മാവോയിസ്റ്റ് ബന്ധം: കോബഡ് ഗാന്ധിയുടെ ആത്മകഥയുടെ വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം പിന്‍വലിച്ച് മഹാരാഷ്ട്ര
കമ്മ്യൂണിസ്റ്റ് ആക്ടിവിസ്റ്റ് കോബഡ് ഗാന്ധിയുടെ ആത്മകഥയുടെ വിവര്‍ത്തനത്തിന് പ്രഖ്യാപിച്ച യശ്വന്ത്‌റാവു ചവാന്‍ സാഹിത്യ പുരസ്‌കാരം മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കോബഡ് ഗാന്ധിയുടെ മാവോവാദി ബന്ധം ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഏക്‌നാഥ് ഷിന്‍ഡേ - ബിജെപി സര്‍ക്കാരിന്റെ തീരുമാനം. കോബഡ് ഗാന്ധിയെ പുരസ്‌കാരത്തിന് തിരെഞ്ഞെടുത്ത അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയും പിരിച്ചു വിട്ടു.
മാവോവാദി ബന്ധം ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനം ഉയര്‍ന്നതോടെയാണ് പുരസ്‌കാരം പിന്‍വലിക്കാനുള്ള മഹാരാഷ്ട്രാ സര്‍ക്കാരിന്റെ തീരുമാനം.
ഒരു ദശാബ്ദക്കാലം ജയിലില്‍ ചിലവഴിച്ച കോബഡ് ഗാന്ധിയുടെ അനുഭവങ്ങളാണ് 'ഫ്രാക്ച്വര്‍ഡ് ഫ്രീഡം: എ പ്രിസണ്‍' എന്ന പുസ്തകത്തില്‍ പറയുന്നത്. കൃതിയുടെ മറാത്തിയിലേക്ക് വിവർത്തനം ചെയ്ത അനഘ ലെലെക്ക് കഴിഞ്ഞ ആറിനാണ് മറാത്തി ഭാഷാ വകുപ്പ് യശ്വന്ത്‌റാവു ചവാന്‍ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപ അടങ്ങുന്നതാണ് പുരസ്കാരം. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ 12ന് കൃതിക്ക് പുരസ്‌കാരം നല്‍കാനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. കോബഡ് ഗാന്ധി ജയിലില്‍ നിന്ന് പുറത്തിറങ്ങി 18 മാസത്തിന് ശേഷമാണ് പുസ്തകം പുറത്തിറക്കിയത്.
നക്‌സലെെറ്റ് പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട വാചകങ്ങള്‍ അംഗീരിക്കാനാവില്ലെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍
നക്‌സലെെറ്റ് പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട വാചകങ്ങളും ഭരണഘടനയെ ചോദ്യം ചെയ്യുന്ന ആശയങ്ങളും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന വിശദീകരണത്തോടെയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പുരസ്കാരം പിന്‍വലിച്ചത്. പ്രഖ്യാപിച്ച അവാര്‍ഡ് റദ്ദാക്കേണ്ടി വന്നു എന്നത് ഗുരുതര വീഴ്ചയാണ്. യഥാര്‍ത്ഥത്തില്‍ ആ കൃതിയ്ക്ക് അവാര്‍ഡ് തന്നെ പ്രഖ്യാപിക്കാന്‍ പാടില്ലായിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽ മീഡിയ പ്രചാരണം സർക്കാരിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് കോബഡ് ഗാന്ധി
അതേസമയം സര്‍ക്കാരിന്‍റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. നടപടിക്കെതിരെ കോബഡ് ഗാന്ധിയും രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രചാരണം സർക്കാരിനെ സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു ഗാന്ധിയുടെ വിമര്‍ശനം. പുസ്തകത്തിന്‍റെ വിവര്‍ത്തകയായ അനഘ ലെലെയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
യുക്തിരഹിതമായ തീരുമാനം എന്നായിരുന്നു അനഘ ലെലെ നടത്തിയ പ്രതികരണം. സംസ്ഥാന അവാര്‍ഡ് റദ്ദാക്കുന്ന രണ്ടാമത്തെ കേസാണിത്. വിവര്‍ത്തനത്തിന്റെ യോഗ്യതയിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, മഹാരാഷ്ട്രാ സര്‍ക്കാരിന്‌റെ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ തെളിവാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇത് സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും നിയന്ത്രണമാണ്. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരിക്കലും ഇടപെടാന്‍ പാടില്ലാത്തതാണെന്നും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു.
എന്നാല്‍, കോബഡ് ഗാന്ധിയുടെ ആത്മകഥയെ തള്ളി നേരത്തെ സിപിഎം മാവോയിസ്റ്റ് രംഗത്തെത്തിയിരുന്നു. മാവോവാദി പ്രത്യയശാസ്ത്രത്തെ കോബഡ് ഗാന്ധി തള്ളിപ്പറഞ്ഞു എന്നും അദ്ദേഹം ആത്മീയതയോട് അടുക്കുന്നതിന്‍റെ സൂചനയാണെന്നുമായിരുന്നു സിപിഎം മാവോയിസ്റ്റിന്റെ നിലപാട്.
2009 സെപ്റ്റംബറിലാണ് മാവേയിസ്റ്റ് ബന്ധം ആരോപിച്ച് കോബഡ് ഗാന്ധിയെ അറസ്റ്റ് ചെയ്തത്. പിന്നീട് രാജ്യത്തെ വിവിധ ജയിലുകളില്‍ തടവില്‍ കഴിഞ്ഞ അദ്ദേഹം 2019ലാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന് ശേഷമാണ് പുസ്തകം രചിക്കുന്നത്.