മഹായുതി സഖ്യത്തില്‍ പൊട്ടിത്തെറി; വിജയ് ശിവതാരയെ പുറത്താക്കിയില്ലെങ്കിൽ പുറത്തുപോകും, ഭീഷണിയുമായി അജിത് പവാർ

മഹായുതി സഖ്യത്തില്‍ പൊട്ടിത്തെറി; വിജയ് ശിവതാരയെ പുറത്താക്കിയില്ലെങ്കിൽ പുറത്തുപോകും, ഭീഷണിയുമായി അജിത് പവാർ

എക്‌നാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിന്റെ എൻസിപിയുമാണ് തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മഹാരാഷ്ട്രയിലെ എൻഡിഎ സഖ്യത്തില്‍ പൊട്ടിത്തെറി. എക്‌നാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിന്റെ എൻസിപിയും തമ്മിലുള്ള പടലപ്പിണക്കമാണ് എന്‍ഡിഎയെ വലയ്ക്കുന്നത്. അജിത് പവാറിനെ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ നേതാവ് വിജയ് ശിവതാര അധിക്ഷേപിച്ചെന്നും ഇയാളെ പുറത്താക്കിയില്ലെങ്കിൽ 'മഹായുതി സഖ്യ'ത്തിൽ നിന്ന് പുറത്തുപോകുമെന്നുമാണ് എൻസിപി ഭീഷണി മുഴക്കിയിരിക്കുന്നത്.

നേരത്തെ അജിത് പവാറിനെതിരെ നിലപാട് എടുത്ത വിജയ് ശിവ്താരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അജിത് പവാറിന്റെ ഭാര്യ സുനേത്ര മത്സരിക്കുന്ന മണ്ഡലം കൂടിയാണിത്. മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാറിനെതിരെ രംഗത്ത് വന്ന നേതാവിനെ ശിവസേന പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാണ് എന്‍സിപി അജിത് പവാര്‍ പക്ഷം ആവശ്യപ്പെടുന്നത്.

മഹായുതി സഖ്യത്തില്‍ പൊട്ടിത്തെറി; വിജയ് ശിവതാരയെ പുറത്താക്കിയില്ലെങ്കിൽ പുറത്തുപോകും, ഭീഷണിയുമായി അജിത് പവാർ
ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പ്രവാസി ഇന്ത്യക്കാർക്ക് എങ്ങനെ വോട്ട് ചെയ്യാം?

നേരത്തെയും വിജയ് ശിവതാരയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നെന്നും എന്നാൽ ഇതുവരെ നടപടിയൊന്നുമുണ്ടായില്ലെന്നും എൻസിപി മുഖ്യവക്താവ് ഉമേഷ് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. ''ശിവസേന ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ, മഹായുതിയിൽ തുടരണോ വേണ്ടയോ എന്ന് ഞങ്ങൾ ഗൗരവമായി ആലോചിക്കുകയാണ്. സഹിഷ്ണുതയുടെ പരിധിക്കപ്പുറമാണ് കാര്യങ്ങൾ. ഞങ്ങളുടെ നേതാവിനെതിരെ അനാവശ്യവും ആക്ഷേപകരവുമായി സംസാരികുന്നത് അനുവദിക്കാൻ കഴിയില്ല. ഇത് സംസ്ഥാനത്തുടനീളമുള്ള എൻസിപി, ശിവസേന പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ കയ്പുണ്ടാക്കും. ആത്യന്തികമായി അത് മഹായുതിയുടെ വിജയ ശതമാനത്തെ ബാധിക്കും. ഇത് അവസാനിപ്പിക്കണം, ഷിൻഡെയുടെ ശിവസേന ഉടൻ തന്നെ ശിവതാരയെ പുറത്താക്കണം''- ഉമേഷ് പാട്ടീൽ പറഞ്ഞു.

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ സുപ്രിയ സുലെയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ സുനേത്ര പവാറും മത്സരിക്കുന്ന ബാരാമതി ലോക്സഭാ സീറ്റ് ഇരു പാർട്ടികളെയും സംബന്ധിച്ച് അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ്.

മഹായുതി സഖ്യത്തില്‍ പൊട്ടിത്തെറി; വിജയ് ശിവതാരയെ പുറത്താക്കിയില്ലെങ്കിൽ പുറത്തുപോകും, ഭീഷണിയുമായി അജിത് പവാർ
വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയില്‍

ഇവിടെ താൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നായിരുന്നു വിജയ് ശിവ്താരയുടെ പരാമർശം. 'ഞാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുമോ ഇല്ലയോ എന്ന കാര്യത്തിൽ എന്റെ പ്രവർത്തകർക്കും അനുയായികൾക്കും ഇടയിൽ ആശയക്കുഴപ്പമുണ്ട്. അവരിൽ ചിലർ ഞാൻ ഒരു ഒത്തുതീർപ്പിൽ എത്തിയേക്കാമെന്ന് കരുതുന്നു. എന്നാൽ എന്നെ ബാരാമതിയിൽ നിന്ന് മത്സരിപ്പിക്കാൻ മഹായുതി നേതാക്കളോട് ആവശ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് പോരാട്ടമാണ്. രാഷ്ട്രീയം ശുദ്ധീകരിക്കണമെങ്കിൽ ഞാൻ നേതൃത്വം നൽകേണ്ടി വരും,' എന്നായിരുന്നു വിജയ് ശിവ്താരയുടെ പരാമർശം.

''എനിക്ക് ഒരു പിശാചിനെ തടയണമെങ്കിൽ, മറ്റേ പിശാച് വിജയിക്കും. ഗ്രാമപ്രദേശങ്ങളിൽ അവർ ഭീതി പടർത്തി. അവർ പലരെയും വേദനിപ്പിച്ചു. ഇയാൾ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഞാൻ ഒരു ഫക്കീറായി പ്രവർത്തിക്കും''- എന്നായിരുന്നു അജിത് പവാറിനെ പേരെടുത്ത് പറയാതെ വിജയ് ശിവ്താരെ അധിക്ഷേപിച്ചത്.

വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് തനിക്ക് ലഭിക്കുന്നതെന്നും ശിവ്താരേ പറഞ്ഞു. ''ഒരു വലിയ നേതാവിനെയും എന്നോടൊപ്പം വേദി പങ്കിടാൻ ഞാൻ അനുവദിക്കില്ല. സാധാരണക്കാരൻ മാത്രമേ എന്റെ കൂടെയുണ്ടാകൂ. എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും റാലികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in