ഹിന്ദി അടിച്ചേൽപിക്കാൻ അനുവദിക്കില്ല; മറ്റു ഭാഷക്കാരെ കന്നഡ പഠിപ്പിക്കാന്‍ കര്‍ണാടക

ഹിന്ദി അടിച്ചേൽപിക്കാൻ അനുവദിക്കില്ല; മറ്റു ഭാഷക്കാരെ കന്നഡ പഠിപ്പിക്കാന്‍ കര്‍ണാടക

കന്നഡ ഭാഷാ സംരക്ഷണ പ്രതിജ്ഞ എടുത്തു കർണാടക

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കിടെ കന്നഡ ഭാഷാ സംരക്ഷണ പ്രതിജ്ഞ എടുത്ത് ബിജെപി ഭരിക്കുന്ന കർണാടക. നവംബർ 1 നു നടക്കാനിരിക്കുന്ന കന്നഡ രാജ്യോത്സവ (കർണാടക പിറവി) ദിനാഘോഷത്തിന്റെ ഉദ്‌ഘാടനത്തോടഅനുബന്ധിച്ചാണ് നിയമസഭാ മന്ദിരമായ വിധാൻ സൗധക്കു മുന്നിൽ കന്നഡിഗർ പ്രതിജ്ഞ എടുത്തത് . മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി. മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി സമിതി അംഗവുമായ ബിഎസ് യെദ്യുരപ്പയും ചടങ്ങിൽ പങ്കെടുത്തു.

മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി.

"കന്നഡ നാടിന്റെ മക്കളായ ഞങ്ങൾ കന്നഡ ഭാഷയിൽ മാത്രമേ സംസാരിക്കൂ, കന്നഡയിൽ മാത്രമേ എഴുതൂ, കന്നഡഭാഷയെ ഞങ്ങൾ പരിപോഷിപ്പിക്കും. അന്യ ഭാഷകൾ സംസാരിക്കുന്നവർക്ക് കന്നഡ ഭാഷയുടെ ഗരിമ പറഞ്ഞു കൊടുക്കും അവരെ കന്നഡ ഭാഷ പഠിക്കാൻ സഹായിക്കും " ഇതായിരുന്നു പ്രതിജ്ഞ വാചകം .

കർണാടക സാംസ്‌കാരിക വകുപ്പാണ് കർണാടക പിറവിദിന ആഘോഷങ്ങൽക്കു നേതൃത്വം നൽകുന്നത്. കർണാടകയുടെ സംസ്ഥാന പതാകയും ഷാളുമണിഞ്ഞു നൂറു കണക്കിന് പേർ പ്രതിജ്ഞ ചൊല്ലി .

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെയും കർണാടകയിലെ ബിജെപി സർക്കാർ പരസ്യമായി നിലപാടെടുത്തിരുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രി ആയിരുന്ന സമയത്തു നിരവധി ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കർണാടക സാക്ഷിയായിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് കേന്ദ്രം നടത്തുന്ന നീക്കത്തിനെതിരെ കർണാടകയിലെ സാംസ്‌കാരിക സംഘടനകൾ രംഗത്ത് വന്നതോടെയായിരുന്നു ഹിന്ദിക്കെതിരെ ബിഎസ് യെദ്യൂരപ്പ നിലപാട് കടുപ്പിച്ചത്.

ഇതേ നിലപാട് ആവർത്തിക്കുന്നതാണ് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഉൾപ്പടെയുള്ളവർ പങ്കെടുത്ത കന്നഡ ഭാഷാ സംരക്ഷണ പ്രതിജ്ഞ.

logo
The Fourth
www.thefourthnews.in