''പരസ്പര വിശ്വാസം നമ്മളെ ശക്തരാക്കും", വിമര്‍ശനങ്ങള്‍ക്കിടെ മോദിയുമായി വേദിപങ്കിട്ട് ശരദ് പവാര്‍

''പരസ്പര വിശ്വാസം നമ്മളെ ശക്തരാക്കും", വിമര്‍ശനങ്ങള്‍ക്കിടെ മോദിയുമായി വേദിപങ്കിട്ട് ശരദ് പവാര്‍

പരിപാടിയുടെ തുടക്കത്തില്‍ മോദി ശരദ് പവാറിന് നമസ്‌കാരം പറഞ്ഞു . ഈ സമയത്ത് മോദിയുടെ തോളില്‍ തട്ടി ചിരിച്ചുകൊണ്ട് പവാര്‍ സൗഹൃദം പങ്കിട്ടു

പ്രതിപക്ഷ ഐക്യവും എന്‍ഡിഎ വിപുലീകരണവും സജീവ ചര്‍ച്ചയായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട് എന്‍സിപി നേതാവ് ശരദ് പവാര്‍. നീണ്ട ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരേ വേദി പങ്കിടുന്നത്. ലോകമാന്യ തിലക് സമാരക് മന്തിര്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇരുവരും ഒരേ വേദിയിലെത്തിയത്. പരിപാടിയുടെ തുടക്കത്തില്‍ മോദി ശരദ് പവാറിന് നമസ്‌കാരം പറഞ്ഞു. ഈ സമയത്ത് മോദിയുടെ തോളില്‍ തട്ടി ചിരിച്ചുകൊണ്ട് പവാര്‍ സൗഹൃദം പങ്കിട്ടു. ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം മോദിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ മുഖ്യ അതിഥിയായാണ് ശരദ് പവാര്‍.

''പരസ്പര വിശ്വാസം നമ്മളെ ശക്തരാക്കും", വിമര്‍ശനങ്ങള്‍ക്കിടെ മോദിയുമായി വേദിപങ്കിട്ട് ശരദ് പവാര്‍
'ഇന്ത്യ'യുടെ പ്രതിച്ഛായ തകരും; പ്രതിപക്ഷസഖ്യം ശക്തമാകുമ്പോൾ മോദിക്കൊപ്പം വേദി പങ്കിടാൻ ശരദ് പവാർ, എതിർപ്പുമായി നേതാക്കൾ

ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മോദി - പവാര്‍ കൂടിക്കാഴ്ചയ്ക്ക് വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത്. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം തള്ളിയാണ് ശരദ് പവാര്‍ മോദിക്കൊപ്പം വേദിയിലെത്തിയത്. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത കൂടിക്കാഴ്ച മുംബൈയില്‍ ചേരാനിരിക്കെ 'ഇന്ത്യ'യ്ക്ക് നിരാശ സമ്മാനിക്കുന്ന നീക്കങ്ങളാണ് ശരദ് പവാറില്‍ നിന്നും ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിശാല പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത കൂടിക്കാഴ്ച മുംബൈയില്‍ ചേരാനിരിക്കെ 'ഇന്ത്യ'യ്ക്ക് നിരാശ സമ്മാനിക്കുന്ന നീക്കങ്ങള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ബിജെപിയുടെ ,ദേവേന്ദ്ര ഫഡ്നാവിസ്,എന്‍സിപി പിളര്‍ന്ന് ബിജെപിയുമായി കൈകോര്‍ത്ത ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാറും വേദിയിലുണ്ടായിരുന്നു. ''അവിശ്വാസം നിറഞ്ഞ അന്തരീക്ഷത്തില്‍ വികസനം അസാധ്യമാണ് .പരസ്പര വിശ്വാസം നമ്മളെ ശക്തരാക്കുമെന്ന് മോദി പറഞ്ഞു. യുവാക്കളുടെ വ്യത്യസ്ത കഴിവുകള്‍ മനസിലാക്കിയെടുക്കാന്‍ ലോക മാന്യ തിലകിന് പ്രത്യേക കഴിവായിരുന്നു, സവര്‍ക്കറും അങ്ങനെയായിരുന്നു. മോദി പറഞ്ഞു.

ചടങ്ങില്‍ ശരദ്പവാര്‍ ലോകമാന്യ തിലകിനെ പ്രകീര്‍ത്തിക്കുകയും ചെയ്തു. പത്രപ്രവര്‍ത്തനത്തില്‍ സമര്‍ദം ചെലുത്തരുതെന്നും മാധ്യമപ്രവര്‍ത്തകര്‍ സമ്മര്‍ദത്തിലാകരുതെന്ന് തിലക് പറയാറുണ്ടായിരുന്നുവെന്നായിരുന്നു ശരദ് പവാര്‍ പറഞ്ഞത്.

കോണ്‍ഗ്രസും ശിവസേന ഉദ്ദവ് താക്കറെ പക്ഷവും പരിപാടി ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രധാനമന്ത്രി ക്ഷണിച്ച പരിപാടി ആയതുകൊണ്ട് ഒഴിവാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പവാര്‍ പങ്കെടുക്കുകയായിരുന്നു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനെങ്കിലും അദ്ദേഹത്തിന് ചടങ്ങില്‍ നിന്ന് പങ്കെടുക്കാതിരിക്കാമായിരുന്നെന്നാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം. '' എന്‍സിപി അഴിമതി നടത്തിയെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു, പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തില്‍ ചെളിവാരിയെറിഞ്ഞു. എന്നിട്ടും ശരദ് പവാര്‍ മോദിയെ സ്വാഗതം ചെയ്യുന്നു. ചിലര്‍ക്കത് അത്ര നന്നായി തോന്നിയിട്ടില്ല. ആളുകള്‍ക്കിടയില്‍ അദ്ദേഹത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ശരദ് പവാറിന് ഇതൊരു നല്ല അവസരമായിരുന്നു'' ഉദ്ധവ് താക്കറെ ശിവസേന മുഖപത്രമായ സാമ്നയില്‍ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാമെന്നാണ് ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്റെ പദ്ധതി. പവാര്‍ അടക്കമാണ് ഇക്കാര്യം തീരുമാനിച്ചത്. മുംബൈയില്‍ പ്രതിപക്ഷ യോഗം നടക്കാനിരിക്കുകയാണ്. അതിനിടെയാണ് എല്ലാവരെയും അമ്പരപ്പിച്ച് ശരദ് പവാര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്.

logo
The Fourth
www.thefourthnews.in