'ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നവർക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്യാം'; ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ് നേതാക്കൾ

'ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നവർക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്യാം'; ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ് നേതാക്കൾ

ഗാന്ധിജിയുടെ കണ്ണട, ഊന്നുവടി, ചർക്ക എന്നിവയെല്ലാം ഏറ്റെടുത്ത് അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിയൻ ചിഹ്നങ്ങളും പാരമ്പര്യവും ഏറ്റെടുക്കാൻ ശ്രമിക്കുന്നവരുടെ യഥാർത്ഥ മുഖം മനസ്സിലാക്കണമെന്ന് കോൺഗ്രസ്. ലോകം മുഴുവൻ ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെട്ട് സഞ്ചരിക്കുന്ന ഇവർക്ക് യഥാർത്ഥത്തിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. നുണകൾക്ക് മുകളിൽ സത്യം ജയിക്കുന്നതിനുവേണ്ടി പോരാടുമെന്നും, അത് വെറുപ്പിന്റെയും പകയുടെയും രാഷ്ട്രീയത്തിനെതിരായിരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മഹാത്മാ ഗാന്ധി ഒരു വ്യക്തിയല്ലെന്നും അതൊരു ആശയവും രാജ്യത്തിൻറെ ധാർമിക മൂല്യവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ട്വിറ്ററിൽ കുറിച്ചു. ഗാന്ധി മുന്നോട്ടുവച്ച സത്യം, അഹിംസ, സ്വാതന്ത്ര്യം, തുല്യത, സഹവർത്തിത്വം എന്നിവയെല്ലാം അനശ്വരമായ മൂല്യങ്ങളാണെന്നും ഖാർഗെ പറഞ്ഞു.

സത്യത്തിന്റെയും അഹിംസയുടെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും വഴികാണിച്ചുതന്ന മനുഷ്യനാണ് മഹാത്മാ ഗാന്ധിയെന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.

ഗോഡ്‌സെയുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്കെതിരെ പോരാടുമെന്ന് നമുക്ക് ഈ ഗാന്ധിജയന്തി ദിനത്തിൽ പ്രതിജഞ ചെയ്യാമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു. കുറിച്ചു.

"രാജ്യത്തിന്റെ പലഭാഗത്തായി നിരവധി പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ടുപോകുന്ന ഗാന്ധിയൻ സംഘടനകളോടൊപ്പം നമുക്ക് ഈ ഗാന്ധിജയന്തി ദിനത്തിൽ നിൽക്കാം. ആ പ്രതിസന്ധികൾ സൃഷ്ടിക്കുന്നവർക്കെതിരെയാണ് ഗാന്ധിജി ജീവിതകാലം മുഴുവൻ പോരാടിയതെന്ന് മാത്രമല്ല, ഗാന്ധിജിയുടെ കൊലപാതകത്തിലേക്ക് നയിച്ച സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചവർ കൂടിയാണ് ഇവർ," ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ഗാന്ധിയൻ ചിഹ്നങ്ങൾ ഉപയോഗിച്ച് ഗാന്ധിയെ ഏറ്റെടുക്കുന്നവരെ മനസിലാക്കേണ്ടതുണ്ട്. ഗാന്ധിയുടെ കണ്ണട, ഊന്നുവടി, ചർക്ക എന്നിവയെല്ലാം ഏറ്റെടുത്ത് അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടാൻ ശ്രമിക്കുന്നവരെ നമ്മൾ തിരിച്ചറിയണം. അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഉൾക്കൊള്ളാൻ അവർക്ക് സാധിക്കില്ലെന്നും ജയറാം രമേശ് പറഞ്ഞു.

എതിരാളികളോട് പകസൂക്ഷിക്കുന്ന രീതിയോ, മതം ഉപയോഗിച്ച് വികാരം ആളിക്കത്തിക്കാനുള്ള ശ്രമമോ ഗാന്ധിജിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ ഗാന്ധിജയന്തിയിൽ നുണകൾക്ക് മുകളിൽ സത്യം ജയിക്കുമെന്നും, വെറുപ്പിന്റെ രാഷ്ട്രീയത്തിന് മുകളിൽ ആത്മാർത്ഥതയുടെയും സ്നേഹത്തിന്റെയും രാഷ്ട്രീയം വിജയിക്കുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

logo
The Fourth
www.thefourthnews.in