'മോനു മനേസറിനെ അറസ്റ്റ് ചെയ്യണം'; ഹരിയാനയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഖാപ് പഞ്ചായത്തുകളും കർഷക യൂണിയനുകളും

'മോനു മനേസറിനെ അറസ്റ്റ് ചെയ്യണം'; ഹരിയാനയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഖാപ് പഞ്ചായത്തുകളും കർഷക യൂണിയനുകളും

നൂഹിൽ അനധികൃതമായി കുടിലുകൾ പൊളിക്കുന്നതിനെതിരായ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസുമാർ പിന്മാറി

നൂഹിലുണ്ടായ വർഗീയ സംഘർഷങ്ങൾക്ക് പിന്നാലെ ​ഗോ രക്ഷകനായ മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാകുന്നു. ഹരിയാനയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക യൂണിയനുകളും ഖാപ് പഞ്ചായത്തുകളും രംഗത്തെത്തി. മോനു മനേസറാണ് വർഗീയ സംഘർഷത്തിന്റെ ആസൂത്രകനെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

പശുക്കടത്ത്‌ ആരോപിച്ച്‌ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും ബജ്‌റംഗ്ദൾ നേതാവുമായ മോനു മനേസറും സംഘവും നൂഹിലെ വിഎച്ച്പി ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഇവർ ഉയർത്തിയ വെല്ലുവിളിയാണ് മേഖലയിൽ പ്രകോപനം സൃഷ്ടിക്കാനിടയാക്കിയത്. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രകോപനപരമായ പോസ്റ്റുകളും പങ്കുവച്ചിരുന്നു.

വിവിധ ഖാപ്പ് പഞ്ചായത്തുകളും കർഷക യൂണിയനുകളുമെല്ലാം കഴിഞ്ഞദിവസം ഹിസാറിൽ മഹാപഞ്ചായത്ത് ചേർന്നു . സംസ്ഥാനത്ത് സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്ത് പ്രമേയമുൾപ്പെടെ പാസാക്കി. ഹിന്ദു, മുസ്ലിം, സിഖ് വിഭാഗങ്ങളിലിൽ നിന്നുള്ള മതപുരോഹിതരും മഹാപഞ്ചായത്തിന്റെ ഭാഗമായി ഐക്യ ആഹ്വാനം അംഗീകരിച്ചിരുന്നു. നൂഹിലെ കലാപം ഹരിയാന സർക്കാർ കൈകാര്യം ചെയ്ത രീതിക്കെതിരെയും വലിയ വിമർശനം ഉയർത്തിയിരുന്നു.

ആറുപേരാണ് നൂഹിലുണ്ടായ വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. രണ്ട് ഹോം ഗാർഡുകളും ഒരു പള്ളി ഇമാമും മരിച്ചവരിലുൾപ്പെടുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 113 എഫ്‌ഐആറുകൾ ഫയൽ ചെയ്തു. 305 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള 106 പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

വർഗീയ സംഘർഷങ്ങൾക്ക് പിന്നിലെ മോനു മനേസറിന്റെ പങ്ക് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഹരിയാന സംസ്ഥാന പോലീസ് മേധാവി പി കെ അഗർവാൾ വ്യക്തമാക്കി. ഫെബ്രുവരിയിൽ പശുക്കടത്ത്‌ ആരോപിച്ച്‌ ഭിവാനിയിൽ രണ്ട് മുസ്ലിം യുവാക്കളെ മോനു മനേസറിന്റെ നേതൃത്വത്തിലുള്ള സംഘം ചുട്ടുകൊന്നിരുന്നു. കന്നുകാലി വ്യാപാരികളായ ജുനൈദ്, നസീർ എന്നിവരുടെ മൃതദേഹങ്ങളാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ മോനു മനേസറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

വർഗീയ കലാപത്തെ തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന നൂഹിലെ സ്‌കൂളുകളും ഗതാഗത സംവിധാനങ്ങളും പ്രവർത്തനക്ഷമമായി. അതിനിടെ നൂഹിൽ അനധികൃതമായി കുടിലുകൾ പൊളിക്കുന്നതിനെതിരായ ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസുമാർ പിന്മാറി. വിഷയം പഞ്ചാബ് - ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് അയച്ചു. നേരത്തെ കേസ് പരിഗണിക്കവെ വർഗീയ സംഘർഷത്തിന്റെ പേരിൽ പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കലാണോ നടക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in