'ഇതാ കിടക്കുന്നു നിങ്ങളുടെ സിംഹക്കുട്ടി'; കബഡി താരത്തെ വെട്ടിനുറുക്കി വീടിനുമുന്നിൽ ഉപേക്ഷിച്ചു; പഞ്ചാബിൽ രാഷ്രീയപോര്

'ഇതാ കിടക്കുന്നു നിങ്ങളുടെ സിംഹക്കുട്ടി'; കബഡി താരത്തെ വെട്ടിനുറുക്കി വീടിനുമുന്നിൽ ഉപേക്ഷിച്ചു; പഞ്ചാബിൽ രാഷ്രീയപോര്

കബഡി താരത്തിന്റെ കൊലപാതകം പഞ്ചാബിലെ ആം ആദ്മി സർക്കാരിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ശിരോമണി അകാലി ദൾ

പഞ്ചാബിലെ കപൂർത്തല ജില്ലയിൽ കബഡി താരത്തെ വെടിവച്ചുകൊന്ന ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി വീടിനുമുന്നിൽ ഉപേക്ഷിച്ചു. ഹർദീപ് സിങ് എന്ന യുവാവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കുറച്ചുദിവസങ്ങൾക്ക് മുന്‍പ് കാണാതായ ഹർദീപ് സിങ്ങിന്റെ ശരീരഭാഗങ്ങൾ ലഭിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്​.

അതേസമയം, കബഡി താരത്തിന്റെ കൊലപാതകം പഞ്ചാബ് രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങളെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. വിഷയം ആം ആദ്മി സർക്കാരിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ശിരോമണി അകാലി ദൾ. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ശിരോമണി അകാലി ദൾ നേതാവ് സുഖ്‌ബീർ സിങ് ബാദൽ രംഗത്തുവന്നിരുന്നു. പഞ്ചാബിൽ നടക്കുന്നത് 'കാടന്‍ ഭരണം' ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"കപൂർത്തല ദിൽവാനിലുണ്ടായ കബഡി താരത്തിന്റെ നിഷ്ടൂര കൊല ഞെട്ടിച്ചിരിക്കുകയാണ്. കൊലയാളികൾ എത്രമാത്രം നിർഭയരാണ്, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പഞ്ചാബിലുടനീളം കാട്ടിലെ ഭരണമാണ് നിലനിൽക്കുന്നത്. കൊലകൾ. കവർച്ച, തട്ടിപ്പറിക്കൽ, മോഷണം എന്നിവയെല്ലാം സ്ഥിരം സംഭവമായിരിക്കുകയാണ്" ശിരോമണി അകാലി ദൾ നേതാവ് എക്‌സിൽ കുറിച്ചു.

സംസ്ഥാനത്തെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഭഗവന്ത് മന്നിന് കഴിയുന്നില്ല എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുപോണമെന്നും സുഖ്‌വിന്ദർ സിങ് ബാദൽ ആവശ്യപ്പെട്ടു.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ അറസ്റ്റുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. വ്യക്തി വിരോധമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഹർപ്രീത് സിങ്ങെന്ന വ്യക്തിക്ക് ഹർദീപ് സിങ്ങിനോടുണ്ടായിരുന്ന വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരുംതമ്മിൽ നിലനിന്നിരുന്ന വിരോധത്തിന്റെ ഭാഗമായി നേരത്തെ തർക്കങ്ങൾ ഉണ്ടാകുകയും രണ്ടുപേർക്കെതിരെ ദിൽവൻ പോലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in