ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

തീരുമാനം മുഹമ്മദ് ഫൈസലിന് അനുകൂലമായ ഹൈക്കോടതി വിധിയെത്തുടര്‍ന്ന്

ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലേക്ക് പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കമ്മീഷൻ മാറ്റിവച്ചു. എം പിയായിരുന്ന മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി. ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം

മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മുഹമ്മദ് ഫൈസലിനെ കവരത്തി സെഷന്‍സ് കോടതി വധശ്രമക്കേസിൽ ശിക്ഷിച്ചതിന് പിന്നാലെ എം പി യെ അയോഗ്യനാക്കുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ മുഹമ്മദ് ഫൈസലിനെതിരായ കവരത്തി സെഷന്‍സ് കോടതിയുടെ വിധി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതോടെ ഉപതിരഞ്ഞെടുപ്പ് തടയണം എന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ഉപതിരഞ്ഞെടുപ്പ് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിന് അനുസൃതമായി തീരുമാനമെടുക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. നിയമാനുസൃതമായി നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വധശ്രമക്കേസിലെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ ജനപ്രാതിനിധ്യ നിയമത്തിലെ 8-ാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദായെന്നായിരുന്നു മുഹമ്മദ് ഫൈസലിന്റെ വാദം.

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
മുഹമ്മദ് ഫൈസലിന് ആശ്വാസം: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഉത്തരവ് പരിഗണിക്കണമെന്ന് സുപ്രീംകോടതി

അതേസമയം ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ ഭരണകൂടം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പരിഗണിക്കും. അഡ്മിനിസ്‌ട്രേഷന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഹര്‍ജി അടുത്ത തിങ്കളാഴ്ച ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍ദേശം നല്‍കിയത്.

logo
The Fourth
www.thefourthnews.in