മൂന്നാം മുന്നണിക്ക് മുന്നൊരുക്കം, പ്രതിപക്ഷ മഹാറാലി; തെലങ്കാനയില്‍ ഇന്ന് ബിആര്‍എസിന്റെ ആദ്യ പൊതുയോഗം

മൂന്നാം മുന്നണിക്ക് മുന്നൊരുക്കം, പ്രതിപക്ഷ മഹാറാലി; തെലങ്കാനയില്‍ ഇന്ന് ബിആര്‍എസിന്റെ ആദ്യ പൊതുയോഗം

തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ബിആർഎസ് എന്ന് പുനർനാമകരണം ചെയ്ത ശേഷം നടക്കുന്ന ആദ്യ പൊതുപരിപാടി

ദേശീയ രാഷ്ട്രീയത്തിൽ ചുവടുറയിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാനയിലെ ഭരണകക്ഷി ഭാരത് രാഷ്ട്ര സമിതി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന്. രാജ്യത്ത് ബിജെപി വിരുദ്ധ ബദൽ രാഷ്ട്രീയത്തിന് രൂപം നൽകുക എന്ന ലക്ഷ്യവുമായാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു റാലി നടത്തുന്നത്. അതിർത്തി ജില്ലയായ ഖമ്മാമിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ പങ്കെടുക്കും.

ദേശീയ തലത്തിലെ ബിജെപി വിരുദ്ധ ചേരിയിലുള്ള പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചെത്തുന്നു

തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ബിആർഎസ് എന്ന് പുനർനാമകരണം ചെയ്ത ശേഷം നടക്കുന്ന ആദ്യ പൊതുപരിപാടിയാണ്. കൂടാതെ ദേശീയ തലത്തിലെ ബിജെപി വിരുദ്ധ ചേരിയിലുള്ള പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചെത്തുന്നതും യോഗത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്.

തെലങ്കാന സർക്കാർ അടുത്തിടെ നവീകരിച്ച യയാദ്രി ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് പോയതിന് ശേഷമാകും കെ ചന്ദ്രശേഖർ റാവുവും മറ്റ് പ്രതിപക്ഷ അംഗങ്ങളും ഖമ്മമിലെ പൊതുയോഗത്തിന് എത്തുക. 2018 നിയമസഭാ തിരഞ്ഞെടുപ്പിൽ കെസിആറിന്റെ പാർട്ടിക്ക് നിരാശയുണ്ടാക്കിയ മണ്ഡലം കൂടിയാണ് ഖമ്മാം. അതുകൊണ്ട് കൂടിയാണ് കെസിആർ ഇവിടം തന്നെ തിരഞ്ഞെടുത്തതെന്നും വിലയിരുത്തപ്പെടുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിന് കീഴിൽ ഭരണഘടനയുടെ ആത്മാവായ മതേതരത്വം, സോഷ്യലിസം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിനൊരു ബദൽ സൃഷ്ടിക്കാനാണ് ബിആർഎസ് ശ്രമിക്കുന്നതെന്ന് മുതിർന്ന ടി ആർ എസ് നേതാവും മുൻ എംപിയുമായ ബി വിനോദ് കുമാർ പറഞ്ഞു.

വെറുമൊരു മുന്നണി ഒരുക്കമല്ല വികസനത്തിന്റെയും ലിബറൽ ചിന്തയുടെയും ബദൽ രാഷ്ട്രീയമാണ് ലക്ഷ്യമെന്ന് വിനോദ് കുമാർ പറഞ്ഞു. ചെങ്കോട്ടയിൽ ഒരു ദിവസം ബിആർഎസിന്റെ പതാക ഉയരുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് കെസിആറും പറഞ്ഞു. പുതിയ സാമ്പത്തിക, പരിസ്ഥിതി, ജല- വൈദ്യുതി, സ്ത്രീ ശാക്തീകരണ നയങ്ങൾ രാജ്യത്ത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ യാദാദ്രി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിന് കെസിആറിനെതിരെ സംസ്ഥാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാർ വിമർശനവുമായി രംഗത്തെത്തി.

logo
The Fourth
www.thefourthnews.in