കര്‍ണാടകയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പോസ്റ്റര്‍ കത്തിക്കുന്ന ബന്ദ് അനുകൂലികള്‍.
കര്‍ണാടകയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പോസ്റ്റര്‍ കത്തിക്കുന്ന ബന്ദ് അനുകൂലികള്‍.

കാവേരി ബന്ദിൽ സ്തംഭിച്ച് കർണാടക ജനജീവിതം; 44 വിമാനസർവീസുകൾ റദ്ദാക്കി

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചിത്രത്തിൽ ചെരുപ്പ് മാല അണിയിച്ചു പ്രതിഷേധം

കാവേരി പ്രശ്നത്തിൽ കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിൽ കർണാടകയിൽ ജനജീവിതം സ്തംഭിച്ചു. കർഷക സംഘടനകൾ ഉൾപ്പടെ വിവിധ സംഘടനകൾ അണിചേർന്ന 'കർണാടക ഒക്കൂട്ട'യാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

അനിഷ്ടസംഭവങ്ങൾ തടയാൻ ബംഗളുരുവിൽ ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്തു ബന്ദ് അനുകൂലികൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും എവിടെയും വഴി തടഞ്ഞുള്ള സമരമില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്. പൊതു ഗതാഗത സർവീസുകൾ ഉണ്ടെങ്കിലും വിദ്യാഭ്യാസ-ഐടി സ്ഥാപനങ്ങൾ നേരത്തെ അവധി പ്രഖ്യാപിച്ചതിനാൽ യാത്രക്കാരുടെ എണ്ണം കുറവാണ്. മെട്രോ സർവീസുകളും തടസമില്ലാതെ നടക്കുന്നുണ്ട്.

അതേസമയം, ബെംഗളൂരുവിൽ കടകമ്പോളങ്ങൾ, സിനിമാ തിയേറ്ററുകൾ, ഹോട്ടലുകൾ എന്നിവ അടഞ്ഞുകിടക്കുകയാണ്. കേന്ദ്രസേനയെ വിന്യസിച്ചാണ് ബംഗളുരുവിൽ സർക്കാർ ബന്ദിനെ നേരിടുന്നത്. തമിഴ്‌നാട് സ്വദേശികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ ദ്രുതകർമസേനയുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. കന്നഡരക്ഷണ വേദികെയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികൾ നടക്കുകയാണ്. മൈസൂർ, മണ്ടിയ, ബെലഗാവി എന്നിവിടങ്ങളിൽ ദേശീയപാതകൾ സമരക്കാർ ഉപരോധിക്കുന്നുണ്ട്.

റോഡ് ഉപരോധിക്കുന്ന ബന്ദ് അനുകൂലികള്‍.
റോഡ് ഉപരോധിക്കുന്ന ബന്ദ് അനുകൂലികള്‍.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ചിത്രത്തിൽ ചെരുപ്പ് മാലയിട്ടും ആദരാഞ്ജലി അർപ്പിച്ചുമാണ് മിക്കയിടങ്ങളിലും പ്രതിഷേധം. തമിഴ്‌നാട് അതിർത്തിയായ അത്തിബലെയിൽ തമിഴ്‌നാട് സ്വദേശികളുടെ വാഹനങ്ങൾ കന്നഡ സംഘടനകൾ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ച കന്നഡ രക്ഷണ വേദികെ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്‌മംഗഗളുരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരുടെ കോലം കത്തിച്ചു.

ബംഗളുരുവിൽ നിന്നുള്ള 44 വിമാനസർവീസുകൾ റദ്ദായി. മുബൈ, മംഗളുരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദായത്.

കാവേരി നദിയിൽനിന്ന് തമിഴ്‌നാടിനുള്ള ജലവിഹിതം വിട്ടു നല്കരുതെന്നാവശ്യപ്പെട്ടാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത് . 5000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നൽകണമെന്നാണ് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദേശം.

logo
The Fourth
www.thefourthnews.in