജയറാം രമേശിന്റെ പരാമർശം. വിമത നേതാക്കളിൽ ആരെങ്കിലും മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ പാർട്ടിയുടെ നിലപാട് എന്തായിരിക്കുമെന്ന ചോദ്യത്തിന്, കോൺഗ്രസ് വിട്ട ആളുകളെ തിരികെ സ്വാഗതം ചെയ്യരുതെന്ന് ഞാൻ കരുതുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

''പാർട്ടി വിടുകയും പിന്നീട് പാർട്ടിക്കും നേതാക്കൾക്കുമെതിരെ അധിക്ഷേപം പറഞ്ഞവരുമുണ്ട്. അവരെ തിരികെ എടുക്കേണ്ടതില്ല. എന്നാൽ അന്തസ്സോടെ പാർട്ടി വിട്ടവരും കോൺഗ്രസ് പാർട്ടിയോടും നേതൃത്വത്തോടും മാന്യമായ മൗനം പാലിക്കുന്നവരുമുണ്ട്''-ജയറാം രമേശ് പറഞ്ഞു.

എന്നാൽ ചില കാരണങ്ങളാൽ പാർട്ടി വിട്ടുപോയ എന്റെ മുൻ സഹപ്രവർത്തകനും വളരെ നല്ല സുഹൃത്തുമായ കപിൽ സിബൽ ജ്യോതിരാദിത്യ സിന്ധ്യയിൽ നിന്നും ഹിമന്ത ബിശ്വ ശർമ്മയിൽ നിന്നും വ്യത്യസ്തനായിരുന്നു. പാർട്ടി വിട്ട ശേഷം കോൺഗ്രസ് പാർട്ടിയോട് വളരെ മാന്യമായ മൗനം പാലിച്ചയാളാണ് അദ്ദേഹം. അത്തരം നേതാക്കൾ തിരികെ വരാൻ ആഗ്രഹിക്കുന്നെങ്കിൽ സ്വാഗതം ചെയ്യുമെന്നും ജയറാം രമേശ് പറഞ്ഞു. എന്നാൽ പാർട്ടി വിട്ട് പാർട്ടിയെയും നേതൃത്വത്തെയും ചവിട്ടിയരച്ചവരെ തിരികെ സ്വാഗതം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി അധ്യക്ഷ സ്ഥാനമോ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനമോ രാജ്യസഭാ സ്ഥാനമോ വാഗ്ദാനം ചെയ്തിരുന്നെങ്കിൽ സിന്ധ്യ കോൺഗ്രസ് വിടുമായിരുന്നോ എന്ന ചോദ്യത്തിന്, സിന്ധ്യ തികഞ്ഞ ഒരു രാജ്യദ്രോഹി, ഒരു 24 കാരറ്റ് രാജ്യദ്രോഹി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജ്യോതിരാദിത്യ സിന്ധ്യക്കെതിരായ ജയറാം രമേശിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ മധ്യപ്രദേശ് ബിജെപി സെക്രട്ടറി രജനീഷ് അഗര്‍വാള്‍ രംഗത്തത്തി. രമേശിന്റെ പരാമര്‍ശങ്ങള്‍ സംസ്‌കാര ശൂന്യമാണെന്ന് രജനീഷ് അഗര്‍വാള്‍ വിമര്‍ശിച്ചു. സിന്ധ്യ 24 കാരറ്റ് രാജ്യ സ്‌നേഹിയാണ്. സിന്ധ്യയ്ക്കും ശര്‍മ്മയ്ക്കും അവരുടെ ജോലിയില്‍ തികഞ്ഞ പ്രതിബദ്ധതയുണ്ടെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

2015ലാണ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടിയുടെ പരാജയത്തിന് കാരണം രാഹുല്‍ ഗാന്ധിയുടെ കെടുകാര്യസ്ഥതയാണെന്നായിരുന്നു ശര്‍മ്മയുടെ ആരോപണം. തുടർന്ന് ബിജെപിയില്‍ ചേർന്ന അദ്ദേഹം ആദ്യം കേന്ദ്രമന്ത്രിയും പിന്നീട് അസമിന്റെ മുഖ്യമന്ത്രിയുമായി. 2020ലാണ് അഭിപ്രായ ഭിന്നത പ്രകടമാക്കി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് അകന്നത്. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന സിന്ധ്യയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും അദ്ദേഹം വ്യോമയാന മന്ത്രിയാകുകയും ചെയ്തു.

logo
The Fourth
www.thefourthnews.in