ചെന്നൈ കലാക്ഷേത്രയിലെ ലൈംഗികാതിക്രമം: അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ കലാക്ഷേത്രയിലെ ലൈംഗികാതിക്രമം: അധ്യാപകന്‍ അറസ്റ്റില്‍

കലാക്ഷേത്ര ഫൗണ്ടേഷനിലെ മുന്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് അധ്യാപകരെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്

ചെന്നൈ കലാക്ഷേത്രയിലെ ലൈംഗികാതിക്രമ പരാതിയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പത്മനെ പോലീസ് അറസ്റ്റ് ചെയ്തു. കലാക്ഷേത്ര ഫൗണ്ടേഷനുകീഴിലെ  രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സ് മുന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് അധ്യാപകനെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്.

അധ്യാപകന്‍ സമൂഹമാധ്യമങ്ങളിലൂടെ യുവതിക്ക് അശ്ലീല സന്ദേശങ്ങളും കമന്റുകളും അയച്ചിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അധ്യാപകന്‍ തന്നെ ഉപദ്രവിച്ചിരുന്നെന്നും അയാള്‍ കാരണം പഠനം നിര്‍ത്തേണ്ടി വന്നെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. സ്ഥാപനം വിട്ട ശേഷവും അധ്യാപകന്‍ യുവതിയെ ശല്യം ചെയ്തുകൊണ്ടിരുന്നതായും പാരാതിയിലുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

ചെന്നൈ കലാക്ഷേത്രയിലെ ലൈംഗികാതിക്രമം: അധ്യാപകന്‍ അറസ്റ്റില്‍
അദാനിയുടെ ഹൈഫാ തുറമുഖത്തിന്റെ ചെയര്‍മാനായി ഇസ്രയേലിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്കുകളുടെയോ ആംഗ്യങ്ങളുടെയോ പ്രവൃത്തികളുടെയോ ഉപയോഗം) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഹരി പത്മനെതിരെ കേസെടുത്തിരിക്കുന്നത്. നഗരത്തിലെ വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു.

ലൈംഗികാതിക്രമ പരാതികളില്‍ നാല് അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രണ്ടു ദിവസമായി വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തമിഴ്നാട് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എ എസ് കുമാരി ക്യാമ്പസ് സന്ദര്‍ശിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. കോളേജിലെ നൂറിലധികം വിദ്യാര്‍ഥികള്‍ കുമാരിക്ക് രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു.

നാല് അധ്യാപകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേന്ദ്ര സാംസ്‌കാരിക മന്ത്രിക്കും വിദ്യാര്‍ഥികള്‍ കത്തയച്ചിരുന്നു പിന്നാലെയാണ് അറസ്റ്റ്. കോളേജ് യൂണിയന്‍ തയ്യാറാക്കിയ കത്തില്‍ പ്രൊഫസര്‍ ഹരി പത്മന്‍, റിപ്പര്‍ട്ടറി ആര്‍ട്ടിസ്റ്റുകളായ സഞ്ജിത് ലാല്‍, സായ് കൃഷ്ണന്‍, ശ്രീനാഥ് എന്നിവരില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ലൈംഗികവും വാക്കാലുള്ളതുമായ അധിക്ഷേപവും പീഡനവും നേരിടുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രേവതി രാമചന്ദ്രന്‍, നൃത്തവിഭാഗം മേധാവി ഡോ. ജ്യോത്സന മേനോന്‍ എന്നിവരില്‍നിന്ന് ബോഡി ഷെയ്മിങ്ങും ജാതിപരമായ അവഹേളനങ്ങളും മറ്റധിക്ഷേപങ്ങളും നേരിടുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിക്കെതിരെ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

logo
The Fourth
www.thefourthnews.in