ബിജെപിയുടെ നിയമം വേണ്ട; മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിച്ച് കര്‍ണാടകം

ബിജെപിയുടെ നിയമം വേണ്ട; മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിച്ച് കര്‍ണാടകം

പ്രലോഭിപ്പിച്ച് മതം മാറ്റുന്നത് തടയാൻ ബിജെപി സർക്കാർ 2022ൽ പാസാക്കിയ നിയമമാണ് ഇത്

നിർബന്ധിത മതപരിവർത്തനം നടക്കുന്നെന്നാരോപിച്ച്, അതിനെ പ്രതിരോധിക്കാൻ മുൻ ബിജെപി സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമം കോൺഗ്രസ് സർക്കാർ പിൻവലിക്കും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈകൊണ്ടത്.

പണവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും നിരവധി ഹിന്ദുമത വിശ്വാസികളെ മതം മാറ്റുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കർണാടകയിലെ മുൻ ബിജെപി സർക്കാർ നിയമം പാസാക്കിയത്. പ്രലോഭനങ്ങളിൽ കുരുക്കി മതം മാറ്റുന്നതിന് കർശന ശിക്ഷ ഉറപ്പാക്കുന്നതായിരുന്നു നിയമം.

വ്യക്തികളുടെ മതവിശ്വാസ സംരക്ഷണം ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നതെന്ന് അന്നത്തെ ബിജെപി സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും തീർത്തും ഗൂഢ ലക്ഷ്യങ്ങളായിരുന്നു നിയമത്തിന് പിന്നിലെന്ന്   ആക്ഷേപമുയർന്നിരുന്നു

മതംമാറാൻ സ്വന്തം ഇഷ്ടപ്രകാരം ആഗ്രഹിക്കുന്നവർ  30 ദിവസത്തിന് മുൻപ് പോലീസ് അധികാരികൾക്ക് അപേക്ഷ നൽകണമെന്നതായിരുന്നു നിയമത്തിലെ വ്യവസ്ഥ.  മതം മാറ്റത്തിന് പിന്നിൽ പ്രേരണയോ പ്രലോഭനമോ ഇല്ലെന്ന് റവന്യു - സാമൂഹ്യക്ഷേമ വകുപ്പുകൾ അന്വേഷണം നടത്തി ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോർട്ട് നൽകുകയാണെങ്കിൽ മാത്രമേ മതം മാറ്റം അംഗീകരിക്കൂ. അന്വേഷണ ഉദ്യോഗസ്ഥർ  മറിച്ചാണ് റിപ്പോർട്ട് നൽകിയതെങ്കിൽ വ്യക്തിക്കെതിരെയും പ്രേരിപ്പിച്ചവർക്കെതിരെയും ക്രിമിനൽ നടപടി ആരംഭിക്കാൻ വ്യവസ്ഥ  ചെയ്യുന്നതായിരുന്നു നിയമം. മതം മാറ്റത്തിന് പ്രേരിപ്പിക്കുന്നവർക്ക് 10 വർഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമായിരുന്നു ശിക്ഷ.

കർണാടകയുടെ ചില പ്രദേശങ്ങളിൽ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവർ ഹിന്ദു മതവിശ്വാസികളെ പ്രലോഭനങ്ങളിൽപ്പെടുത്തി മതം മാറ്റുന്നു എന്നാരോപിച്ച് നിരവധി പാസ്റ്റർമാരാണ് ആക്രമിക്കപ്പെട്ടത്

വ്യക്തികളുടെ മതവിശ്വാസ സംരക്ഷണം ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നതെന്ന് അന്നത്തെ ബിജെപി സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും തീർത്തും ഗൂഢ ലക്ഷ്യങ്ങളായിരുന്നു നിയമത്തിന് പിന്നിലെന്ന്   ആക്ഷേപമുയർന്നിരുന്നു. ഉത്തർപ്രദേശിൽ നടപ്പാക്കിയ സമാന നിയമം പോലെ ഈ നിയമത്തിന്റെ മറപറ്റി കർണാടകയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുക എന്നതായിരുന്നു ബിജെപിക്ക് പ്രധാനം. കർണാടകയുടെ ചില പ്രദേശങ്ങളിൽ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവർ ഹിന്ദു മതവിശ്വാസികളെ പ്രലോഭനങ്ങളിൽപ്പെടുത്തി മതം മാറ്റുന്നു എന്നാരോപിച്ച് നിരവധി പാസ്റ്റർമാരാണ് ആക്രമിക്കപ്പെട്ടത്. ബജ്‌രംഗ്ദളിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ യോഗങ്ങളിലേക്ക് ഇരച്ചുകയറിയായിരുന്നു അതിക്രമം.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും ഭയത്തിന്റെ അന്തരീക്ഷവും സൃഷ്‌ടിച്ച നിയമമായിരുന്നു മതപരിവർത്തന നിരോധന നിയമം

വിദ്യാലയങ്ങളിൽ  ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെ പോലും മതപരിവർത്തനം ആരോപിച്ച് ചോദ്യംചെയ്ത് സംഘപരിവാർ സംഘടനകൾ രംഗത്തു വന്നു.  ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം വിഭാഗത്തിന് നേരെയും സംഘപരിവാർ സംഘടനകൾ ഇതേ നിയമം കയ്യിലെടുത്തു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും ഭയത്തിന്റെ അന്തരീക്ഷവും സൃഷ്‌ടിച്ച നിയമമായിരുന്നു മതപരിവർത്തന നിരോധന നിയമം. പൗരന് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന രാജ്യത്ത്, ഇത്തരം നിയമങ്ങൾ  ഭരണാഘടന ലംഘനമാണെന്ന്  ചൂണ്ടിക്കാട്ടി നിരവധി പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.

logo
The Fourth
www.thefourthnews.in