സിംഗപ്പൂരിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ലാലു പ്രസാദ് യാദവ് തിരിച്ചെത്തി

സിംഗപ്പൂരിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ലാലു പ്രസാദ് യാദവ് തിരിച്ചെത്തി

ഏതാനും ദിവസം ലാലു ഡല്‍ഹിയില്‍ മകള്‍ക്കൊപ്പം താമസിക്കും

ബിഹാർ മുൻ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് സിംഗപ്പൂരിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം മടങ്ങിയെത്തി. ഇന്നലെ വൈകുന്നേരത്തോടെ ഡൽഹിയിൽ മടങ്ങിയെത്തിയ അദ്ദേഹത്തെ രാജ്യസഭാ എംപി കൂടിയായ മകൾ മിസ ഭാരതി സ്വീകരിച്ചു. ഇനിയുള്ള കുറച്ച് ദിവസങ്ങൾ അദ്ദേഹം മകളോടൊപ്പം ഡൽഹിയിൽ താമസിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

74 കാരനായ ലാലു പ്രസാദ് യാദവിന് മകൾ രോഹിണി ആചാര്യയാണ് വൃക്ക നൽകിയത്. ലാലു പ്രസാദ് യാദവ് നാട്ടിലേക്ക് മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രോഹിണി ട്വിറ്ററിൽ വികാര നിർഭരമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഒരു മകളുടെ കടമ നിറവേറ്റി എന്നാണ് തനിക്ക് തോന്നുന്നതെന്നും അച്ഛനെ നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുകയാണെന്നും കുറിപ്പില്‍ രോഹിണി പറയുന്നു.

'ഒരു പ്രധാനപ്പെട്ട കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ട നേതാവ് ലാലുജിയുടെ ആരോഗ്യനിലയെ കുറിച്ചാണ്. ഫെബ്രുവരി 11-ന് സിംഗപ്പൂരില്‍ നിന്ന് അദ്ദേഹം ഇന്ത്യയിലേക്ക് പോകുകയാണ്. ഒരു മകളുടെ കടമ ഞാന്‍ നിറവേറ്റി എന്നാണ് എനിക്ക് തോന്നുന്നത്. പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരുന്ന എന്റെ അച്ഛനെ ഞാന്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുകയാണ്. നിങ്ങള്‍ അദ്ദേഹത്തെ നന്നായി നോക്കണം.' രോഹിണി ട്വീറ്റില്‍ പറയുന്നു. ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് രോഹിണിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വൃക്ക മാറ്റിവയ്ക്കാൻ എയിംസിലെ ഡോക്ടർമാർ നിർദേശിച്ചിരുന്നില്ല. പിന്നീട് മകള്‍ രോഹിണിയുടെ നിര്‍ബന്ധപ്രകാരമാണ് ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോയത്. സിംഗപ്പൂരിൽ ചികിത്സ ആരംഭിച്ചത് മുതലുള്ള എല്ലാ വിവരങ്ങളും അദ്ദേഹത്തിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സിംഗപ്പൂരില്‍ താമസിക്കുന്ന രോഹിണിയുടെ വീട്ടില്‍ ഡിസംബര്‍ മൂന്നിനാണ് ലാലു എത്തിയത്. ഡിസംബര്‍ അഞ്ചിനാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. കുംഭകോണ കേസിലെ പ്രതിയായ ലാലുവിന് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

logo
The Fourth
www.thefourthnews.in