മുസ്ലീം സംവരണം പുനഃസ്ഥാപിക്കും, ബജ്‌രംഗ്ദൾ, പിഎഫ്‌ഐ സംഘടനകള്‍ നിരോധിക്കും; കർണാടകയിൽ  കോൺഗ്രസ് പ്രകടന പത്രിക

മുസ്ലീം സംവരണം പുനഃസ്ഥാപിക്കും, ബജ്‌രംഗ്ദൾ, പിഎഫ്‌ഐ സംഘടനകള്‍ നിരോധിക്കും; കർണാടകയിൽ കോൺഗ്രസ് പ്രകടന പത്രിക

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ അന്യായ നിയമങ്ങളും അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ്‌ പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാനത്ത് സംവരണ പരിധി ഉയര്‍ത്തുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം. സംവരണ പരിധി 50 ശതമാനത്തിൽനിന്ന് 70 ആയി ഉയർത്തും. ബിജെപി സർക്കാർ മുസ്ലീം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കും. എല്ലാ വീടുകള്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുമെന്നും പാർട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നു.

കുടുംബത്തിന്റെ ചുമതലയുള്ള എല്ലാ സ്ത്രീകൾക്കും രണ്ടായിരം രൂപ വീതം നൽകും. തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് രണ്ടു വർഷത്തേക്ക് മൂവായിരം രൂപ വീതം നൽകും. ബിജെപി സര്‍ക്കാര്‍ നടത്തിയ എല്ലാ അന്യായ നിയമങ്ങളും അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കും. കൂടാതെ, ബജ്‌രംഗ്ദൾ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉറച്ചതും നിർണായകവുമായ നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രകടന പത്രികയില്‍ പറയുന്നു. 

രാഷ്ട്രീയ ലക്ഷ്യത്തോടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും റദ്ദാക്കും. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര. വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് 5000 കോടി. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഇറിഗേഷന്‍ വകുപ്പിന് ഒന്നര ലക്ഷം കോടി. അംഗന്‍വാടി വര്‍ക്കേഴ്‌സിന്റെ ശമ്പളം 11,500 രൂപയില്‍നിന്ന് 15,000 ആക്കി ഉയര്‍ത്തും. മിനി അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം 7500 ല്‍നിന്ന് 10,000 ആയി ഉയര്‍ത്തും.

ലിംഗായത്ത്, എസ് സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആക്കി ഉയര്‍ത്തും. എസ് ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമാക്കും. സംസ്ഥാനത്തെ സാമൂഹ്യ- സാമ്പത്തിക സെന്‍സസ് പുറത്ത് വിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതല്‍ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

മറ്റ് വാഗ്ദാനങ്ങള്‍

  • ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എല്ലാ കര്‍ഷക വിരുദ്ധ നിയമങ്ങളും റദ്ദാക്കും

  • രാഷ്ട്രീയ ലക്ഷ്യത്തോടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകളും റദ്ദാക്കും

  • ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മുഴുവന്‍ ഒഴിവുകളും നികത്തും.

  • പോലീസ് സേനയിലെ ഒഴിവുകളെല്ലാം മുന്‍ഗണനാ ക്രമത്തില്‍ നികത്തും.

  • വനിത പോലീസ് ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റ് 33 ശതമാനമായി ഉയര്‍ത്തും.

  • ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സേനയില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തും

  • നൈറ്റ് ഡ്യൂക്കായി പ്രത്യേക അലവന്‍സ് ഏര്‍പ്പെടുത്തും.

    ഓരോ വര്‍ഷവും ഒരു മാസത്തിന്റെ അധിക ശമ്പളം ഏര്‍പ്പെടുത്തും.

  • എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍

    സ്വന്തമായി വീട് ഉറപ്പാക്കും

  • ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് മഹാത്മാ ഗാന്ധി ഗ്രാം സ്വരാജ് സ്‌കീമിന് അന്‍പതിനായിരം കോടി

  • കൃഷി സര്‍വോദയ നിധിയ്ക്ക് 1.50 കോടി രൂപ

  • കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ സൗകര്യം. മൂന്ന് ലക്ഷം മുതല്‍ 10 ലക്ഷം വരേയുള്ള വായ്പകള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്ക്.

  • മത്സ്യബന്ധന മേഖലയിലെ വികസനത്തിന് 5000 കോടി

  • മത്സ്യ തൊഴിലാളി സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ പലിശരഹിത വായ്പ

  • ഉള്‍ക്കടല്‍ മത്സബന്ധനത്തിന് പോകുന്നവര്‍ക്ക് 500 ലിറ്റര്‍ നികുതിരഹിത ഡീസല്‍

  • എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 10 കോടി

  • വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് 5000 കോടി.

  • 20 ജീവനക്കാരില്‍ അധിക ഹോട്ടലുകള്‍ക്ക് വ്യവസായ സംരഭക സര്‍ട്ടിഫിക്കേഷന്‍ നല്‍കും

  • സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര...

ബിജെപിയുടെ പ്രകടന പത്രിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നായിരുന്നു ബിജെപിയുടെ പ്രധാന വാഗ്ദാനം. 15 ഇന വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടനപത്രിക ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാണ് ഇന്നലെ  ബെംഗളുരുവിൽ പുറത്തിറക്കിയത്. ബിപിഎൽ കുടുംബങ്ങളെ ലക്ഷ്യമിട്ടും നിരവധി വാഗ്ദാനങ്ങൾ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in