ജനാർദ്ദന റെഡ്ഢിയുടെ ഘർവാപസി ഇന്ന്; ബെല്ലാരി ബെൽറ്റിൽ നേട്ടം പ്രതീക്ഷിച്ച് ബിജെപി

ജനാർദ്ദന റെഡ്ഢിയുടെ ഘർവാപസി ഇന്ന്; ബെല്ലാരി ബെൽറ്റിൽ നേട്ടം പ്രതീക്ഷിച്ച് ബിജെപി

ഖനന അഴിമതികേസിൽ അറസ്റ്റിലായതോടെ  കർണാടക രാഷ്ട്രീയത്തിൽ നിന്ന് ഏറെക്കുറെപുറത്തായ ജനാർദ്ദന റെഡ്ഢി 2022ൽ പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു

അഴിമതി കേസുകൾ കൊണ്ട് ഖനി രാജാവെന്നു കുപ്രസിദ്ധി കിട്ടിയ ഗാലി ജനാർദ്ദന റെഡ്ഢി ഒരിടവേളക്ക് ശേഷം വീണ്ടും ബിജെപിയിലേക്ക്. കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച് കർണാടകയിൽ എംഎൽഎ ആയി തുടരവെയാണ് ജനാർദ്ദന റെഡ്ഢിയുടെ ഘർവാപസി. കഴിഞ്ഞ കുറെ മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചു പോന്ന റെഡ്ഢി പാർട്ടി പ്രവർത്തകരുമായി കൂടിയാലോചിച്ചാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം കൈക്കൊണ്ടത്. ബെല്ലാരി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ബി ശ്രീരാമലുവിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജനാർദ്ദന റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭ തിരഞ്ഞടുപ്പിൽ വോട്ടു ചോദിക്കുന്ന ജനാർദ്ദന റെഡ്ഢി   
നിയമസഭ തിരഞ്ഞടുപ്പിൽ വോട്ടു ചോദിക്കുന്ന ജനാർദ്ദന റെഡ്ഢി   

രണ്ടര പതിറ്റാണ്ടു കാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ചു 2022 ൽ ആയിരുന്നു ജനാർദ്ദന റെഡ്ഢി കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാർട്ടി ഉണ്ടാക്കിയത്. ബെല്ലാരി, കൊപ്പാള, റായ്ച്ചൂർ, ബീദർ, വിജയനഗര തുടങ്ങി കല്യാണ കർണാടക മേഖലയിലെ  15 ജില്ലകളിൽ പാർട്ടി വളർത്താൻ  റെഡ്ഢി അരയും തലയും മുറുക്കി ഇറങ്ങി. ഈ ജില്ലകളിലെ ചില മണ്ഡലങ്ങളിൽ ബിജെപിയെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാൻ  ഇദ്ദേഹത്തിന്റെ പുതിയ പാർട്ടിക്ക് കഴിഞ്ഞു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് കന്നി അങ്കത്തിൽ  ഗംഗാവതി മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറി ജനാർദ്ദന റെഡ്ഢി ഏവരെയും ഞെട്ടിച്ചു. ഖനി അഴിമതിമക്കേസും അറസ്റ്റും ജയിൽവാസവുമായി നടന്ന ജനാർദ്ദന റെഡ്ഢി 13  വർഷത്തെ ഇടവേളയ്ക്കു ശേഷമങ്ങനെ   കർണാടക നിയമസഭ കണ്ടു.

1999 ൽ സോണിയ ഗാന്ധി കന്നി അങ്കത്തിനിറങ്ങിയ ഇരട്ട മണ്ഡലങ്ങളിൽ ഒന്നായ ബെല്ലാരിയിൽ എതിർ സ്ഥാനാർഥിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ സഹായി ആയായിരുന്നു ജനാർദ്ദന റെഡ്ഢിയുടെ രാഷ്ട്രീയ പ്രവേശം. സുഷമ സ്വരാജിന്റെ മനം കവർന്ന ജനാർദ്ദന റെഡ്ഢിയും സഹോദരൻ സുധാകർ റെഡ്ഢിയും വൈകാതെ ബിജെപി നേതാക്കൾക്ക് പ്രിയപെട്ടവരായി. കർണാടക രാഷ്ട്രീയത്തിൽ ബെല്ലാരി ബ്രദേഴ്‌സ് എന്ന് വിളിക്കപ്പെട്ട ഇവർ പിന്നീട് സംസ്ഥാന ബിജെപിയിലും മാറ്റി നിർത്താവാനാവാത്ത വ്യക്തികളായി.

കല്യാണ രാജ്യ പ്രഗതി പക്ഷ പാർട്ടി ചിഹ്നവുമായി 
കല്യാണ രാജ്യ പ്രഗതി പക്ഷ പാർട്ടി ചിഹ്നവുമായി 

2011ൽ മന്ത്രിയായിരിക്കെ കർണാടക ലോകായുക്ത കണ്ടെത്തിയ ഖനി അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്യുംവരെ ബിജെപിയുടെ എല്ലാമെല്ലാമായിരുന്നു ജനാർദ്ദന റെഡ്ഢി എന്ന ഖനി രാജാവ്. 2015 വരെ ജാമ്യമില്ലാതെ ജയിലിൽ കിടക്കേണ്ടി വന്നതോടെ ബിജെപി നേതാക്കൾ പതിയെ റെഡ്ഢിയുമായുള്ള അടുപ്പം അവസാനിപ്പിച്ചു. ബെല്ലാരിയിൽ കാലുകുത്തരുതെന്ന ഉപാധികളോടെ കിട്ടിയ ജാമ്യം ജനാർദ്ദന റെഡ്ഢിയുടെ രാഷ്ട്രീയ ജീവിതത്തിനു തടസമായി. ബിജെപി നേതൃത്വവുമായി അടുക്കാൻ ശ്രമിച്ചെങ്കിലും ബെല്ലാരി ഇല്ലാത്ത ജനാർദ്ദന റെഡ്ഢിയെ അവർക്കു വലിയ താല്പര്യമുണ്ടായില്ല.

സുഷമ സ്വരാജിനൊപ്പം  ജനാർദ്ദന റെഡ്ഢിയും സഹോദരൻ സുധാകർ  റെഡ്ഢിയും 
സുഷമ സ്വരാജിനൊപ്പം  ജനാർദ്ദന റെഡ്ഢിയും സഹോദരൻ സുധാകർ  റെഡ്ഢിയും 

2018 ൽ ബിജെപിയുടെ ബി ശ്രീരാമലുവിനായി മുകളാൽമുരു മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയെങ്കിലും ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കോടതി ഇടപെടലുണ്ടായി. സുഷമ സ്വരാജിന്റെ മരണത്തോടെ ജനാർദ്ദന റെഡ്ഢിയെ കർണാടകയിലെ നേതാക്കളും തള്ളിപ്പറഞ്ഞു തുടങ്ങി. ഇതോടെയായിരുന്നു 2021ൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച്‌ റെഡ്ഢി ബെല്ലാരിയിൽ തങ്ങാനുള്ള അനുമതി നേടിയെടുത്തത്. തുടർന്ന്‌ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച്‌ പുതിയ പാർട്ടി രൂപീകരിച്ചു. സഹോദരൻ സുധാകർ റെഡ്ഢി പക്ഷേ ബിജെപിയിൽതന്നെ തുടർന്നു.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കിടെ
അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കിടെ

ഫുട്ബോൾ ആയിരുന്നു ജനാർദ്ദന റെഡ്ഢിയുടെപാർട്ടിയുടെ ചിഹ്നം. തന്നെ എല്ലാവരും പന്ത് തട്ടുകയായിരുന്നെന്നും ഇനി അതിനു നിന്ന് കൊടുക്കില്ലെന്നും പ്രഖ്യാപിച്ചായിരുന്നു പാർട്ടി ചിഹ്നം ഉയർത്തിക്കാട്ടി  റെഡ്ഢി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്. മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു കൊണ്ട് ബിജെപിക്ക്  ബെല്ലാരി ബെൽറ്റിൽ നല്ല രീതിയിൽ തലവേദനയുണ്ടാക്കാൻ റെഡ്ഢിക്കായി. റെഡ്ഢിയുടെ സംഘബലം കണ്ടുതന്നെയാണ് ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നു മുഴം മുൻപേ എറിയുന്നത്. കല്യാണ കർണാടക മേഖലയിൽ നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം മാറ്റാൻ റെഡ്ഢിയുടെ പാർട്ടി പുനഃപ്രവേശം ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടൽ. മേഖലയിൽ റെഡ്ഢി പറഞ്ഞാൽ കേൾക്കുന്ന വോട്ടർമാർ വിചാരിച്ചാൽ  ബെല്ലാരി, കോപ്പാള ഉൾപ്പടെയുള്ള മണ്ഡലങ്ങളെങ്കിലും ജയിക്കുമെന്ന വിശ്വാസമാണ് ബിജെപി ദേശീയ നേതൃത്വത്തിനുള്ളത്. എന്നാൽ ജനാർദ്ദന റെഡ്ഢി പ്രചാരണത്തിനിറങ്ങുന്നതോടെ ബിജെപിയുടെ അഴിമതി വിരുദ്ധ യുദ്ധത്തെ ചോദ്യം ചെയ്ത് മേഖലയിൽ  പ്രചാരണം കൊഴുപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം.

logo
The Fourth
www.thefourthnews.in