തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷി; എന്നിട്ടും മുഖ്യമന്ത്രി കസേര സ്വപ്‌നം മാത്രം, ആര്‍ജെഡിയുടെ 'ദുരവസ്ഥ'

തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷി; എന്നിട്ടും മുഖ്യമന്ത്രി കസേര സ്വപ്‌നം മാത്രം, ആര്‍ജെഡിയുടെ 'ദുരവസ്ഥ'

അസാധ്യ മെയ് വഴക്കത്തോടെ കൂടാരംവിട്ട് കൂടാരം ചാടുന്ന നിതീഷിന്റെ തന്ത്രങ്ങള്‍ക്കിടയില്‍, മുഖ്യമന്ത്രി കസേര സ്വപ്‌നം മാത്രമായി അവസാനിക്കുന്ന ആര്‍ജെഡിയുടെ കാത്തിരിപ്പിന്റെ കഥ

ബിഹാറില്‍ മഹാസഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ എന്‍ഡിഎയ്‌ക്കൊപ്പം പോകാനൊരുങ്ങുമ്പോള്‍, സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് ആര്‍ജെഡി. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനും ജെഡിയു ക്യാമ്പില്‍ നിന്നടക്കം എംഎല്‍എമാരെ ഒപ്പം കൂട്ടാനും ആര്‍ജെഡി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇനി പറയാന്‍ പോകുന്നത് നിതീഷ് കുമാറിനേയും അദ്ദേഹത്തിന്റെ കൂറുമാറ്റ ചരിത്രത്തേയും കുറിച്ചല്ല. അസാധ്യ മെയ് വഴക്കത്തോടെ കൂടാരംവിട്ട് കൂടാരം ചാടുന്ന നിതീഷിന്റെ തന്ത്രങ്ങള്‍ക്കിടയില്‍, മുഖ്യമന്ത്രി കസേര സ്വപ്‌നം മാത്രമായി അവസാനിക്കുന്ന ആര്‍ജെഡിയുടെ കാത്തിരിപ്പിന്റെ കഥയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി പദത്തിലെത്താന്‍ സാധിക്കാതെ പോയ ആര്‍ജെഡിയുടെ 'ദുരവസ്ഥയെ' കുറിച്ചാണ്.

രണ്ടായിരം മുതലുള്ള തിരഞ്ഞെടുപ്പ് കണക്കുകളില്‍, 2005, 2010 തിരഞ്ഞെടുപ്പുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ആര്‍ജെഡിയായിരുന്നു എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ, അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ച നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കാതെ കളംവാണു.

1995-ലാണ് ലാലുപ്രസാദ് യാദവ് ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തുന്നത്. 1997-ല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ പ്രതിയായി ലാലു മുഖ്യമന്ത്രി സ്ഥാനമൊഴിയുകയും ഭാര്യ റാബ്‌റി ദേവി മുഖ്യമന്ത്രിയാവുകയും ചെയ്തു. 2000-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 159 സീറ്റുമായി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നിതീഷ് കുമാറിന്റെ സമതാ പാര്‍ട്ടി ബിജെപിയെ കൂട്ടുപിടിച്ച് അധികാരത്തിലെത്തി. കേവലഭൂരിപക്ഷമായ 163 സീറ്റ് തികയ്ക്കാന്‍ കഴിയാതെ വന്നതോടെ ഏഴു ദിവസത്തിനുള്ളില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് റാബ്‌റി ദേവി വീണ്ടും മുഖ്യമന്ത്രിയായി.

തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷി; എന്നിട്ടും മുഖ്യമന്ത്രി കസേര സ്വപ്‌നം മാത്രം, ആര്‍ജെഡിയുടെ 'ദുരവസ്ഥ'
'നിതീഷ് ചരിതം ചാട്ടക്കഥ' പുതിയ അധ്യായം; ബിഹാറിലെ രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്‌സ് എന്താകും?

2005-ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പിലും 75 സീറ്റുമായി ആര്‍ജെഡി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡിയുവിന് 55 സീറ്റ്. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ പരാജയപ്പെട്ടു. 2005-ക്ടോബറില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. 88 സീറ്റ് നേടി നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി. ബിജെപി ആയിരുന്നു ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി, 55 സീറ്റ്. 54 സീറ്റുമായി തൊട്ടുതാഴെ ആര്‍ജെഡി നിലയുറപ്പിച്ചു. പക്ഷേ 2010-ലെ തിരഞ്ഞെടുപ്പില്‍ ലാലുവിന്റെ പാര്‍ട്ടിക്ക് അടിപതറി. 22 സീറ്റ് മാത്രമായിരുന്നു സംഭാവന. 115 സീറ്റിന്റെ തിളക്കത്തില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി. 91 സീറ്റ് നേടി ബിജെപി രണ്ടാം സ്ഥാനത്ത്. 2015-ലും ആര്‍ജെഡി തന്നെയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി, 80 സീറ്റ്. ജെഡിയുവിന് 73 സീറ്റ്. ബിജെപി 53. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി. ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി.

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും
ലാലു പ്രസാദ് യാദവും നിതീഷ് കുമാറും

2020-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 75 സീറ്റുമായി ആര്‍ജെഡി വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി. 74 സീറ്റ് നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി. 43 സീറ്റുമാത്രം കിട്ടിയ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി ബിജെപി ആര്‍ജെഡിയെ പിന്നേയും ഒതുക്കി. 2022-ല്‍ നിതീഷ് കുമാര്‍ കൂടുമാറി വീണ്ടും ആര്‍ജെഡിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷ് തന്നെകൊണ്ടുപോയി. ലാലുവിനേയും തേജസ്വിയേയും പ്രതിസന്ധിയിലാക്കി നിതീഷ് വീണ്ടും എന്‍ഡിഎ ക്യാമ്പിലേക്ക് പോകാനൊരുങ്ങുമ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ മുന്നേറാന്‍ സാധിച്ചിട്ടും മുഖ്യമന്ത്രി കസേരയിലെത്താന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടിവരുന്ന ആര്‍ജെഡിയുടെ കഥയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഭരണം കിട്ടിയ സമയത്ത് അത്ര 'വെടിപ്പായി' ഭരിച്ച പാര്‍ട്ടിയല്ല ആര്‍ജെഡി എന്നതും വസ്തുതയാണ്. ലാലുവിന്റേയും പിന്നീട് റാബ്‌റിയുടേയും ഭരണകാലഘട്ടം ബിഹാറില്‍ ജംഗിള്‍രാജ് എന്നാണ് അറിയപ്പെടുന്നത്. അഴിമതിയും അക്രമവും കൊടികുത്തിവാണ കാലം. അദ്വാനിയുടെ രഥയാത്ര തടഞ്ഞുനിര്‍ത്തിയ ചങ്കൂറ്റമുണ്ടെന്ന് പറയുമ്പോഴും ഒന്നിനുപുറകേ ഒന്നായി പുറത്തുവന്ന അഴിമതി ആരോപണണങ്ങള്‍ ലാലു പ്രസാദ് യാദവ് എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ ശോഭ കെടുത്തി. ദുര്‍ഭരണത്തില്‍ നിന്ന് ബിഹാറിനെ രക്ഷിച്ച രക്ഷകന്റെ ഇമേജുണ്ടായിരുന്നു പലവട്ടം മറുകണ്ടം ചാടുമ്പോഴും നിതീഷ് കുമാറിന്. അതുകൊണ്ടാണ് അദ്ദേഹത്തിന് 'സുശാസന്‍ ബാബുവെന്ന' വിളിപ്പേര് ജനങ്ങള്‍ ചാര്‍ത്തിനല്‍കിയതും.

ലാലു പ്രസാദ് യാദവും തേജസ്വി യാദവും
ലാലു പ്രസാദ് യാദവും തേജസ്വി യാദവും

നിതീഷിന്റെ പുതിയ നീക്കങ്ങളില്‍ സംയമനത്തോടെ പെരുമാറുന്ന ആര്‍ജെഡിയെയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കാണാന്‍ സാധിച്ചത്. സ്വന്തം പാളയത്തില്‍ പടയൊരുങ്ങാതിരിക്കാനുള്ള ജാഗ്രതയാകണം തേജസ്വിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. എംഎല്‍എമാരോട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്നും പാര്‍ട്ടി നേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും ലാലുപ്രസാദ് യാദവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

'ഗോപാല്‍ഗഞ്ച് ടു റെയ്‌സീന റോഡ്-മൈ പൊളിറ്റിക്കല്‍ ജേര്‍ണി' എന്ന തന്റെ ആത്മകഥയില്‍ നിതീഷ് കുമാറിന്റെ മുന്നണി മാറ്റങ്ങളെ കുറിച്ച് ലാലുപ്രസാദ് യാദവ് എഴുതുന്നത് ഇങ്ങനെയാണ്; എന്‍ഡിഎയിലേക്ക് പോയി ആറുമാസം കഴിഞ്ഞപ്പോള്‍ തന്നെ നിതീഷിന് മഹാസഖ്യത്തിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹമുണ്ടായി. തന്റെ അടുത്ത അനുയായി പ്രശാന്ത് കിഷോറിനെ അതിനുവേണ്ടി ചര്‍ച്ച നടത്താനായി പറഞ്ഞയച്ചു. എന്നാല്‍, ഞങ്ങള്‍ നിതീഷിനെ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. നിതീഷിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി ഞാന്‍ പ്രശാന്തിനോട് പറഞ്ഞു. അദ്ദേഹത്തിന് തിരിച്ചുവരാനുള്ള വാതിലുകള്‍ ഞങ്ങളടച്ചു'.

എന്നാല്‍ 2022-ല്‍ ഇതേ ലാലുപ്രസാദ് യാദവ് തന്നെ വീണ്ടും നിതീഷിനെ സ്വീകരിക്കുകയും മുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു. നിതീഷിന്റെ മനസ്സ് ഇനി മാറില്ലെന്ന ചിന്തയായിരുന്നിരിക്കണം വീണ്ടുമുള്ള ആ സ്വീകരണത്തിന് പിന്നില്‍. പക്ഷേ, ശീലം മാറ്റാന്‍ സാധിക്കാത്ത നിതീഷ് വീണ്ടും ചാടാനൊരുങ്ങുന്നു. ലാലു പ്രസാദ് യാദവിന്റെ സ്വപ്‌നങ്ങള്‍ ഒരിക്കല്‍ക്കൂടി കരിയുന്നു.

logo
The Fourth
www.thefourthnews.in