കെ കവിത
കെ കവിത

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിത ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

മാർച്ച് 11 ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കെ കവിത

ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ കവിത ഇ ഡിക്ക് കത്തയച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്നും മാർച്ച് 11 ശനിയാഴ്ച ഹാജരാകാമെന്നുമാണ് അവർ കത്തിൽ പറയുന്നത്. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ജന്തർ മന്ദറില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കവിത ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കാനാവശ്യപ്പെട്ടത്. കേസുമായി പൂര്‍ണമായും സഹകരിക്കുമെന്നും കവിത ഇ ഡിക്ക് ഉറപ്പുനൽകി.

2021 ൽ ഡൽഹിയിലെ മദ്യനയം രൂപീകരിക്കുന്നതിനായി "സൗത്ത് കാർട്ടൽ" എന്ന മദ്യ ലോബി 30 കോടി രൂപ കൈക്കൂലി നൽകിയെന്നും ഇതിന്റെ ഭാഗമാണ് കവിതയെന്നുമാണ് സിബിഐയുടെ വാദം

"ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യൻ പൗരനെന്ന നിലയിലും, ഈ രാജ്യത്തെ ഒരു സ്ത്രീയെന്ന നിലയിലും എന്റെ അവകാശങ്ങൾ വിനിയോഗിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ എന്നെ വിളിപ്പിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അന്വേഷണത്തിന്റെ പേരിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മറച്ചുവെക്കുന്നതായി തോന്നുന്നു" അവർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ച് ബിജെപി കവിതയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കെ കവിത
ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയ്ക്കെതിരായ ഇ ഡി നീക്കം ബിആര്‍എസിനെ ലക്ഷ്യമിട്ടോ ?

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യ വ്യവസായിയും കവിതയുടെ അടുത്ത അനുയായിയുമായ അരുൺ രാമചന്ദ്രൻ പിള്ളയെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കവിതയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. 2021ൽ ഡൽഹിയിലെ മദ്യനയം രൂപീകരിച്ചതിൽ മദ്യ കമ്പനികൾക്ക് പങ്കുണ്ടെന്നും ഇതിനായി "സൗത്ത് കാർട്ടൽ" എന്ന മദ്യ ലോബി 30 കോടി രൂപ കൈക്കൂലി നൽകിയെന്നുമാണ് സിബിഐയുടെ വാദം. സൗത്ത് കാർട്ടലിന്റെ ഭാഗമാണ് കവിതയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡിസംബർ 12ന് സിബിഐ കവിതയെ ഹൈദരാബാദിൽ വച്ച് ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in