മധ്യപ്രദേശിൽ കോൺഗ്രസിന് വേണ്ടത് 75 ശതമാനം സ്ട്രൈക്ക് റേറ്റ്

മധ്യപ്രദേശിൽ കോൺഗ്രസിന് വേണ്ടത് 75 ശതമാനം സ്ട്രൈക്ക് റേറ്റ്

വിജയസാധ്യത ഏറ്റവും കുറഞ്ഞ വീക്ക് സീറ്റുകളായ 74 കഴിച്ചുള്ള 156 സീറ്റിൽനിന്ന് വേണം കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിനുവേണ്ട 116 സീറ്റിലെത്താൻ. അതേസമയം ബിജെപിക്ക് ഇത് 219 സീറ്റുകളിൽനിന്നാണ് വിജയിക്കേണ്ടത്

മധ്യപ്രദേശിൽ കോൺഗ്രസ് ഭരണമാണ് ഇക്കുറി മിക്ക അഭിപ്രായ സർവേകളും ചൂണ്ടിക്കാട്ടുന്നത്. 18 വർഷത്തോളം സംസ്ഥാനം ഭരിച്ച ശിവരാജ് സിങ് ചൗഹാൻ സർക്കാരിനോടുള്ള ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തമാണെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ ജനത്തിന്റെ വിധിയെഴുത്ത് അനുകൂലമായിട്ടും ജ്യോതിരാദിത്യ സിന്ധ്യ കാലുവാരിയതോടെയാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്. കഴിഞ്ഞ തവണത്തേതിൽനിന്ന് വ്യത്യസ്തമായി ഇത്തവണ പാർട്ടിക്കകത്ത് അധികാരമോഹികൾ ഇല്ലെന്നത് കോൺഗ്രസിന് ആശ്വാസം പകരുന്നുണ്ട്. കമൽ നാഥിന് പിന്നിൽ ഒറ്റക്കെട്ടായിതന്നെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് പൊട്ടിത്തെറികളുണ്ടായെങ്കിലും ചിലമണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റി ഒരുപരിധിവരെ പിണക്കങ്ങൾ ഇല്ലാതാക്കി. എന്നിരുന്നാലും വലിയ കടമ്പകൾ തന്നെ ഭരണം നേടാൻ കോൺഗ്രസിന് ചാടിക്കടക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ 230 മണ്ഡലങ്ങളിൽ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഒരിക്കൽ പോലും വിജയിക്കാത്ത 74 മണ്ഡലങ്ങളാണുള്ളത്. അതേസമയം ബിജെപിക്ക് 11 മണ്ഡലങ്ങളിൽ മാത്രമാണ് 2008 മുതലിങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകളിൽ ഒരുതവണ പോലും വിജയിക്കാനാവാതെ പോയത്

തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളെ അപേക്ഷിച്ച് മധ്യപ്രദേശിൽ കോൺഗ്രസിന് സ്ട്രോങ് സീറ്റുകളെന്ന് പറയാൻ അധികമില്ല. അതേസമയം ബിജെപിക്കാവട്ടെ സംസ്ഥാനത്ത് സ്ട്രോങ് സീറ്റുകൾ നിരവധിയുണ്ട് താനും. സംസ്ഥാനത്തെ 230 മണ്ഡലങ്ങളിൽ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഒരിക്കൽ പോലും വിജയിക്കാത്ത 74 മണ്ഡലങ്ങളാണുള്ളത്. അതേസമയം ബിജെപിക്ക് 11 മണ്ഡലങ്ങളിൽ മാത്രമാണ് 2008 മുതലിങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകളിൽ ഒരുതവണ പോലും വിജയിക്കാനാവാതെ പോയത്.  സംസ്ഥാനത്ത് മൊത്തം പത്ത് മണ്ഡലങ്ങൾ മാത്രമാണ് കോൺഗ്രസിന് സ്ട്രോങ്ങെന്ന് അവകാശപ്പെടാനാവുന്നത്. അതേസമയം ബിജെപിക്ക് ഇത് 58 എണ്ണമാണ്. ഈ 58 ഇടത്തും വലിയ ഭൂരിപക്ഷത്തിലാണ് ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചുകയറിയത്. കഴിഞ്ഞ മൂന്നിൽ രണ്ട് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ച 68 മണ്ഡലങ്ങളും ബിജെപി വിജയിച്ച 82 മണ്ഡലങ്ങളുമുണ്ട്. അതേസമയം ഒരു തവണ മാത്രം വിജയിച്ച സീറ്റുകളുടെ എണ്ണത്തിൽ ഇരു പാർട്ടികളും ഒപ്പത്തിനൊപ്പമാണ്. കോൺഗ്രസ് 78 മണ്ഡലങ്ങളിൽ ഒരുതിരഞ്ഞെടുപ്പ് മാത്രം വിജയിച്ചപ്പോൾ ബിജെപിക്ക് ഇത് 79 ആണ്.

മധ്യപ്രദേശിൽ കോൺഗ്രസിന് വേണ്ടത് 75 ശതമാനം സ്ട്രൈക്ക് റേറ്റ്
'അതിരുകടന്ന' ശിവജി; തെലങ്കാനയിലെ ബിജെപിയുടെ പ്രതിമ രാഷ്ട്രീയത്തിനുപിന്നിൽ

കോൺഗ്രസിന്റെ വീക്ക് സീറ്റുകളിൽ ഭൂരിഭാഗവും ബാഗൽകന്ദ്, ഭോപ്പാൽ, മാൽവ മേഖലകളിലാണ്. 126 സീറ്റുകളാണ് ഈ മേഖലകളിൽ ഉള്ളത്. ബിജെപിയുടെ 55 ശതമാനം സ്ട്രോങ് സീറ്റുകളും സ്ഥിതിചെയ്യുന്ന ഈ മേഖലകളിൽ കോൺഗ്രസിന് ഒരു മേഖലയിലും മേധാവിത്വം അവകാശപ്പെടാനില്ല. രണ്ട് സീറ്റ് മാത്രമാണ് ഈ മൂന്ന് മേഖലകളിലായി കോൺഗ്രസ് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും വിജയിച്ച് കയറിയത്. അതേസമയം മേഖലയിലെ 43 മണ്ഡലങ്ങളെയും ബിജെപി പ്രതിനിധികളാണ് സഭയിൽ പ്രതിനിധീകരിച്ചത്.

കഴിഞ്ഞതവണത്തേത് പോലെ ബിജെപിയുമായി ഒരു ഫോട്ടോഫിനിഷിലേക്കാണ് ഇത്തവണയും കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ കോൺഗ്രസിന് ഇക്കാര്യത്തിൽ ഖേദിക്കേണ്ടിവരും

വിജയസാധ്യത ഏറ്റവും കുറഞ്ഞ വീക്ക് സീറ്റുകളായ 74 കഴിച്ചുള്ള 156 സീറ്റിൽനിന്ന് വേണം കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിനുവേണ്ട 116 സീറ്റിലെത്താൻ. അതേസമയം ബിജെപിക്ക് ഇത് 219 സീറ്റുകളിൽനിന്നാണ് വിജയിക്കേണ്ടത്. അതായത് കോൺഗ്രസിന് 75 ശതമാനം സ്ട്രൈക്ക് റേറ്റ് ആവശ്യമുള്ളപ്പോൾ ബിജെപിക്ക് ഇത് 53 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ 64 സ്വിങ് മണ്ഡലങ്ങളിലാണ് കോൺഗ്രസ് കണ്ണുവയ്ക്കുന്നത്. കഴിഞ്ഞതവണ ഇവയിൽ ഭൂരിഭാഗവും പിന്തുണച്ചുവെന്നത് കോൺഗ്രസിന് പ്രതീക്ഷകൾക്ക് വകനൽകുന്നതാണ്. 2018 സ്വിങ് സീറ്റുകളിൽ കോൺഗ്രസ് 41 ഇടത്ത് ജയിച്ചപ്പോൾ ബിജെപിക്കൊപ്പം പോയത് 20 മണ്ഡലങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 138 സീറ്റുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയവർ തമ്മിലുള്ള വോട്ട് വ്യത്യാസം പത്ത് ശതമാനത്തിൽ താഴെയായിരുന്നു. ഇതിൽ 73 സീറ്റുകളിലെ വിജയം നിർണയിക്കപ്പെട്ടത് അഞ്ച് ശതമാനത്തിൽ താഴെ വോട്ടിനും. പോൾ ചെയ്തതിന്റെ 20 ശതമാനത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സഭയിലെത്തിയത് 29 ഇടത്ത് മാത്രമായിരുന്നു.

ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളെ ചേർത്ത് രൂപീകരിച്ച ഇന്ത്യ മുന്നണിയിലെ പ്രതിസന്ധി കോൺഗ്രസിന് മധ്യപ്രദേശിൽ തലവേദനയാകും

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.13 ശതമാനമാണ്. ഇതിനെ മറികടന്ന് വിജയം കൈവരിക്കാൻ ബിജെപി വോട്ടുകൾ ഭിന്നിക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളെ ചേർത്ത് രൂപീകരിച്ച ഇന്ത്യ മുന്നണിയിലെ പ്രതിസന്ധി കോൺഗ്രസിന് മധ്യപ്രദേശിൽ തലവേദനയാകും. പ്രത്യേകിച്ച് എഎപിയും എസ് പിയുമെല്ലാം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനമെടുത്ത സാഹചര്യത്തിൽ. മധ്യപ്രദേശിലെ സീറ്റ് വിഭജനത്തെച്ചൊല്ലി തെറ്റിപ്പിരിഞ്ഞ കോൺഗ്രസിനെതിരെ കടുത്തഭാഷയിലാണ് സമാജ് വാദി പാർട്ടി അധ്യക്ഷൻ പ്രതികരിച്ചത്. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന ഗ്വാളിയോർ - ചമ്പൽ, ബാഗേൽഖണ്ഡ് മേഖലകളിൽ എസ് പിക്ക് ശക്തമായ സ്വാധീനമുണ്ട്. കോൺഗ്രസിന്റെ 19 സിറ്റിങ് സിറ്റീലടക്കം എസ് പി സ്ഥാനാർഥിയെ നിർത്തിയത് തീർച്ചയായും കോൺഗ്രസിന്റെ സാധ്യതകളിലാണ് വിള്ളൽ വീഴ്ത്തുക.  

മധ്യപ്രദേശിൽ കോൺഗ്രസിന് വേണ്ടത് 75 ശതമാനം സ്ട്രൈക്ക് റേറ്റ്
മൂന്നാമൂഴം ചന്ദ്രശേഖറാവുവിന് അന്യമോ? തെലങ്കാനയില്‍ 'കര്‍ണാടക' പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

ബിജെപിക്ക് വലിയ മേധാവിത്വമുള്ള ബാഗേൽഖണ്ഡ് മേഖലയിൽ 2018 ൽ ബിജെപി 4.6 ശതമാനം വോട്ടും 22 സീറ്റും കോൺഗ്രസിനേക്കാൾ കൂടുതലായി നേടിയിരുന്നു. ഗോത്രവിഭാഗക്കാരും പിന്നാക്ക വിഭാഗക്കാരും നിർണായക ശക്തികളാകുന്ന മേഖലയിൽ എസ് പിക്ക് പുറമെ ബിഎസ് പിക്കും സ്വാധീനമുണ്ട്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലാത്ത ബി എസ് പി ഇത്തവണ ഗോത്രവർഗ പാർട്ടിയായ ജിജിപിയുമായി സഖ്യമായാണ് മത്സരിക്കുന്നത്. എസ് പിയും ബിഎസ് പിയും ചെറുകക്ഷികളും ബാഗൽഖണ്ഡ്, ഗ്വാളിയോർ - ചമ്പൽ മേഖലകളിൽ ഏത് പാർട്ടിയുടെയും സാധ്യതകൾ തല്ലിക്കെടുത്താനുള്ള സ്വാധീനമുള്ളവയാണ്. ചമ്പൽ - ഗ്വാളിയോർ മേഖല പാർട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രമാണ്. 2018 ൽ കോൺഗ്രസ് 26 സീറ്റ് നേടിയ ചമ്പൽ - ഗ്വാളിയോർ മേഖല ജ്യോതിരാദിത്യ സിന്ധ്യയേക്കാൾ കോൺഗ്രസിനൊപ്പമാണ് തെളിയിക്കേണ്ട ബാധ്യതകൂടി ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിനൊപ്പം സഖ്യത്തിലുണ്ടായിരുന്ന ജെയ് ആദിവാസി യുവ ശക്തി പാർട്ടി ഇത്തവണ സഖ്യംവെടിഞ്ഞ് ഒറ്റക്ക് മത്സരിക്കുന്നുവെന്നതും ഗോത്രമേഖലയിൽ കോൺഗ്രസിന് തലവേദനയാകും. ഇതിനെല്ലാം പുറമെ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിൻറെ ആസാദ് സമാജ് പാർട്ടിയും മത്സരരംഗത്തുണ്ട്. 35 പട്ടികജാതി സംവരണ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ആസാദും സംഘവും പിടിക്കുന്ന വോട്ടുകളും വിജയപരാജയത്തിൽ നിർണായകമാവും.

തനിച്ചും ചെറുസഖ്യങ്ങളുമായി മത്സരിക്കുന്ന ചെറുപാർട്ടികളെയും എസ് പി, ബിഎസ് പി, എഎപി പോലുള്ള പാർട്ടികളും തങ്ങൾക്ക് ഭീഷണിയല്ലെന്നാണ്  കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞതവണത്തേത് പോലെ ബിജെപിയുമായി ഒരു ഫോട്ടോഫിനിഷിലേക്കാണ് ഇത്തവണയും കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ കോൺഗ്രസിന് ഇക്കാര്യത്തിൽ ഖേദിക്കേണ്ടിവരും. പ്രത്യേകിച്ചും കഴിഞ്ഞ മേയർ തിരഞ്ഞെടുപ്പിൽ എഎപി അടക്കമുള്ള പാർട്ടികൾ നടത്തിയ മുന്നേറ്റം കൂടി കണക്കിലെടുക്കുമ്പോൾ.

logo
The Fourth
www.thefourthnews.in