'മടത്തു', തുടരെ വിഐപി ലൈംഗിക പീഡനക്കേസുകള്‍; അന്വേഷിച്ച് വശംകെട്ട് കര്‍ണാടക സിഐഡി

'മടത്തു', തുടരെ വിഐപി ലൈംഗിക പീഡനക്കേസുകള്‍; അന്വേഷിച്ച് വശംകെട്ട് കര്‍ണാടക സിഐഡി

അന്വേഷണ സംഘത്തിലെ മികവുറ്റ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരന്തരം അശ്ലീല വീഡിയോകള്‍ നിര്‍ബന്ധമായി വീക്ഷിക്കേണ്ടി വന്നതില്‍ ഉള്‍പ്പെടെ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

കര്‍ണാടക സിഐഡി, ഒരു കാലത്ത് കുപ്രസിദ്ധമായ കുറ്റകൃത്യങ്ങളും, വെല്ലുവിളി നിറഞ്ഞ കേസുകളും അന്വേഷിച്ചിരുന്ന സംസ്ഥാന പോലീസിന്റെ മികവാര്‍ന്ന അന്വേഷണ സംഘമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ണാടക സിഐഡി വിഭാഗം സംസ്ഥാനത്തെ വിഐപികള്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകളുടെ പിന്നാലെയാണ്. അന്വേഷണ സംഘത്തിലെ മികവുറ്റ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരന്തരം അശ്ലീല വീഡിയോകള്‍ നിര്‍ബന്ധമായി വീക്ഷിക്കേണ്ടി വന്നതില്‍ ഉള്‍പ്പെടെ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെഡിയു നേതാവും ഹാസന്‍ മുന്‍ എംപിയുമായ പ്രജ്വല്‍ രേവണയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പെന്‍ഡ്രൈവ് വിവാദമാണ് ലൈംഗിക പീഡനക്കേസ് സിരീസിന്റെ തുടക്കം. പിന്നാലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വി എസ് യദ്യൂരപ്പയ്ക്ക് എതിരായ പോക്‌സോ കേസായിരുന്നു പിന്നീട് പുറത്തുവന്നത്. ഏറ്റവും ഒടുവില്‍ ജെഡിയു നേതാവും കര്‍ണാടക എംഎല്‍സി അംഗവുമായ സൂരജ് രേവണ്ണയ്ക്ക് എതിരായ ലൈഗികാതിക്രമ പരാതിയും ഉയരുകയായികുന്നു. എന്നാല്‍ കേസിന്റെ സ്വഭാവവും ബാഹുല്യവും തങ്ങളെ അസ്വസ്ഥരാക്കുന്നു എന്നാണ് സിഐഡി ഉദ്യോഗസ്ഥരുടെ പ്രതികരണം എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പല കേസുകളിലും പലതരത്തിലുള്ള വെല്ലുവിളികളാണ് ഉദ്യോഗസ്ഥര്‍ നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രജ്വല്‍ രേവണ പ്രതിയായ കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ദേശീയ അന്താരാഷ്ട്ര തലത്തില്‍ പ്രചരിച്ചിരുന്നു. ഈ കേസില്‍ രണ്ട് വെല്ലുവിളികളാണ് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ളത്. ലൈംഗിക വീഡിയോയിലെ പുരുഷന്റെ പുര്‍ണരൂപം ദൃശ്യങ്ങളില്‍ പലതിലും ഇല്ല. അതിനാല്‍ ഈ വ്യക്തി പ്രജ്വല്‍ രേവണ തന്നെ എന്ന് ഉറപ്പിക്കുകയാണ് ഉദ്യോഗസ്ഥരുടെ ആദ്യ വെല്ലുവിളി. ഇതിനൊപ്പം ഇരകളെ കണ്ടെത്തിലും ഇവരുടെ മൊഴി രേഖപ്പെടുത്തലും ഉള്‍പ്പെടെ തെളിവ് ശേഖരണം രണ്ടാമതായി പ്രതിസന്ധി സൃഷ്ടിക്കുന്നു.

സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ പ്രകാരം പ്രജ്ല്‍ കേസ് അന്വേഷിക്കാനും ഇയാളെ ചോദ്യം ചെയ്യാനും കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ എങ്കിലും പെന്‍ഡ്രൈവില്‍ കാണുന്ന എല്ലാ വീഡിയോകളും അവലോകനം ചെയ്യേണ്ടി വരുന്നു എന്ന സാഹചര്യം കേസിനെ വിചിത്രമാക്കുന്നു എന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അഡല്‍ട്ട് സിനിമകള്‍ മാര്‍ത്തണ്‍ രീതിയില്‍ വീക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനിടെ നേരിടേണ്ടിരുന്നത്. കേസിന്റെ പുരോഗതി മേലുദ്യോഗസ്ഥരുമായി പങ്കുവയ്ക്കുന്നതില്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനൊപ്പം തെളിവ് ശേഖരണത്തിന്റെ ഭാഗമായി അതിജീവിതകള്‍ക്ക് മുന്നില്‍ ഇതേ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്‌ക്കേണ്ടിവരുന്നത് അവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാനസിക സംഘര്‍ഷങ്ങളുണ്ടാക്കുന്നുണ്ട്. കേസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി നിരവധി ഉദ്യോഗസ്ഥര്‍ ഇതിനോടകം ആഭ്യന്തരവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്ന കേസില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ഇക്കാര്യം തുറന്ന് സമ്മതിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

logo
The Fourth
www.thefourthnews.in