'വീര തെലങ്കാനയില്‍' കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതിയെന്ത്?; പിണറായി പോയി പ്രസംഗിച്ചിട്ടും പാലം വലിച്ച കെസിആര്‍

'വീര തെലങ്കാനയില്‍' കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതിയെന്ത്?; പിണറായി പോയി പ്രസംഗിച്ചിട്ടും പാലം വലിച്ച കെസിആര്‍

കര്‍ഷക, തൊഴിലാളി, വിദ്യാര്‍ത്ഥി സമരങ്ങളില്‍ ഇപ്പോഴും വലിയ ആള്‍ക്കൂട്ടമുണ്ടെങ്കിലും ഇതൊന്നും വോട്ടാക്കി മാറ്റാന്‍ തെലങ്കാനയിലേയും ആന്ധ്രയിലേയും ഇടത് പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല

'തേഭാഗ, തെലങ്കാന, പുന്നപ്ര വയലാര്‍...' എസ്എഫ്‌ഐ ഇപ്പോഴും ആവേശത്തോടെ വിളിക്കുന്നൊരു മുദ്രാവാക്യത്തിന്റെ തുടക്കമാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കരുത്തുറ്റ വേരോട്ടമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു അവിഭക്ത ആന്ധ്രാപ്രദേശ്. എന്നാല്‍, തെലങ്കാനയിലും ആന്ധ്രയിലും മുഖ്യധാര ഇടത് പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏറെക്കുറെ അപ്രസക്തമായ അവസ്ഥയിലാണ്. കര്‍ഷക, തൊഴിലാളി, വിദ്യാര്‍ത്ഥി സമരങ്ങളില്‍ ഇപ്പോഴും വലിയ ആള്‍ക്കൂട്ടമുണ്ടെങ്കിലും ഇതൊന്നും വോട്ടാക്കി മാറ്റാന്‍ തെലങ്കാനയിലേയും ആന്ധ്രയിലേയും ഇടത് പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല.

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ സിപിഎമ്മും സിപിഐയും നാമമാത്ര സാന്നിധ്യമാണ്. കോണ്‍ഗ്രസ് സഖ്യത്തിലാണെങ്കിലും സിപിഐ മത്സരിക്കുന്നത് ഒരൊറ്റ സീറ്റിലാണ്. കോണ്‍ഗ്രസുമായി അവസാന നിമിഷംവരെ വിലപേശിയ സിപിഎം 19 സീറ്റുകളില്‍ തനിച്ച് മത്സരിക്കുന്നു. കോതഗൂഡം സീറ്റാണ് സിപിഐയ്ക്ക് വേണ്ടി കോണ്‍ഗ്രസ് മാറ്റിവച്ചിരിക്കുന്നത്. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥിതിയെന്താണ്?

പിണറായി പോയി പ്രസംഗിച്ചു; എന്നിട്ടും പാലം വലിച്ച കെസിആര്‍

ഇത്തവണ ബിആര്‍എസിനൊപ്പം സഖ്യമുണ്ടാക്കമെന്ന പ്രതീക്ഷയിലായിരുന്നു ഇടത് പാര്‍ട്ടികള്‍. എന്നാല്‍, അവസാന നിമിഷം കെസിആര്‍ 'പാലം വലിച്ചു'. പ്രധാനപ്പെട്ട നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതു പാര്‍ട്ടികള്‍ ബിആര്‍എസിനൊപ്പം നിന്നിരുന്നു. ഹുസൂര്‍നഗര്‍, ഹുസൂര്‍ബാദ്, മുന്നുഗോഡു നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടത് പാര്‍ട്ടികള്‍ കെസിആറിന് പിന്തുണ നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കൃത്യമായ വോട്ട് ബാങ്കുള്ള മണ്ഡലങ്ങളായിരുന്നു ഇവയെല്ലാം. ഇതിന് പുറമേ, ഖമ്മത്ത് ബിആര്‍എസ് സംഘടിപ്പിച്ച വമ്പന്‍ റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് പ്രസംഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം വിട്ട് മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നത് വിരളമാണ്. എന്നാല്‍, തെലുങ്ക് മണ്ണില്‍ തിരിച്ചു വരവിന് ശ്രമിക്കുന്ന സിപിഎമ്മിന് കരുത്തേകുമെന്നും സഖ്യ നീക്കങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും പ്രതീക്ഷിച്ചായിരുന്നു പിണറായി വിജയനെ തെലങ്കാന സിപിഎം ഖമ്മത്ത് എത്തിച്ചത്.

'ഡല്‍ഹി മോഹങ്ങളുമായി' കെസിആര്‍ മൂന്നാം മുന്നണി രൂപീകരണ ശ്രമങ്ങള്‍ ആരംഭിച്ചപ്പോഴും ഇടത് പാര്‍ട്ടികള്‍ ഒപ്പം നിന്നു. ഹൈദരാബാദില്‍ നടത്തിയ റാലിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബിജെപിക്ക് എതിരെ കോണ്‍ഗ്രസ് മുക്ത വിശാല മുന്നണിയെന്ന ആശയത്തെ ഇടത് പാര്‍ട്ടികള്‍ പിന്തുണയ്ക്കുകയും ചെയ്തു.

'വീര തെലങ്കാനയില്‍' കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതിയെന്ത്?; പിണറായി പോയി പ്രസംഗിച്ചിട്ടും പാലം വലിച്ച കെസിആര്‍
'അതിരുകടന്ന' ശിവജി; തെലങ്കാനയിലെ ബിജെപിയുടെ പ്രതിമ രാഷ്ട്രീയത്തിനുപിന്നിൽ

ഉപതിരഞ്ഞെടുപ്പുകളില്‍ ഇടത് പിന്തുണ കിട്ടിയതിന് പിന്നാലെ, 2023 നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം തുടരുമെന്ന് ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ബിആര്‍എസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതോടെ ഇടത് പാര്‍ട്ടികള്‍ പരുങ്ങലിലായി. 'ഒന്നോ രണ്ടോ സീറ്റ് വേണമെങ്കില്‍ തരാമെന്ന' കെസിആറിന്റെ നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആത്മാഭിമാനം വ്രണപ്പെടുത്തി. കെസിആര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കുന്നമേനി സാംബശിവ റാവു പരസ്യമായി പറഞ്ഞു. ബിആര്‍എസ് നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നും ഇത്തവണ ഇടത് പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലെന്നുമായിരുന്നു കെസിആറിന്റെ നിലപാട്. പിന്നീട് കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളായി. എന്നാല്‍ അവിടേയും തിരിച്ചടി നേരിട്ടു. സിപിഎം ആവശ്യപ്പെട്ട സീറ്റുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസും തയ്യാറായില്ല. ഇതോടെ, 19 സീറ്റുകളില്‍ തനിച്ച് മത്സിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചു.

തിരച്ചടികള്‍ക്ക് മേല്‍ തിരിച്ചടി

തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം 2014ല്‍ നടന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ 37 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ലഭിച്ചത് ഒരു സീറ്റാണ്. ഏഴ് സീറ്റില്‍ മത്സരിച്ച സിപിഐയ്ക്കും ഒരു സീറ്റ് കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 2018 നിയമസഭ തിരഞ്ഞെടുപ്പില്‍ ടിഡിപിക്കും കോണ്‍ഗ്രസിനുമൊപ്പം ആയിരുന്നു സിപിഐ സഖ്യമുണ്ടാക്കിയത്. മൂന്നു സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായി. 88 സീറ്റാണ് അന്ന് ടിആര്‍എസ് ആയിരുന്ന ബിആര്‍എസ് നേടിയത്. കോണ്‍ഗ്രസ് 19 സീറ്റിലും വിജയിച്ചു. ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിന് ഒരിടത്തും ജയിക്കാന്‍ സാധിച്ചില്ല. 0.4 ശതമാനം വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്.

'വീര തെലങ്കാനയില്‍' കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതിയെന്ത്?; പിണറായി പോയി പ്രസംഗിച്ചിട്ടും പാലം വലിച്ച കെസിആര്‍
ദേശീയതലത്തിൽ ജാതി സെൻസസിനൊപ്പം, ഇവിടെ 'റെഡ്ഡി പാർട്ടി'; ഫലിക്കുമോ തെലങ്കാന പിടിക്കാനുള്ള കോൺഗ്രസ് തന്ത്രം?

മുന്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും ബിആര്‍എസിനും ടിഡിപിക്കും വോട്ട് നല്‍കിയത് തിരിച്ചടിയായി എന്ന വിലയിരുത്തല്‍ പാര്‍ട്ടികള്‍ക്കുള്ളിലുണ്ട്. നിയമസഭ, പാര്‍ലമെന്റ് അംഗങ്ങളായ പല നേതാക്കളും പാര്‍ട്ടി മാറി ബിആര്‍എസിലും കോണ്‍ഗ്രസിലും ബിജെപിയിലും ചേര്‍ന്നു. കര്‍ഷക, തൊഴിലാളി മേഖയില്‍ ഇപ്പോഴും ശക്തമായ സംവിധാനമുണ്ടെങ്കിലും യുവാക്കളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ സാധിക്കുന്നില്ലെന്നും സിപിഎമ്മും സിപിഐയും സ്വയം വിമര്‍ശനമായി പറയുന്നുണ്ട്.

അടിത്തറയുണ്ട്, പക്ഷേ...

നക്രേകല്‍, പാലയര്‍, ഭദ്രാചലം, യെല്ലനാടു, മധിര, മുന്നുഗോഡെ മണ്ഡലങ്ങളില്‍ സിപിഐയ്ക്ക് ഇപ്പോഴും ശക്തമായ കേഡര്‍ സംവിധാനവും വോട്ട് ബാങ്കുമുണ്ട്. മുന്നുഗോഡെ ഉപതിരഞ്ഞെടുപ്പില്‍ ബിആര്‍എസ് ജയിച്ചത് തങ്ങളുടെ വോട്ടുകൊണ്ടാണെന്നും അത് കെസിആര്‍ മറന്നെന്നും പാര്‍ട്ടി പരസ്യമായി പറഞ്ഞത് ഈ അടിത്തറയുടെ ബലത്തിലാണ്. സട്ടുപ്പള്ളി മണ്ഡലത്തിലും സിപിഐയ്ക്ക് കരുത്തുണ്ട്. ഇബ്രാഹിംപട്ടണം, കോടാട്, വൈര, മിരിയാലഗുഡ, തമ്മിനേനി, ചേനൂര്‍, മണ്ഡലങ്ങളില്‍ സിപിഎമ്മിന് ശക്തമായ വേരോട്ടമുണ്ട്. ഇവയില്‍ പലയിടത്തും 5,000 മുതല്‍ 10,000 വരെ ഉറച്ച വോട്ടുകള്‍ സിപിഎമ്മിനുണ്ട്. എന്നാല്‍, സഖ്യമുണ്ടാക്കി മത്സരിക്കുന്ന അവസരങ്ങളില്‍ ഈ സീറ്റുകള്‍ ലഭിക്കാതിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായിരുന്നു.

'വീര തെലങ്കാനയില്‍' കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതിയെന്ത്?; പിണറായി പോയി പ്രസംഗിച്ചിട്ടും പാലം വലിച്ച കെസിആര്‍
ബിജെപിയുടെ തെലങ്കാനയിലെ 'പവര്‍ സ്റ്റാര്‍' പ്രതീക്ഷകള്‍; പവന്‍ കല്യാണ്‍ ഇത്തവണയെങ്കിലും 'രക്ഷപ്പെടുമോ?'

തോക്കിന്‍ കുഴലില്‍ നിന്ന് ജനാധിപത്യത്തിലേക്ക്

തെലങ്കാനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥിതിയെ കുറിച്ച് പറയുമ്പോള്‍, നക്‌സല്‍ പ്രസ്ഥാനങ്ങളുടെ നിലവിലെ സാഹചര്യം കൂടി പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. റെഡ് കോറിഡോറായി അറിയപ്പെട്ടിരുന്ന മേഖലകളില്‍ മാവോയിസ്റ്റുകള്‍ താരതമ്യേന ദുര്‍ബലമാണ്. അവിഭക്ത ആന്ധ്രപ്രദേശിലെ 21 ജില്ലകള്‍ നക്‌സല്‍ ബാധിത മേഖലയായിരുന്നു. 2011മുതല്‍ നക്‌സല്‍ ആക്രമണങ്ങള്‍ക്ക് ഗണ്യമായ കുറവുണ്ട്. വോട്ടെടുപ്പിനിടെ ആക്രമണങ്ങള്‍ പതിവായിരുന്ന മേഖലകളില്‍, മാവോയിസ്റ്റുകളുടെ നോട്ടീസുകള്‍ പതിയുന്നതല്ലാതെ, കാര്യമായ ഇടപെടലുകള്‍ ഇപ്പോള്‍ നടക്കുന്നില്ല. എന്നിരുന്നാലും, പതിനാറ് മണ്ഡലങ്ങളില്‍ ഇപ്പോഴും നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ദന്‍സാരി അനസൂയ രാഹുല്‍ ഗാന്ധിക്കൊപ്പം
ദന്‍സാരി അനസൂയ രാഹുല്‍ ഗാന്ധിക്കൊപ്പം

പല മുന്‍ നക്‌സല്‍ നേതാക്കളും തോക്ക് ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെ മാര്‍ഗത്തിലേക്കെത്തി. അവരില്‍ പലരും കോണ്‍ഗ്രസ്, ബിആര്‍എസ്, ടിഡിപി ടിക്കറ്റുകളില്‍ മത്സരിക്കുകയും നിയമസഭയിലെത്തുകയും ചെയ്തു. അതില്‍ പ്രധാനിയാണ് 'സീതാക്ക' എന്നറിയപ്പെടുന്ന ദന്‍സാരി അനസൂയ. മുലുഗുവില്‍ നിന്നുള്ള കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എയാണ് അനസൂയ. ഇത്തവണയും ഈ മണ്ഡലത്തില്‍ സീതാക്ക ജനവിധി തേടുന്നുണ്ട് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്‌സല്‍ നേതാവ് നാഗേശ്വര്‍ റാവുവിന്റെ മകള്‍ നാഗജ്യോതിയെയാണ് ബിആര്‍എസ് രംഗത്തിറക്കിയിരിക്കുന്നത്. ഒരുകാലത്ത് ചുവപ്പുകോട്ടയായിരുന്ന 'വീര തെലങ്കാനയില്‍' കമ്മ്യൂണിസ്റ്റുകളുടെ ഭാവി ഇനിയെന്ത് എന്ന ചോദ്യം ബാക്കി.

logo
The Fourth
www.thefourthnews.in